ആളെ മാറ്റും മായാജാലം; ‘പുസ്തക മാന്ത്രികനെ’പ്പറ്റി മുതുകാട്
Mail This Article
വായന ഒരു മാജിക് ആണ്. ഒരു വ്യക്തിയുടെ ചിന്തകളെ, പ്രവൃത്തികളെ, ജീവിതത്തെത്തന്നെ മാറ്റിമറിക്കാൻ കഴിവുള്ള മാജിക്. ഓരോ പുസ്തകവും ഒരു മാന്ത്രികപ്പെട്ടിയാണ്, ആദ്യതാൾ മറിച്ച് അതിനുള്ളിൽ കയറുന്ന നിങ്ങളാവില്ല അവസാന താൾ മറിച്ച് പുറത്തിറങ്ങുന്നത്. മായാജാലങ്ങൾ കൊണ്ട് നമ്മെ വിസ്മയിപ്പിച്ച മാന്ത്രികൻ ഗോപിനാഥ് മുതുകാട് തന്റെ വായനാ അനുഭവങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.
അച്ഛൻ ഉള്ളിൽ നട്ട വായനാശീലം
മലപ്പുറം ജില്ലയിലെ കവളമുക്കട്ട എന്ന ഗ്രാമത്തിലാണ് ജനിച്ചു വളർന്നത്. അച്ഛൻ ഒരു സാധാരണ കർഷകനായിരുന്നു. ഔപചാരിക വിദ്യാഭ്യാസമോ അധികം എഴുത്തോ വായനയോ ഒന്നും ഇല്ലായിരുന്നെങ്കിലും വായനയെ ഒരുപാട് പ്രോത്സാഹിപ്പിക്കുന്ന ആളായിരുന്നു അദ്ദേഹം. അച്ഛനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേർന്ന് കവളമുക്കട്ടയിൽ വിശ്വപ്രഭ എന്നൊരു വായനശാല തുടങ്ങി. ‘എനിക്ക് അങ്ങനെ പഠിക്കാനും വായിക്കാനുമുള്ള അവസരങ്ങൾ ഉണ്ടായിട്ടില്ല, പക്ഷേ നിങ്ങൾ അങ്ങനെയാകരുത്, വായിച്ചു വേണം വളരാൻ’ എന്നു പറഞ്ഞ് അച്ഛൻ ഞങ്ങളുടെ വായനയെ നിരന്തരം പ്രോത്സാഹിപ്പിക്കുമായിരുന്നു. അക്കാലത്താണ് വായിച്ചു തുടങ്ങുന്നത്.
സ്കൂൾ വിട്ട് വരുമ്പോൾ വായനശാലയിൽനിന്ന് പുസ്തകം എടുക്കും. കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്റ്റീവ് നോവലുകളും മറ്റുമായിരുന്നു അന്ന് കൂടുതൽ ഇഷ്ടം. കോളജ് കാലമായപ്പോഴേയ്ക്കും അഭിരുചികൾ മാറി. കൂടുതൽ ഗൗരവമായി വായനയെ കാണാൻ തുടങ്ങി.
ദിവസവും വായിക്കുന്ന ആളാണ് ഞാൻ. രാത്രി കിടക്കുന്നതിനു മുമ്പ് കുറച്ചെങ്കിലും നിർബന്ധമായും വായിച്ചിരിക്കും. വെറുതെ വായിക്കുന്നതുകൊണ്ട് പ്രയോജനമില്ല. മനസ്സിരുത്തി വായിക്കണം. ഞാൻ സാധാരണ ചെയ്യാറുള്ളത്, രാത്രി വായിച്ച കാര്യങ്ങൾ രാവിലെ എഴുന്നേറ്റ് ഒന്നു കൂടി ഓർത്തു നോക്കും. എന്റെ ചിന്തകളെ സ്വാധീനിക്കാൻ സാധ്യതയുള്ള പുസ്തകങ്ങളാണ് ഇപ്പോൾ കൂടുതലും തിരഞ്ഞെടുക്കുന്നത്.
വായന ചിന്തകളെ സ്വാധീനിക്കും
എപ്പോഴും, ഏതു യാത്രയിലും ഒരു പുസ്തകം ഞാൻ കരുതാറുണ്ട്. ഓഷോയുടെ ‘അഗ്നി സമാനമായ വചനങ്ങൾ’ എന്ന പുസ്തകമാണ് ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്നത്. ബൈബിളിനെ ആസ്പദമാക്കിയുള്ള ഒരു പുസ്തകമാണിത്. ബൈബിൾ വായിച്ചപ്പോൾ തോന്നിയ ചിന്തകളുടെ പുനർ വായന, ഈ പുസ്തകം മുന്നോട്ടു വയ്ക്കുന്ന വ്യാഖ്യാനങ്ങൾ, നമ്മൾ ശരിയെന്നു കരുതിയിരുന്ന ചില കാര്യങ്ങളുടെ പൊളിച്ചെഴുത്തുകൾ ഒക്കെ ഈ പുസ്തകം വായിക്കുമ്പോൾ ഉള്ളിൽ നടക്കുന്നു.
നമ്മുടെ ചിന്തകളെ സ്വാധീനിക്കാൻ വായനയ്ക്കെന്ന പോലെ മറ്റൊന്നിനും കഴിയില്ല എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ചിലപ്പോൾ, വായനയ്ക്കിടെ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാറുണ്ട്. ചിലപ്പോൾ പൊട്ടിച്ചിരിക്കാറുണ്ട്. അക്ഷരങ്ങൾക്ക് എത്രമാത്രം നമ്മളെ സ്വാധീനിക്കാൻ കഴിവുണ്ട് എന്നതിന്റെ തെളിവാണിത്. ഈ സുഖം നമുക്ക് മറ്റൊരിടത്തുനിന്നും കിട്ടണമെന്നില്ല. പുസ്തകത്തിന്റെ ഗന്ധമറിഞ്ഞ്, താളുകൾ മറിച്ചു തന്നെ വായിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. വായിക്കുമ്പോൾ വാക്കുകളായല്ല, വരികളായല്ല, ചിത്രങ്ങളായി വായിക്കുക. വായിച്ചറിഞ്ഞതിന്റെ ഒരു ചിത്രമായിരിക്കണം നമ്മുടെ മനസ്സിൽ ഉണ്ടാകേണ്ടത്.
മോട്ടിവേഷൻ പ്രോഗ്രാമുകൾക്കു പോകുമ്പോൾ ഒരിക്കലും ഞാൻ മുൻകൂട്ടി ഒരുങ്ങാറില്ല. ഓരോ ഇടത്തും ചെല്ലുമ്പോൾ അവിടുത്തെ സന്ദര്‍ഭത്തിനനുസരിച്ചുള്ള കാര്യങ്ങൾ അവതരിപ്പിക്കാറാണ് പതിവ്. അതിന് എന്നെ സഹായിക്കുന്നത് വായനാശീലമാണ്. പലപ്പോഴായി വായിച്ച ആശയങ്ങൾ, ചിന്തകൾ ഒക്കെ ഓരോ സന്ദർഭത്തിന് അനുസരിച്ച് എടുത്തുപയോഗിക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്.
വായിച്ചു തുടങ്ങുന്നവരോട്...
ദിവസവും ഉറങ്ങുന്നതിനു മുൻപ് കുറച്ചെങ്കിലും വായിക്കണം എന്നാണ് എനിക്കു കുട്ടികളോട് പറയാനുള്ളത്. നിങ്ങൾക്ക് ഉറക്കം വരുന്നുണ്ടാകും, ക്ഷീണം ഉണ്ടാകും, എങ്കിലും ഈ ശീലത്തിൽനിന്ന് മാറരുത്. ഒരു താളെങ്കിലും വായിച്ചിട്ടേ ഉറങ്ങാവൂ. അതിന് പാഠപുസ്തകമല്ലാത്ത ഏതു പുസ്തകം വേണമെങ്കിലും തിരഞ്ഞെടുക്കാം. ഉറങ്ങുന്നതിനു മുൻപ് എന്നു പറയാൻ കാരണം, നമ്മൾ അവസാനം ചെയ്യുന്ന കാര്യങ്ങൾ ബ്രയിൻ തരം തിരിച്ച് ശേഖരിച്ചു വയ്ക്കുന്നു. അത് ഓർമയിൽ എവിടെയെങ്കിലും തങ്ങി നിൽക്കും. അതുപോലെതന്നെ പല അനുഭവങ്ങൾ സമ്മാനിച്ച ഒരു ദിവസം അവസാനിക്കാൻ പോകുകയാണ്, അപ്പോൾ നല്ലതല്ലാത്ത ഓർമകളും ചിന്തകളും ഒന്നും മനസ്സിൽ ഉണ്ടാകാതെയിരിക്കാൻ ഈ വായന നമ്മെ സഹായിക്കും. രാവിലെ എഴുന്നേൽക്കുമ്പോൾ തലേ ദിവസം വായിച്ചത് എന്തെന്ന് വെറുതേ ഓർത്തു നോക്കുക. ഇത് ഒരു ശീലമാക്കിയാൽ മതി, പിന്നെ നിങ്ങളുടെ വ്യക്തിത്വത്തിൽ, സ്വഭാവത്തിൽ, സമീപനത്തിൽ ഒക്കെ നിരവധി മാറ്റങ്ങൾ അനുഭവപ്പെട്ടു തുടങ്ങും.
എഴുത്തിനോടുള്ള ആത്മബന്ധം എഴുത്തുകാരോടും
എഴുത്തുകാരോട് എനിക്ക് എപ്പോഴും ആരാധന കലർന്ന ബഹുമാനമാണ്. ഒരു മാജിക് ഞാൻ സ്റ്റേജിൽ അവതരിപ്പിക്കുമ്പോൾ അതിനെനിക്ക് സപ്പോർട്ടീവ് കലാകാരന്മാരുണ്ട്. അതിനുള്ള ഉപകരണം തയാറാക്കുന്ന ആൾ, സംഗീതം തയാറാക്കുന്ന ആൾ അങ്ങനെയങ്ങനെ... എന്നാൽ എഴുത്തുകാർ അങ്ങനെയല്ല. അവർ ഒറ്റയ്ക്ക് ചിന്തിച്ച് പ്രയത്നിച്ച് അക്ഷരങ്ങൾ കൊണ്ട് ഒരു മാജിക് നമുക്കുവേണ്ടി ഒരുക്കുന്നു.
ഞാൻ തിരുവനന്തപുരത്തേക്കു മാറാൻ കാരണം മലയാറ്റൂർ രാമകൃഷ്ണൻ എന്ന എഴുത്തുകാരനാണ്. അദ്ദേഹത്തെ ഞാൻ പരിചയപ്പെടാൻ കാരണം ചെമ്മനം ചാക്കോ എന്ന കവി ആണ്. മാജിക് അക്കാദമിയുടെ മുൻ രക്ഷാധികരി ഒഎൻവി ആണ്. എഴുത്തുകാരുമായുള്ള ബന്ധം അത്രയേറെ മൂല്യവത്തായാണ് ഞാൻ കാണുന്നത്.
മായാജാലമായി മാറിയ പുസ്തകങ്ങൾ
നിരവധി കൃതികൾ മാജിക് ആയി വേദിയിൽ അവതരിപ്പിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. എം. മുകുന്ദന്റെ ദൈവത്തിന്റെ വികൃതികൾ, അക്ബർ കക്കട്ടിലിന്റെ മാജിക് എന്ന കഥ, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ നിന്ന് സ്വാതിതിരുനാളും കൈപ്പുഴ തമ്പാനും തമ്മിലുള്ള ഒരു സംഭാഷണ രംഗം ഒക്കെ മാജിക് രൂപത്തിൽ വേദിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ടി. പത്മനാഭന് ജന്മദിന സമ്മാനമായി ‘ഒടുവിലത്തെ പാട്ട്’ എന്ന കൃതിയിൽനിന്ന് ഒരു ഭാഗം മാജിക് രൂപത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മതിലുകൾ’ എന്ന കൃതിയിൽനിന്ന് ഒരു ഭാഗം കൊല്ലം കസബ ജയലിൽ അവതരിപ്പിക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. അങ്ങനെ പല പല കൃതികളും മാജിക്കിലേക്ക് കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്.
English Summary: Magician Gopinath Muthukad on his book reading habit