ADVERTISEMENT

യജിക്കുക എന്ന സംസ്കൃത പദത്തിൽ നിന്നുണ്ടായ യാഗം അഥവാ യജ്‌ഞം എന്ന പദം ഉണ്ടായത്. ആരാധിക്കുക, പൂജിക്കുക എന്നതാണ് അർഥം. നമ്പൂതിരി സമുദായത്തിൽ ഒരു കാലത്തുണ്ടായിരുന്ന ഒട്ടേറെ അനാചാരങ്ങളെ കുറിച്ചെഴുതിയ കെ.ബി. ശ്രീദേവിയുടെ നോവലിന്റെ പേരും അതാണ് "യജ്‌ഞം". ചെറുപ്രായത്തിലേ വിധവയാവുക, അതിനു ശേഷം ആ സ്ത്രീ അനുഷ്ടിക്കേണ്ടി വരുന്ന ആചാരങ്ങൾ, അവൾക്കുണ്ടാകുന്ന ദുരിതങ്ങൾ, ഇതെല്ലാമായിരുന്നു യജ്ഞത്തിന്റെ കഥ തന്തു. 1974 ല്‍ കുങ്കുമം അവാര്‍ഡ് ലഭിച്ച യജ്‌ഞം ഒരുപാട് ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഉറക്കെ സംസാരിക്കുന്നതുപോലും അത്രയൊന്നും പരിചയമില്ലാത്ത ഒരു സമൂഹത്തിലേക്കാണ് കെ.ബി. ശ്രീദേവി ശക്തമായ ഒരു നോവൽ കൊണ്ട് വിപ്ലവം രചിച്ചത്.

ഇപ്പോൾ ഇരുപത്തിയഞ്ച് വർഷങ്ങൾക്കു ശേഷം എഴുത്തുകാരിയുടെ ചെറുമകൾ തന്നെ നോവലിന് ഒരു തിരക്കഥയൊരുക്കി അതിന് അഭ്രപാളികളിൽ ജീവൻ നൽകിയിരിക്കുന്നു. ഇപ്പോൾ കോഴിക്കോട് താമസിക്കുന്ന രഞ്ജന കെ. ആണ് "യജ്‌ഞം" എന്ന പേരിൽ കെ.ബി. ശ്രീദേവിയുടെ നോവൽ നാല്പത്തിയഞ്ച് മിനുറ്റുള്ള ചിത്രമാക്കിയത്. കഴിഞ്ഞ ദിവസം തൃശൂർ വച്ചായിരുന്നു ചിത്രത്തിന്റെ പ്രദർശനം. വൈറ്റ് ബെൽ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ശരത് ദാസ്, ബാബു നമ്പൂതിരി എന്നിവർക്കൊപ്പം സുമിത്ര സുനിൽ, സച്ചിൻ നെട്ടത്ത്, കെ.എം. നീരദ എന്നിവർ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ശ്രീവത്സൻ ജെ. മേനോൻ സിനിമയ്ക്ക് സംഗീതം നൽകി. മുത്തശ്ശിയെ കുറിച്ചും നോവലിനെ കുറിച്ചും തന്റെ സിനിമയെ കുറിച്ചും രഞ്ജന സംസാരിക്കുന്നു.–

പ്രശസ്ത എഴുത്തുകാരിയുടെ പ്രശസ്ത നോവൽ. എപ്പോഴാണ് അതിൽ സിനിമ കണ്ടെത്തിയത്? 

yanjam-1

മുത്തശ്ശിയെ ഞാൻ ആച്ചി എന്നാണ് വിളിക്കുക. മുത്തശ്ശി നിരവധി നോവലുകൾ എഴുതിയിട്ടുണ്ട്, അതിലേറ്റവും ചർച്ച ചെയ്യപ്പെട്ടത് "യജ്‌ഞം" തന്നെയാണ്. ഇപ്പോഴത്തെ സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് തുല്യമായ കുങ്കുമം പുരസ്‌കാരം നേടിയിരുന്നു ആ കൃതി. എഴുപതുകളിൽ എഴുതപ്പെട്ട നോവലായതുകൊണ്ട് തന്നെ ആ വിഷയം ആളുകൾക്ക് അത്ര അപരിചിതമല്ല. നമ്മൾ കുറിയേടത്തു താത്രിയെ കുറിച്ചൊക്കെ വായിക്കുകയും കേൾക്കുകയും കാണുകയും ഒക്കെ ചെയ്തിട്ടുണ്ട്. ഇന്നത്തെ യുവതലമുറയ്ക്ക് തന്നെ അത്തരം അനാചാരങ്ങളെ കുറിച്ച് അറിയാം. അങ്ങനെയുള്ള ഒരു കഥയാണ് യജ്‌ഞം. ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഈ നോവൽ വായിക്കുന്നത്. അന്നത്തെ ആ പ്രായത്തിൽ ആ നോവൽ വല്ലാതെ സ്വാധീനിക്കുകയും ചെയ്തിരുന്നു. അതിരില്ലാത്ത മോഹങ്ങളുടെ പ്രായവുമാണല്ലോ അത്. പൂത്തുലഞ്ഞു നിൽക്കുന്ന ഒരു കൗമാരക്കാരിയായിരുന്നു യജ്ഞത്തിലെ നായിക നങ്ങേമ. അതുകൊണ്ടാവണം ആ നോവലിലെ പല വാചകങ്ങളും കഥയും എല്ലാം ഇഷ്ടപ്പെട്ടു. നങ്ങേമയുടെ മനസ്സ് എന്താണോ അതാണ് ആ പ്രായത്തിലെ ഞാൻ. 

ഡിഗ്രിക്ക് വിഷ്വൽ മീഡിയ ആയിരുന്നു പഠിച്ചത്. അന്നേ സിനിമ എന്ന മീഡിയത്തിനോട് താൽപ്പര്യമുണ്ട്. സിനിമയിലെ സാങ്കേതിക വശങ്ങളെ പലപ്പോഴും അന്നേ ശ്രദ്ധിച്ചിട്ടുണ്ട്. യജ്ഞം അന്നേ മനസ്സിൽ തൊട്ടതുകൊണ്ട് പഠനത്തിനു വേണ്ടി ഒരു പ്രൊജക്റ്റ് ഏറ്റെടുക്കേണ്ടി വന്നപ്പോഴും യജ്ഞമാണ് ഞാൻ തിരഞ്ഞെടുത്തത്. പഠന ആവശ്യത്തിനു വേണ്ടി അഞ്ചു മിനുറ്റ് ഉള്ള ഒരു ഡോക്യുഫിക്ഷൻ ആയാണ് ചെയ്തത്. 

ആ പ്രോജക്ട് എനിക്കു തന്നെ പ്രചോദനമായിരുന്നു. പിന്നീട് അതൊരു ഹൈക്കു ഹോർട്ടി ഫിലിമിന് അയച്ചും കൊടുത്തിരുന്നു. അതവിടെ പ്രദർശിക്കപ്പെട്ടിരുന്നു. അതിനു ശേഷം സിനിമയിൽ നിന്ന് ഓഫർ ഒക്കെ ലഭിച്ചിരുന്നു, പക്ഷേ കൂടുതൽ ജീവിതത്തിൽ ശ്രദ്ധിച്ചതുകൊണ്ട് പോകാനായില്ല. പിന്നീട് വിവാഹത്തിനു ശേഷം മകൻ ഉണ്ടായതിനു ശേഷമാണ് യജ്‌ഞം ഒരു സിനിമ ആക്കാനുള്ള പരിപാടികൾ ആരംഭിക്കുന്നത്. ഒരു ഫിലിം ഫെസ്റ്റിവലിനു വേണ്ടി പഴയ ഡോക്യൂ ഫിക്ഷൻ ഒന്നുകൂടി പൊടി തട്ടിയെടുത്തു, പക്ഷേ പിന്നീട് അതങ്ങനെ തന്നെ വച്ച് അതൊരു ഷോർട്ട് ഫിലിം ആക്കാൻ തീരുമാനിച്ചു, അതിനുള്ള തിരക്കഥയും എഴുതി എന്നാൽ വലിയൊരു നോവലാണ്, അതിനെ എത്രമാത്രം ക്രീയേറ്റീവ് ആയി ഒരു ചെറിയ പ്രതലത്തിൽ ഒതുക്കാനാകും. അങ്ങനെ തിരക്കഥ വികസിച്ച്, ഒടുവിലാണ് അൻപത് മിനിറ്റുള്ള ഒരു ഷോർട്ട് ഫീച്ചർ ഫിലിമായി അത് മാറിയത്. യജ്‌ഞം ഒരിക്കൽ വായിച്ചപ്പോൾ മനസ്സിൽ തട്ടിയ ആ അനുഭവം അതുതന്നെയാണ് ഇങ്ങനെ ഒക്കെ എന്നെ കൊണ്ട് ചെയ്യിപ്പിച്ചതും. 

യജ്‌ഞം പോലെയൊരു നോവൽ സിനിമയായപ്പോൾ ഉണ്ടായിരുന്ന ത്രില്ലും വെല്ലുവിളിയും?

ഒരു നോവൽ ഷോർട്ട് ഫിലിമിന്റെ ക്യാൻവാസിൽ വരുമ്പോൾ ഒരുപാട് പരിമിതികളുണ്ട്. ഒന്നാമത് വലിയ ക്യാൻവാസ് ഒരിക്കലൂം ഷോർട്ട് ഫിലിമിൽ ലഭിക്കില്ല. ചിലതൊന്നും എടുക്കാനും എന്നാൽ ചിലത് തള്ളാനും സാധിക്കില്ല. അങ്ങനെ വന്നപ്പോൾ എന്താണ് നോവലിന്റെ പ്രധാന കഥാതന്തു എന്നതാണ് ശ്രദ്ധിച്ചത്. ഇത്തരത്തിലുള്ള ഒരു ജോലി ചെയ്യുമ്പോൾ ആ വിഷയം ആളുകളോട് എന്താണ് സംസാരിക്കാൻ ആഗ്രഹിക്കുന്നത്? എന്താണ് അതിന്റെ രാഷ്ട്രീയം? ഇതൊക്കെയാണ് എനിക്ക് കാണിക്കേണ്ടിയിരുന്നത്. സ്ക്രിപ്റ്റ് എഴുതാൻ ഒറ്റയ്ക്ക് ഒരു ഭയം തോന്നി. അങ്ങനെയാണ് വിജേഷ് സ്ക്രിപ്റ്റിന്റെ ഭാഗമാകുന്നത്. നോവലിന്റെ കഥയിലേക്ക് വരുമ്പോൾ ഭ്രഷ്ടാക്കപ്പെട്ട ഒരു മനുഷ്യനെ കുറിച്ചാണ്. ഭ്രഷ്ടാക്കപ്പെട്ട ശേഷം അതിനു വിധേയനാക്കപ്പെട്ട ആളുടെ അവസ്ഥ, അയാളുടെ കുടുംബം അനുഭവിക്കേണ്ടി വന്ന കാര്യങ്ങൾ അതൊക്കെയാണ് നോവൽ പറയുന്നത്. അത് മനസ്സിലായപ്പോൾ ആ തന്തു വച്ച് തിരക്കഥ തയാറാക്കി. പക്ഷേ കഥ നടക്കുന്ന കാലം, കഥാപാത്രമായ സാവിത്രിയുടെ എരിയുന്ന ഹൃദയത്തെ പകർത്തുന്നത് എങ്ങനെയെന്ന ചോദ്യം, ഇതെല്ലാം വെല്ലുവിളിയായിരുന്നു. എഴുപതുകളിലെ വസ്ത്രധാരണം, വീടുകളുടെ ശൈലി, എല്ലാം ഉൾക്കൊള്ളിക്കണം. കുറെ ഞങ്ങൾക്ക് കോമ്പ്രമൈസ് ചെയ്യേണ്ടി വന്നു, പക്ഷേ അതിലെ കഥയുടെ തന്തു മാത്രമാണ് ആളുകളുമായി സംവദിക്കണമെന്ന് ഞാൻ ആഗ്രഹിച്ചത്. അതുകൊണ്ട് തന്നെ മുക്കാൽ ശതമാനവും ഞാൻ സന്തോഷത്തിലാണ്. 

നിർമ്മാതാവിനെ ലഭിക്കാൻ തീർച്ചയായും ബുദ്ധിമുട്ടുണ്ടായിരുന്നു, ഒടുവിൽ ജനകീയമായ ഒരു ഫണ്ടിങ് വഴിയാണ് സിനിമ പൂർത്തിയായത്. അത്തരം ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതുകൊണ്ടാണ് പലപ്പോഴും കോംപ്രമൈസ് ചെയ്യേണ്ടി വന്നതു പോലും. പിന്നെ അഭിനയിച്ചതൊക്കെയും ബന്ധുക്കളൊക്കെ ആയിരുന്നു എന്നാൽ അവരെല്ലാം ഏറെ മികച്ചതാക്കി. കാരണം എല്ലാവർക്കും അനുഭവമുള്ള അന്തരീക്ഷം, നോവൽ വായിച്ചതിന്റെ അനുഭവം എല്ലാം പ്രയോജനപ്പെട്ടു. മികച്ച അഭിനേതാക്കളും കൂടെ പ്രവർത്തിച്ചവരും ഉള്ളതുകൊണ്ടാണ് പല വെല്ലുവിളിയിലും ഈ പ്രൊജക്റ്റ് എനിക്ക് തീർക്കാനായത്. 

നോവലിലെ ഏത് ഘടകമാണ് ഹൃദയത്തിൽ കൊരുത്തത്.?

yanjam-2

ഒരു കുളക്കടവിൽ വച്ച് അമ്മയും മകളും തമ്മിലൊരു സംഭാഷണമുണ്ട്. ഭ്രഷ്ടാക്കപ്പെട്ട കുടുംബത്തിലെ അമ്മയും മകളുമാണ് അവർ. – അമ്മ മകളെ തൊട്ടാൽ കുളിക്കണം. ഭ്രഷ്ട് ആക്കപ്പെട്ട അച്ഛൻ തറവാട്ടിൽ നിന്ന് പോയി. അയാൾ ഭ്രഷ്ടാക്കപ്പെട്ട സമയത്ത് അയാളുടെ ഭാര്യ ഗർഭിണിയാണ്. അതുകൊണ്ട് കുട്ടി ജനിച്ചപ്പോൾ ആ ഭ്രഷ്ട് കുട്ടിയുടെ തലയിലും സമൂഹം വച്ചുകെട്ടിക്കൊടുത്തു. എന്നാൽ അയാളുടെ ഭാര്യയ്ക്ക് ഭ്രഷ്ടില്ല. 

മറ്റു കുട്ടികൾ ഈ കുട്ടിയുടെ കൂടെ കളിക്കാൻ കൂടില്ല, ആരും തൊടാൻ പാടില്ല. കുട്ടിക്ക് പാല് കൊടുത്താൽ പോലും അമ്മ പോയി കുളിക്കണം. ഒരു അമ്മക്ക് മകളെ തൊടാതിരിക്കാൻ പറ്റുമോ? പക്ഷേ ഓരോ തവണ തൊട്ടു കഴിഞ്ഞാലും ശുദ്ധം നഷ്ടപ്പെട്ട അമ്മ പോയി കുളിക്കണം. കുളിക്കടവിൽ വച്ച് മകൾ അമ്മയോട് ചോദിക്കുന്ന ചോദ്യങ്ങൾ പൊള്ളിച്ചിട്ടുണ്ട്. അതെന്നെ വല്ലാതെ മുറിവേൽപ്പിച്ചു. അവർ തമ്മിൽ നടക്കുന്ന സംഭാഷണങ്ങൾ– എല്ലാവർക്കും ചോറ് കൊടുത്ത ശേഷം മാത്രം എനിക്ക് ചോറ് തരുന്നത് എന്തുകൊണ്ടാണ്?, തന്റെ അച്ഛൻ എവിടെയാണ്, എപ്പോഴാണ് അദ്ദേഹം വരിക? എന്നൊക്കെ മകൾ ചോദിക്കുന്നുണ്ട്

"ഇങ്ങനെയൊന്നും പറയരുത് കുട്ടി, എല്ലാം യോഗമാണെന്ന് വിചാരിച്ചോളൂ" എന്ന രീതിയിൽ ഒന്നും മറികടക്കാൻ ശ്രമിക്കാതെ എല്ലാത്തിനെയും സഹിക്കുന്ന ഒരു സ്ത്രീയാണ്. പക്ഷേ, പുതിയ തലമുറയിലെ പെൺകുട്ടിയാണ് സാവിത്രി. അവൾ അതിൽ നിന്നും പുറത്ത് കടക്കാൻ ശ്രമിക്കുന്നു. യുവാവായ അവളുടെ സുഹൃത്ത് വിപ്ലവകാരിയാണ്. അയാളാണ് അവളെ അച്ഛനെ കണ്ടെത്താനൊക്കെ സഹായിക്കുന്നത്. 

പട്ടാമ്പിയിൽ വച്ചായിരുന്നു ഷൂട്ടിങ്. കുളക്കടവിൽ വച്ച് ഈ സീൻ ചിത്രീകരിക്കുമ്പോൾ അത്രമാത്രം ഹൃദയത്തിൽ തട്ടിയ അനുഭവം ആയതുകൊണ്ട് യാതൊരു വിധ കോംപ്രമൈസിനും ഞാൻ തയാറായിരുന്നില്ല. ആദ്യം ചെയ്തത് ശരിയായില്ല, മറ്റൊരു ദിവസം വച്ച് തന്നെ ആ സീൻ വീണ്ടും ഷൂട്ട് ചെയ്തു, അമ്മയും മകളും തമ്മിലുള്ള ആ വൈകാരിക നിമിഷങ്ങളാണ് ഈ സിനിമയുടെ ഏറ്റവും പ്രധാന ഹൃദയം എന്ന് ഞാൻ കരുതുന്നു. 

സിനിമ എന്ന ആഗ്രഹം എന്നുമുതൽ തുടങ്ങിയതാണ്?

ചെറുപ്പം മുതൽ തന്നെ സിനിമ ഇഷ്ടാണ്. എത്ര തവണ കണ്ടതാണെങ്കിലും കാണും. എന്നാൽ കാണാത്ത സിനിമകളാണ് അധികവും. കുട്ടിക്കാലത്തൊക്കെ നമുക്ക് സിനിമ ഇഷ്ടമാണെങ്കിലും അമ്മയൊക്കെ വഴക്കു പറയും, സിനിമ കണ്ടിരിക്കാനൊന്നും സമ്മതിക്കാറില്ല. അന്നൊക്കെ മാതാപിതാക്കൾക്ക് പഠനമാണല്ലോ വലുത്. എന്നാലും അന്നേ ഉള്ളിൽ ഇഷ്ടാണ്, സിനിമ ഹൃദയത്തിലുണ്ട്. പിന്നീട് പഠിക്കാൻ പോയപ്പോൾ തൃശൂരിൽ ബിഎ ഫങ്ഷണൽ ഇംഗ്ലിഷ് എടുത്തു. പിജിക്ക് വിഷ്വൽ കമ്മ്യൂണിക്കേഷൻ ചെയ്തു. പക്ഷേ പഠിച്ചതൊന്നുമല്ല പ്രാക്ടിക്കൽ വരുമ്പോൾ. സാങ്കേതികമായി കുറെ സഹായിക്കും എന്നല്ലാതെ തിയറി അല്ല പ്രാക്ടിക്കൽ. 

എന്റെ ആദ്യത്തെ സിനിമയാണ് യജ്‌ഞം. എന്റെ കൂടെ ഉണ്ടായിരുന്നവരിൽ പലരും നിരവധി സിനിമകളിൽ പ്രവർത്തിച്ചവരാണ്, അതുകൊണ്ട് അവരുടെ അറിവ് സഹായിച്ചു. എന്നാലും ഇത്തരം ഒരു ആർട്ട് പ്രൊജക്ടിൽ അവരും ആദ്യമായിരുന്നു, എന്നാലും അവരൊക്കെ എൻജോയ് ചെയ്തു തന്നെയാണ് പറഞ്ഞത്. ഒരാഴ്ച നീണ്ടു നിന്ന ഷൂട്ടിങ് ആയിരുന്നു. 2018  മെയിലായിരുന്നു ഷൂട്ടിങ്. ഒരു ഫാമിലി മൂഡിലായിരുന്നു ഷൂട്ടിങ് മുന്നോട്ടു പോയത്. അമ്മയും അച്ഛനും  ഭർത്താവും അദ്ദേഹത്തിന്റെ ഫാമിലിയും ഒക്കെ എനിക്ക് സപ്പോർട്ട് തന്നു. എന്റെ മകനാണ് ഏറ്റവുമധികം എനിക്കു വേണ്ടി ത്യാഗം ചെയ്തത്. അവൻ കുഞ്ഞാണ്, അവനെ അമ്മയുടെ അരികിൽ നിർത്തിയിട്ടാണ് എനിക്ക് ഷൂട്ടിങ്ങിനു വരേണ്ടി വന്നത്. പക്ഷേ കുടുംബം നന്നായി ഒപ്പം നിന്നു, അതുകൊണ്ടാണ് ഈ സിനിമ പുറത്തിറക്കാനായതുപോലും. 

എഴുത്തുകാരിയുടെ ചെറുമകൾ എന്ന നിലയിൽ മുത്തശ്ശിയെ വായിക്കുമ്പോഴും കേൾക്കുമ്പോഴും അറിയുമ്പോഴും ഉള്ള അനുഭവം.

ആച്ചിയെ കുറിച്ച് പറയാൻ ഞാൻ ആളല്ല. മുത്തശ്ശിയുടെ എല്ലാ പുസ്തകങ്ങളും ഞാൻ വായിച്ചിട്ടില്ല. ഒരുപക്ഷേ എന്നേക്കാൾ നന്നായി മുത്തശ്ശിയെ അറിയുന്ന വായനക്കാരുണ്ട്. സാഹിത്യത്തിൽ അടയാളപ്പെട്ട ഒരാളാണ് കെ.ബി. ശ്രീദേവി. അതെസമയം ഒരേതരം കഥകളാണ് ആച്ചിയുടേത്. നമ്മളൊക്കെ കണ്ടു പരിചയിച്ച അകത്തളങ്ങളിലെ, തറവാടുകളിലെ, അക്കാലത്തിന്റെ ഒക്കെ കഥകൾ. വിദ്യാഭ്യാസം പത്താം ക്ലാസ് വരെയായിരുന്നു. പിന്നെ സംഗീതം, സംസ്കൃതം എല്ലാം ആച്ചി പഠിച്ചിട്ടുണ്ട്. അത്രയും ചെറിയ പ്രായത്തിൽ എഴുതി തുടങ്ങിയ ഒരാൾ പ്രശസ്തയായില്ലെങ്കിലാണ് അതിശയം. ആദ്യ കഥ പതിമൂന്നാം വയസ്സിലാണ് എഴുതിയത്, ഒരു പക്ഷിയുടെ മരണത്തെ കുറിച്ചായിരുന്നു കഥ. വിവാഹത്തിനു ശേഷവും എഴുതാനുള്ള സപ്പോർട്ട് ആച്ചിയ്ക്ക് ലഭിച്ചിരുന്നു. എഴുതാനും വായിക്കാനും ഒക്കെ കഴിഞ്ഞു, അവസരവും ലഭിച്ചു. അത്രയ്ക്കും സപ്പോർട്ട് ഇല്ലാതെ അന്നത്തെ കാലത്ത് ഒന്നും ചെയ്യാനാകില്ലല്ലോ. കൊച്ചുമക്കളിൽ എന്നെയാണ് ആച്ചി ഏറ്റവുമധികം കാണുക. വെക്കേഷനിലാണ് കാണാൻ പോവുക, അപ്പോൾ കഥകൾ പറയും, സ്ഥിരമായി കത്തുകളെഴുതിയിരുന്നു. ഞാൻ നേരെയാവണേ എന്ന് എപ്പോഴും പ്രാർഥിച്ചുകൊണ്ടിരുന്ന ആളാണ്. ആ ഒരു അടുപ്പം കൊണ്ടു തന്നെയാവാം ആ നോവൽ തന്നെ സിനിമയാക്കാൻ എനിക്ക് തോന്നിയത്. 

പത്രപ്രവർത്തനത്തിൽ നിന്നും സംവിധായികയിലേക്കുള്ള ദൂരം? 

ഞാൻ ഓൺലൈൻ കണ്ടന്റ് എഴുത്തുകാരിയാണ്. ഫീച്ചർ എഴുതാറുണ്ട്. പത്രപ്രവർത്തനം എന്ന് പറയാനാവില്ല, അങ്ങനെ എനിക്ക് തോന്നിയിട്ടുമില്ല. ഫീച്ചർ എഴുതാൻ എനിക്കിഷ്ടമാണ്, എന്റെ എഴുത്തു രീതികൾക്ക് അതാണ് നന്നാവുക. എന്തായാലും ഈ ജോലി എന്നെ സഹായിക്കുന്നുമുണ്ട്. ഇപ്പോൾ കോഴിക്കോടാണ്. അത്ര വലിയ അനുഭവമൊന്നുമില്ല, ഒരു വർഷമേ ആയുള്ളൂ. ഓൺലൈൻ കണ്ടന്റ് എഴുത്തു തുടങ്ങിയിട്ട്. ഈ ജോലി തുടങ്ങും മുൻപ് തന്നെ ഷൂട്ടിങ് അവസാനിച്ചിരുന്നു. പിന്നീട് ഇടയ്ക്ക് ലീവ് എടുത്തു വന്നു പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ തീർക്കുകയായിരുന്നു. 

മലയാള സിനിമയിൽ കൂടുതൽ സംവിധായികമാർ കടന്നു വരുന്നു. എങ്ങനെ ഉണ്ട്  മലയാളം സിനിമ?

സ്ത്രീ സംവിധായികമാർ ഒരുപാട് പേരുണ്ട്. സംഘടനകൾ പോലുമുണ്ട്. സ്ത്രീ സംവിധായികമാർക്കായി സർക്കാർ ഫണ്ട് ചെയ്യുന്നു പോലുമുണ്ട്. സിനിമ സുരക്ഷിതമാണെന്നാണ് എനിക്കു തോന്നിയത്. നമ്മളെ നോക്കാൻ നമുക്കറിയാം, നമ്മളുടെ ആറ്റിറ്റ്യൂഡ് അനുസരിച്ചാണ് മുന്നോട്ടുള്ള പോക്ക്. സ്ത്രീ-പുരുഷൻ, എന്നിങ്ങനെ വേർതിരിവൊന്നുമില്ലാത്ത ഒരു സിനിമാക്കാലം വരണം. രണ്ടു വിഭാഗത്തിനും ഗുണങ്ങളും ദോഷങ്ങളുമുണ്ട്, അവർ എങ്ങനെയാണോ അവരോടു അങ്ങനെ പെരുമാറുക. സ്ത്രീ സംവിധായികമാർ വരുക എന്നതു തന്നെ വിപ്ലവമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com