ADVERTISEMENT

ഇ.എം.ഫോസ്റ്റർ എഴുതിയ ഒരു ലേഖനം ഒരിക്കൽ ഞാൻ വായിക്കാനിടയായി. പാർട്ട്-ടൈമായി ജോലി നോക്കുന്ന വിദ്യാർഥികളെക്കുറിച്ചായിരുന്നു അദ്ദേഹം എഴുതിയിരുന്നത്.  കുട്ടികൾ സ്കൂളിലേക്ക് പോകുമ്പോൾ നിശ്ചിത സ്ഥലങ്ങളിൽ അന്നത്തെ ന്യൂസ് പേപ്പർകെട്ട് വിതരണത്തിനായി വയ്ക്കും. അടുത്ത് പണമിടാനായി ഒരു ബോക്സും. ന്യൂസ് പേപ്പർ വേണ്ടവർക്ക് ആ കെട്ടിൽനിന്ന് എടുക്കാം. പണം അടുത്തുള്ള ബോക്സിൽ ഇടാം. പേപ്പർ എടുക്കുന്നവർ അതിന് പണം ഇടുന്നുണ്ടോയെന്നും നിശ്ചിത തുക തന്നെയാണോ ഇടുന്നതെന്നും പരിശോധിക്കാൻ അവിടെ ആരും ഉണ്ടായിരിക്കില്ല. പക്ഷേ ആ കുട്ടികൾക്ക് ന്യൂസ് പേപ്പറിന്റെ വില കൃത്യമായി ലഭിച്ചിരുന്നു. അത് അവിടുത്തെ ആൾക്കാരുടെ സത്യസന്ധതയ്ക്ക് തെളിവായിരുന്നു.

 

ഇതിവിടെ ഓർക്കാൻ കാര്യം, മട്ടന്നൂർ സ്വദേശിയായ റഷീദ് നടത്തുന്ന ഹോട്ടലിനെക്കുറിച്ചുള്ള ഒരു വിഡിയോ ന്യൂസ് കാണാനിടയായതു കൊണ്ടാണ്. റഷീദ് ഹോട്ടൽ നടത്താൻ തുടങ്ങിയിട്ട് വർഷം മുപ്പതായി... എന്താ ഹോട്ടലിന്റെ പ്രത്യേകത എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. കേട്ടാൽ നിങ്ങൾ അതിശയിക്കും. റഷീദിന്റെ ഹോട്ടലിൽ ചെന്നാൽ ആവശ്യമുള്ള ഭക്ഷണം കഴിക്കാം. അവിടെ അധികം ജോലിക്കാരില്ല. കഴിച്ച ഭക്ഷണത്തിന്റെ വില ചോദിച്ച് അത് ക്യാഷ് കൗണ്ടറിലെ മേശവലിപ്പിൽ ഇടാം. കൗണ്ടറിൽ പണം വാങ്ങാൻ ഒരാളുമില്ല. കഴിച്ചതിന്റെ തുകയെത്രയാണോ അത് നിങ്ങൾ മേശ തുറന്ന് ഇടുന്നു. അതു കുറവാണോ കൂടുതലാണോ ഇനിയിപ്പോൾ പണം ഇടുന്നുണ്ടോ എന്നു നോക്കാൻ പോലും റഷീദ് വരുന്നില്ല. ബാലൻസ് തുകയെത്രയാണെന്നുവച്ചാൽ നിങ്ങൾക്ക് തിരികെ എടുക്കാം. റഷീദിന് പണം സംബന്ധിച്ച് യാതൊരു വേവലാതിയുമില്ല. ഇവിടെ റഷീദിന്റെ, മനുഷ്യനിലും മനുഷ്യനന്മയിലുമുള്ള വിശ്വാസത്തിനാണ് നൂറിൽ നൂറു മാർക്ക് കൊടുക്കേണ്ടത്. വെറും നൂറു രൂപയ്ക്കുവേണ്ടി സ്വന്തം സുഹൃത്തിന്റെ ജീവനെടുക്കുന്ന ഈ നാട്ടിൽ റഷീദിന്റെ ഈ വ്യത്യസ്തമായ ജീവിതം നമ്മൾ അറിയണം. റഷീദിനെ വിഗ്രഹമാക്കി പൂജിക്കണമെന്ന് ആരും പറയുന്നില്ല. മറിച്ച് മറ്റുള്ളവരിൽ റഷീദ് കണ്ടെത്തുന്ന നന്മയുടെ നൂറിലൊരംശമെങ്കിലും ചുറ്റുമുള്ള മനുഷ്യരിൽ കണ്ടെത്താൻ നമുക്ക് പ്രചോദനമാകണമെന്നു മാത്രം.

 

ഇന്ന് ചുറ്റുപാടും, മറ്റുള്ളവരെ കൊന്നോ അപായപ്പെടുത്തിയോ ചതിച്ചോ കൈക്കൂലി വാങ്ങിച്ചോ ഏതു മാർഗ്ഗത്തിലൂടെയും പണം ഉണ്ടാക്കുക എന്ന ലക്ഷ്യവുമായി മനുഷ്യൻ നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ്. പണം സമ്പാദിക്കരുതെന്ന് ആരും പറയുന്നില്ല. ന്യായമായ മാർഗ്ഗത്തിലൂടെ ജീവിക്കാനുള്ള പണമുണ്ടാക്കുവാൻ, അദ്ധ്വാനിച്ച് ജീവിക്കാൻ, നാമോരോരുത്തരും ശ്രമിക്കണം. 

 

ഈ കൊറോണക്കാലത്ത്, പണം നമുക്കു നല്കുന്ന സംരക്ഷണത്തെക്കുറിച്ച് നാം വീണ്ടുവിചാരം ചെയ്യേണ്ടിയിരിക്കുന്നു. പണക്കാരനും ദരിദ്രനും ഒരേപോലെ ഈ മണ്ണിലേക്ക് മടങ്ങുന്ന കാഴ്ച നാം കണ്ടുകൊണ്ടിരിക്കുകയാണ്. എന്ത് അധികസൗകര്യമാണ് പണം നമുക്കു നേടിത്തരിക. ഒന്നും തന്നെയില്ല എന്നു കാണാം. കൊറോണ ബാധിച്ചു മരിച്ച ഒരു യാചകനും ഒരു കോടീശ്വരനും ഒരേ രീതിയിലാകും പരിഗണിക്കപ്പെടുക. പണമുണ്ടോ ഇല്ലയോ എന്നത് അവിടെ ആരും ഓർക്കാറില്ല. ഓർക്കാൻ സാഹചര്യവുമില്ല. ഒരു സൂക്ഷ്മജീവിയായ വൈറസിന് തകർക്കാവുന്നതേയുള്ളൂ നമ്മുടെ ജീവിതം. ഇവിടെ നമ്മുടെ അഹങ്കാരം തീരുന്നു. 

 

കേരളത്തിൽ എത്രയോ വർഷം മുമ്പ് വസൂരിപടർന്നു പിടിച്ചപ്പോഴും ഇതുപോലെ തന്നെയായിരുന്നുവെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ചത്തും ചാകാതെയും മനുഷ്യരെ മറ്റുള്ളവർ ഉപേക്ഷിച്ചുപോയിരുന്നു അക്കാലത്ത്. പണമോ സമ്പത്തോ ഒന്നും മനുഷ്യന്റെ രക്ഷയ്ക്ക് എത്തിയിരുന്നില്ല. എത്ര ഭീതി നിറഞ്ഞതായിരിക്കും അക്കാലം. എന്നാൽ ഇന്ന് കോവിഡിന് മരുന്നു കണ്ടുപിടിച്ചിട്ടില്ലായെങ്കിലും ജനാധിപത്യ ഗവൺമെന്റുകൾ മനുഷ്യജീവൻ സംരക്ഷിക്കാൻ ആവുന്നതൊക്കെ ചെയ്തു വരുന്നുണ്ട്.

 

മനുഷ്യനിലുള്ള നന്മയെ കണ്ടെത്താൻ ഇതുപോലെ ജീവിതത്തെത്തന്നെ പരീക്ഷണമാക്കി മാറ്റുന്നവർ അപൂർവമാണ്. എങ്കിലും ഇത്തരം ഓരോ പരീക്ഷണത്തിലും ഇവരാരും തോല്ക്കണമെന്ന് നമ്മൾ ആഗ്രഹിക്കാറില്ല. മറിച്ച് അവരുടെ നന്മ നിറഞ്ഞ ജീവിതം നിലനില്ക്കട്ടെ എന്നാണ് നമ്മളോരോരുത്തരും ആശിക്കാറുള്ളത്.

കൂരിരുട്ടിലും ഒരു മിന്നാമിനുങ്ങിന്റെയെങ്കിലും ഒരുതരിവെട്ടം അവശേഷിക്കും എന്ന പ്രത്യാശയിലാണ് മനുഷ്യകുലം മുന്നോട്ടു പോകുന്നത്. ഒരു ഹിറ്റ്ലറോ മുസ്സോളിനിയോ അല്ലെങ്കിൽ മറ്റൊരു ഏകാധിപതിയോ ഇനി ഉണ്ടാകരുതെന്ന് നാം ആശിക്കുന്നു. മതത്തിന്റെയോ വർണ്ണത്തിന്റെയോ പേരിലുള്ള യുദ്ധങ്ങളും കലഹങ്ങളും ഇനിയീ ഭൂമിയിൽ ഉണ്ടാകരുതെന്നും അതുമൂലമുള്ള ദുരിതങ്ങളിലൂടെ കടന്നുപോകാൻ ഇടയാകരുതെന്നും നാമോരോരുത്തരും ആഗ്രഹിക്കുന്നു.

 

മനുഷ്യനെ മനുഷ്യനായിക്കണ്ട് ജീവിക്കുന്ന കാലത്തെ നമുക്ക് കൈകോർത്ത് വരവേൽക്കാം... 'മനുഷ്യൻ എത്ര സുന്ദരമായ പദം'!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com