രൂപവും കോലവും മാറി നാളികേരം; ഇനി സൗന്ദര്യവർധക ഉൽപന്നം; സന്യാസി പൂച്ചയെ വളർത്തിയതുപോലെയെന്ന് ധനേഷ്!
Mail This Article
സന്യാസി പൂച്ചയെ വളർത്തിയതുപോലെയാണ് തന്റെ ഉൽപന്നങ്ങളുടെ കഥയെന്നു ധനേഷ്. എലിശല്യം ചെറുക്കാനാണ് സന്യാസി പൂച്ചയെ വാങ്ങിയത്. പൂച്ചയ്ക്കുള്ള പാലിനായി പശുവിനെ വാങ്ങി. പശുവിനു വൈക്കോലിനായി നെൽകൃഷി തുടങ്ങി. ധാന്യം സൂക്ഷിക്കാൻ വീടു പണിതു. എന്തു പറയേണ്ടൂ, കൃഷിയും വീടുമൊക്കെ പരിപാലിക്കാൻ സഹായത്തിനു വിവാഹം കഴിച്ചു, കുടുംബമായി, കുട്ടികളായി. അങ്ങനെയങ്ങനെ സന്യാസി ഗൃഹസ്ഥാശ്രമിയായി. വെന്ത വെളിച്ചെണ്ണയിൽ തുടങ്ങിയ തന്റെ നാളികേരോൽപന്നങ്ങളുടെ എണ്ണം ഇന്നു പത്തോളമെത്തിച്ചത് ഉപഭോക്താക്കളുടെ നിരന്തര ആവശ്യങ്ങളാണെന്നു കോഴിക്കാട് തളി സ്വദേശി ധനേഷ് പറയുന്നു.
പാരമ്പര്യച്ചിട്ടയിൽ, വെള്ളോടിന്റെ വാർപ്പിൽ നാളികേരപ്പാൽ വറ്റിച്ചുണ്ടാക്കിയ വെന്ത വെളിച്ചെണ്ണയുമായി ‘പ്രകൃതി’ ബ്രാൻഡിൽ വിപണിയിലിറങ്ങിയ ധനേഷിന് ഇപ്പോൾ വർഷം ഒരു കോടി രൂപയിലേറെയാണ് വിറ്റുവരവ്. ഔഷധഗുണങ്ങളേറെയുള്ള വെന്ത വെളിച്ചെണ്ണ കുഞ്ഞുങ്ങളെ തേച്ചു കുളിപ്പിക്കാനാണല്ലോ മുൻപ് മുഖ്യമായും ഉപയോഗിച്ചിരുന്നത്. പാരമ്പര്യത്തനിമയുള്ള വെന്ത വെളിച്ചെണ്ണയ്ക്ക് ഇന്നും പ്രിയമുണ്ടാകും എന്നുറപ്പിച്ചാണ് ധനേഷ് രംഗത്തിറങ്ങിയത്. കോഴിക്കോടിന്റെ തീരപ്രദേശങ്ങളിൽ വിളയുന്ന നല്ല നാളികേരത്തിന്റെ പാലിൽനിന്നു തയാറാക്കുന്ന ഈ വെന്ത വെളിച്ചെണ്ണ അഥവാ വിർജിൻ കോക്കനട്ട് ഓയിലിന്റെ ഗുണമേന്മ ഇഷ്ടപ്പെട്ട സ്ത്രീകൾ തന്നെയാണ് ഇതേ എണ്ണ കൊണ്ടു ഹെയർ ഓയിൽ ഉണ്ടാക്കാന്‍ പറഞ്ഞതെന്നു ധനേഷ്.
വെന്ത വെളിച്ചെണ്ണയിൽ നീലയമരി ഉൾപ്പെടെ 21 ഔഷധങ്ങൾ കൂടി ചേർത്തുണ്ടാക്കിയ ഹെയർ ഓയിൽ എത്തിച്ചപ്പോൾ തേച്ചുകുളിക്കാൻ പ്രകൃതിദത്ത ഉൽപന്നം കൂടി വേണമെന്നായി സ്ഥിരം ഉപഭോക്താക്കളിൽ ചിലര്‍. വെന്ത വെളിച്ചെണ്ണയുടെ കൽക്കനും ചെറുപയറുമെല്ലാം ചേർത്തൊരു പൊടിയുണ്ടാക്കി. പൊടിക്കു പകരം സോപ്പു രൂപത്തിൽ കിട്ടിയാൽ കൊള്ളാമെന്നു പറഞ്ഞവർക്കായി അതും ഉണ്ടാക്കി.
പല്ലു തേക്കാൻ പ്രകൃതിദത്ത ഉൽപന്നം ചോദിച്ചവർക്കു ചാർക്കോൾ അഥവാ ചിരട്ടക്കരിയും കർപ്പൂരം, ഗ്രാമ്പൂ, കുരുമുളക് എന്നിവയും ചേർത്തു ദന്തചൂർണം, കുളിയും പല്ലുതേപ്പും കഴിഞ്ഞെത്തുമ്പോൾ അൽപം ലിപ്സ്റ്റിക്കാകാം എന്നു ചിന്തിച്ചവർക്കു നാടൻപശുവിന്റെ പാലിൽനിന്നുള്ള നെയ്യും തേൻമെഴുകും വെന്ത വെളിച്ചെണ്ണയും പ്രകൃതിദത്ത നിറങ്ങളും ചേർത്ത് ലിപ് ബാം എന്നിവയും നല്‍കി. പാചകത്തിന് നല്ല നാടൻ വെളിച്ചെണ്ണ ആവശ്യപ്പെട്ടവർക്ക് ‘സുതപ്ത’ എന്ന പേരിൽ ഗുണനിലവാരമേറിയ വെളിച്ചെണ്ണയും വിപണിയിലെത്തിച്ചു.
ധൃതി പിടിച്ച് ഒരുൽപന്നം തയാറാക്കാനോ വിപണിയിലെ ഏതിരാളികളെക്കുറിച്ചോർത്തു വേവലാതിപ്പെടാനോ ഈ യുവാവ് ഒരുക്കമല്ല. തളിക്ഷേത്രത്തോടു ചേർന്നു ‘പ്രകൃതി നാളികേരോൽപന്നങ്ങൾ’ ക്രമീക രിച്ചിരിക്കുന്ന ‘എക്സ്പീരിയൻസ് സെന്റർ’ പോലും വളരെ ചെറിയൊരു മുറിയാണ്. ഉൽപന്നങ്ങളത്രയും വിൽക്കുന്നതു സ്ഥിരം ഉപഭോക്താക്കൾക്കും അവർ പറഞ്ഞറിഞ്ഞു വരുന്നവർക്കും മാത്രം. ഈ സ്ഥിരം ഉപഭോക്താക്കളുടെ കരുത്തിൽ വളര്‍ച്ചസ്ഥിരത നേടുകയാണ് സംരംഭം. ആരോഗ്യസംരംഭങ്ങളുടെ വളർ ച്ച അങ്ങനെയേ ആകാവൂ എന്നു ധനേഷ് പറയുന്നു. 75% ഉൽപന്നങ്ങളും വിൽക്കുന്നത് കേരളത്തിലാണ്. ബാക്കി പോകുന്നത് ഇതര നാടുകളിലെ മലയാളികളിലേക്ക്. ഗുണമേന്മയുള്ള ആരോഗ്യ ഉൽപന്നങ്ങൾ വില നോക്കാതെ വാങ്ങാനാളുണ്ടെന്നു ധനേഷ്. കർഷകരും സംരംഭകരും കൈകോർത്താൽ നമ്മുടെ നാടിന്റെ പാരമ്പര്യ ഉൽപന്നങ്ങൾക്ക് വിശാലമായ വിപണിസാധ്യത ഉറപ്പെന്നും ഈ സംരംഭകൻ പറയുന്നു.
ഫോൺ: 9072888828, 9037999929