ADVERTISEMENT

‘മുസല്യാര്‍ കിങ് - ഡികൊളോണിയല്‍ ഹിസ്‌റ്റോറിയോഗ്രാഫി-മലബാര്‍ റസിസ്റ്റന്‍സ്’ (2024) എന്ന, ബ്ലൂസ്ബറി പ്രസിദ്ധീകരിച്ച, ഡോ. അബ്ബാസ് പനക്കലിന്റെ ഈ മോണോഗ്രാഫ് വായനക്കാർക്കു പരിചയപ്പെടുത്തുന്നതില്‍ വലിയ സന്തോഷമുണ്ട്. ചരിത്രഗവേഷകൻ എന്ന നിലയിൽ അബ്ബാസ് പനക്കൽ വളർന്നുവരുന്നത് കാല്‍ നൂറ്റാണ്ടു കാലം അടുത്തുനിന്നും ദൂരത്തുനിന്നും കണ്ട ഒരു ചരിത്രകാരനെന്ന നിലയിൽ ഈ പരിചയപ്പെടുത്തലിൽ വ്യക്തിപരമായ സന്തോഷം കൂടിയുണ്ട്.

കൊളോണിയല്‍ ഭരണത്തിന്റെ അടിത്തറ ആയുധവും അധികാരവും മാത്രമല്ല, സാംസ്‌കാരികവും ചരിത്രരചനാപരവുമായ അതിന്റെ മേധാവിത്വം കൂടിയാണ്. അതിനാല്‍ സ്വാതന്ത്ര്യം നേടുമ്പോഴും അതിനു ശേഷവും, അധീനവൽ‌ക്കരിക്കപ്പെട്ട രാജ്യം മുന്‍കാലത്തു രചിക്കപ്പെട്ട ചരിത്രം അപനിര്‍മിക്കേണ്ടതുണ്ട്. അത്തരം ഒരു ജൈവപ്രക്രിയയാണ് ഈ ചരിത്രകാരന്‍ നിര്‍വഹിച്ചിട്ടുള്ളത്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാല്‍നൂറ്റാണ്ടുകാലം, 1921 ല്‍ ഒന്നാം ലോകമഹായുദ്ധത്തില്‍ വിജയം വരിച്ച ഇന്ത്യന്‍ ഭരണാധികാരികള്‍ അഥവാ ബ്രിട്ടിഷ് രാജ് മലബാര്‍ പ്രവിശ്യയില്‍ തങ്ങളുടെ ആധിപത്യത്തിനു നേരെ ഉയര്‍ന്നുവന്ന ഏറ്റവും വലിയ കലാപം, സമരം, എതിര്‍പ്പ് എന്നെല്ലാം വ്യവഹരിക്കപ്പെട്ട സായുധ മുന്നേറ്റത്തിന്റെ ചരിത്ര നിര്‍മിതിയില്‍ സ്വീകരിച്ച തന്ത്രങ്ങളെയാണ് ഈ ചരിത്രകാരന്‍ അവരുടെ രേഖകളും തദ്ദേശീയമായ പടപ്പാട്ടുകളും കത്തുകളും ഡയറികളും എല്ലാം പുനഃപരിശോധന നടത്തി അപനിര്‍മിക്കുന്നത്.

ജയിംസ് മില്ലും മെക്കാളെയും എഴുതിയ ഇന്ത്യാ ചരിത്രത്തെ കോളനിവൽക്കരണത്തിന്റെ ആയുര്‍രേഖയെന്ന പേരില്‍ അന്നു തന്നെ യൂറോപ്യന്‍ ഓറിയന്റലിസ്റ്റുകള്‍ പുനഃപരിശോധിച്ചിരുന്നു. ഇന്നുള്ള ജനാധിപത്യ ഭരണകൂടവും അവരുടെ പ്രതീക്ഷനിര്‍ഭരിതമായ (വോട്ടുകള്‍ക്ക് വേണ്ടി) ഹൈന്ദവവല്‍ക്കരണവും മുസ്‌ലിം ഭരണകാലത്തെ നിരാകരിക്കലും പ്രായോഗികമായി സ്വീകരിച്ചിരിക്കുകയാണ്. നമ്മള്‍ (we) അവര്‍ (they) എന്നീ വിഭജനം ചരിത്രരചനയുടെ പുതിയ രീതിശാസ്ത്രമായി അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.

ഡോ. അബ്ബാസിന്റെ പഠനം മലബാര്‍ സമരത്തെപ്പറ്റി മാത്രമല്ല, മലബാറില്‍ പോര്‍ച്ചുഗീസ് ആഗമനത്തിനു ശേഷമുള്ള അധിനിവേശ വിരുദ്ധ സമരങ്ങളുടെ പഠനവും അതിന്റെ പുതിയ കണ്ടെത്തലുകളുടെ ആവിഷ്‌കരണവും ചരിത്രരചനയിലെ കോളനിവല്‍ക്കരണത്തിന്റെയും കള്‍ച്ചറല്‍ ഇംപീരിയലിസത്തിന്റെയും അപനിര്‍മിതിയും കൂടിയാണ്.

ചരിത്രരചന എങ്ങനെ നടക്കുന്നുവെന്നതിന്റെ ഒരുദാഹരണം ഉദ്ധരിക്കട്ടെ. ഞാന്‍ വിസി ആയിരിക്കെ, അന്നത്തെ പ്രതിരോധ മന്ത്രിയും അഡ്മിറല്‍ സുശീല്‍ കുമാറും മറ്റുമായി ബന്ധപ്പെട്ട് കാലിക്കറ്റ് സർവകലാശാലയ്ക്ക് ഒരു മാരിടൈം ചെയര്‍ ലഭിച്ചു. അതു പ്രസിദ്ധീകരിച്ച ഒരു ഗ്രന്ഥം മരക്കാരുടെ ഹിറ്റ് ആന്‍ഡ് റണ്‍ തുടങ്ങിയ സ്ട്രാറ്റജികളെ പ്രതിപാദിക്കുന്നതിനു പകരം, പോര്‍ച്ചുഗീസുകാര്‍ ആവര്‍ത്തിച്ചിരുന്നവിധം മരക്കാന്മാരെ കടല്‍ക്കൊള്ളക്കാര്‍ (പൈററ്റ്‌സ്) എന്നു വിശേഷിപ്പിച്ചപ്പോള്‍ 'വെളുക്കാന്‍ തേച്ച് പാണ്ഡായി' എന്ന നാടന്‍ പഴമൊഴി ഓര്‍ത്തുപോയി.

ഒരു ഫ്രഞ്ച് മാഗസിനില്‍ ക്യാപ്റ്റൻ ഹാരി എഴുതിയ ലേഖനത്തോടൊപ്പം കൊടുത്ത ചിത്രത്തില്‍ ആലി മുസല്യാരുടെ കൂടെ വാരിയന്‍ കുന്നത്തു കുഞ്ഞഹമ്മദ് ഹാജി നിൽക്കുന്നതായുള്ള തെറ്റായ ചിത്രീകരണവും മറ്റു തെറ്റായ വസ്തുതകളും വാര്‍ത്തകളുമാണ് കൊളോണിയല്‍ ചരിത്രത്തിന്റെ രീതി. മമ്പുറം പള്ളിയിലെ വെടിവയ്പിനെ ന്യായീകരിക്കുവാന്‍ യാതൊരു സാധ്യതയുമില്ലാത്ത സ്ഥിതിയില്‍, അതിനെ ന്യായീകരിക്കുവാനാണ് ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് തോമസും പൊലീസ് മേധാവി ഹിച്ച്‌കോക്കും മറ്റും എഴുതിവിട്ടിരുന്ന റിപ്പോര്‍ട്ടുകള്‍.

ഇതേവിധം ഒരു പ്രാദേശിക സംഭവമായി കരുതിവന്ന, നിലമ്പൂര്‍ കോവിലകം തിരുമുല്‍പ്പാടും കാര്യസ്ഥനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കിയതിനു ശേഷവും, അവര്‍ കോവിലകം പള്ളിയാക്കാന്‍ വന്നവരായിരുന്നുവെന്നു ചിത്രീകരിക്കപ്പെട്ടു.

അതുപോലെ 1855 ല്‍ നടന്ന കലക്ടര്‍ കൊനോലി വധവും ആയുധനിരോധനവും പോലുള്ള സംഭവങ്ങളെ ചിത്രീകരിക്കാതെ, 'മുസ്ലീം ആയ സോണ്‍' എന്ന നിലയില്‍ ഫനറ്റിക്, ട്രൈബല്‍ തുടങ്ങിയ വിശേഷണങ്ങള്‍ വഴി ചിത്രീകരിക്കുന്നു. ഭൂമിസംബന്ധമായ സമരങ്ങളെയും മറ്റും സ്‌ട്രെയിഞ്ച് ഔട്ബ്രേക്ക്‌സ്' എന്നു വിശേഷിപ്പിച്ചു. പണിയായുധങ്ങളെ മാരക ആയുധങ്ങളെന്നു സൂചിപ്പിച്ചു നിരോധിച്ചു മാപ്പിളമാരെ ബ്രിട്ടിഷ് രേഖകള്‍ 'ഫനറ്റിക്' മതഭ്രാന്തര്‍ എന്നാണ് എഴുതുന്നത്.

അതുപോലെ കൊളോണിയല്‍ ഭരണത്തിനു കീഴടങ്ങാത്ത ഒരു സ്പിരിച്ച്വല്‍ അധികാരം അവരെ മമ്പുറം തങ്ങളുമായി ബന്ധപ്പെടുത്തിയ കാര്യം ഭരണാധികാരികള്‍ മനസ്സിലാക്കിയിരുന്നില്ല. ഫസലിനെ ആരുമറിയാതെ നാടുകടത്തിയതിലുള്ള വിദ്വേഷമായിരുന്നു. വധത്തിന്റെ കാരണമെന്നു കൊളോണിയല്‍ മാദ്ധ്യമങ്ങള്‍ പ്രധാനകാരണമായി വ്യാഖ്യാനിച്ചില്ല. മിസിസ്സ് കൊണോലിയെ വെറുതെവിട്ട കൊലയാളികളുടെ ചീത്തവൃത്തി ഭരണാധികാരികളോടായിരുന്നുവെന്നു സൂചിപ്പിച്ചില്ല. പിന്നീടു നടത്തിയ കൂട്ടുപിഴയിടലില്‍ പാവപ്പെട്ടവരും ഇരകളായി. മാപ്പിളമാരായതാണ് കാരണം.

മൂന്നോ നാലോ പോര്‍ച്ചൂഗീസ് അധിനിവേശ സ്ഥലങ്ങളെ അവരുടെ ചരിത്രകാരന്മാര്‍ പോര്‍ച്ചുഗീസ് സാമ്രാജ്യം എന്നു വിശേഷിപ്പിക്കുന്നു. ഏഷ്യയുടെ ചരിത്രത്തില്‍ അവരുടെ ആഗമനത്തെ കെ.എം. പണിക്കര്‍ ഗാമാ എപ്പോക്കു എന്നു പറയുന്നതും യൂറോ സെന്‍ട്രിക് ചരിത്രരചനയാണ്.

ഡോ. അബ്ബാസിന്റെ ഈ പഠനം നമ്മളിന്നും കൊളോണിയല്‍ ചരിത്രരചനയുടെ സ്വാധീനത്തില്‍നിന്നു മോചിതരായിട്ടില്ലെന്നു കാണിക്കുന്നു. ടുപ്പു സുല്‍ത്താനാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണം. ബ്രിട്ടിഷ് രാജുമായി സഹകരിച്ചവരുടെ പിൻഗാമികൾ എംപിമാരാണ്. അതിനെതിരെ പടവെട്ടിയവരുടെ തലമുറകള്‍ റിക്ഷ വലിക്കുന്നു. ചരിത്രഗ്രന്ഥങ്ങളില്‍ അവര്‍ വിമര്‍ശിക്കപ്പെടുന്നു. വിഭിന്ന മതാവലംബികള്‍ ഒരു സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായി മലബാറില്‍ കൊളോണിയല്‍ പശ്ചാത്തലത്തില്‍ ജീവിച്ചുകൊണ്ട് അതിനെതിരെ പടയൊരുക്കിയതു പോലും മതങ്ങള്‍ക്കിടയിലെ സ്പര്‍ദ്ധയായി വിവരിക്കപ്പെടുന്നു. ഡോ. അബ്ബാസിന്റെ രചനാ ശൈലിയും രേഖകളുടെ സമ്പൂര്‍ണമായ ഉദ്ധരണവും പഠനഗ്രന്ഥങ്ങളുടെ സമഗ്രസൂചികയും പണ്ഡിതന്മാര്‍ ഈ ഗ്രന്ഥത്തെ പ്രത്യേകം വിലയിരുത്തിയതും എല്ലാം ഈ പഠനത്തെ അമൂല്യമാക്കുന്നു.

English Summary:

"Musaliyar King": Unveiling the Truth Behind the 1921 Malabar Uprising

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com