സിനിമയിൽ വരും മുമ്പ് ലഭിച്ചിരുന്ന കൂടിയ പ്രതിഫലം 600: ഹരീഷ് കണാരന്
Mail This Article
നടൻ ഹരീഷ് കണാരൻ ഇപ്പോൾ തിരക്കിലാണ്, ഷൂട്ടിങ് തിരക്കല്ല. വീട്ടിൽ കുട്ടികൾക്കൊപ്പം മണ്ണപ്പം ചുട്ടുകളിയാണ് പ്രധാന പരിപാടി. ഒന്നര വർഷം പണിയില്ലാതെ വീട്ടിലിരുന്നപ്പോ കിട്ടിയ പണി. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് രണ്ടു മക്കളുടെ കൂടെ ‘പാള വണ്ടി’ (കമുകിൻ പാളയിൽ കുട്ടികളെ ഇരുത്തി വലിക്കുന്ന നാടൻ വിനോദം) കളിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഹിറ്റായിരുന്നു. പറമ്പിൽ ഓല വീടും മറ്റും ഉണ്ടാക്കി അവരുടെ കൂടെ കളിച്ചു ചിരിച്ചും സമയം കളയുകയാണ് ഹരീഷ്.
ഷൂട്ടിങ് തിരക്കുള്ളപ്പോഴും ഇടയ്ക്കൊരു ദിവസം കിട്ടിയാൽ വീട്ടിലേക്ക് ഓടിവരുമായിരുന്നു മുൻപ്. ഇപ്പോഴാണേൽ മാസങ്ങളായി വീട്ടിൽത്തന്നെ. ഇടയ്ക്ക് കോവിഡ് കുറഞ്ഞപ്പോൾ ഒന്നു രണ്ടു പടങ്ങളിൽ അഭിനയിക്കാൻ പോയി. അതുപക്ഷേ, മക്കൾക്ക് ഇഷ്ടപ്പെടുന്നില്ല. അവരിപ്പോ വീട്ടിൽനിന്നു പുറത്തുവിടാത്ത അവസ്ഥയായെന്നു ഹരീഷ്. അയ്യോ അച്ഛാ പോണ്ട എന്നും പറഞ്ഞ് കരിച്ചിൽ...സിനിമയും ജീവിതവും മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് ഹരീഷ് കണാരൻ..
‘‘ഞങ്ങള് പത്ത് പന്ത്രണ്ട് പേരാണ് ഒരു ട്രൂപ്പിൽ. ഒരു പരിപാടിക്കു പോയാൽ ആകെ കിട്ടുന്നത് 12000–13000 രൂപ. മിമിക്രി, ഡാൻസ്, കരോക്കെ ഗാനമേള എല്ലാം കൂടി ചേർന്നുള്ള പരിപാടിയാണ്. വണ്ടിക്കൂലി, ലൈറ്റ് സൗണ്ട് എല്ലാം കഴിഞ്ഞു വീതിച്ചെടുക്കുമ്പോ ഒരാൾക്ക് 300 രൂപ. ഞാനും ദേവരാജനും (ദേവരാജൻ കോഴിക്കോട്) നിർമലും (നിർമൽ പാലാഴി) ഒക്കെ ഒരുമിച്ചായിരുന്നു പരിപാടികൾ. ഡിസംബർ മുതൽ മേയ് വരെയാണ് സീസൺ. അതുകഴിഞ്ഞാ പിന്നെ ഓണക്കാലമാകണം പരിപാടി കിട്ടാൻ. പ്രോഗ്രാം ഇല്ലാത്തപ്പോ പെയിന്റിങ്ങിനു പോകും. മഴക്കാലമായാൽ അതും ഉണ്ടാകില്ല. അപ്പോ ഓട്ടോറിക്ഷ ഓടിക്കാൻ പോകും. പിന്നെ തിയറ്ററിൽ ഓപ്പറേറ്ററുടെ പണിയും. അങ്ങനെ സംഭവ ബഹുലമായിരുന്നു അക്കാലത്തെ ജീവിതം’’ സിനിമയിൽ വരും മുൻപേ മാക്സിമം കിട്ടിയ പേയ്മന്റ് 600 രൂപയാണ്.
8 വർഷം മുൻപു വരെയുള്ള ഹരീഷ് പെരുമണ്ണ എന്ന യുവാവിന്റെ ജീവിതമാണ് ഈ വാക്കുകളിൽ. അവിടുന്നിങ്ങോട്ട് ഇന്നത്തെ ഹരീഷ് കണാരനിലേക്കുള്ള വളർച്ച നന്നായി കഷ്ടപ്പെട്ടിട്ടു തന്നെയാണ്.
2014ൽ ആണ് ആദ്യ സിനിമ– ഉത്സാഹ കമ്മിറ്റി. അതിലേക്ക് വഴി തുറന്നത് മഴവിൽ മനോരമയിലെ പരിപാടിയാണ്. ഒന്നോ രണ്ടോ എപ്പിസോഡിൽ മുഖം കാണിക്കാമെന്നു കരുതിയാണ് ഹരീഷും സംഘവും കോഴിക്കോട്ടുനിന്ന് വണ്ടി കയറിയത്. അതിലെ കോഴിക്കോടൻ ഭാഷയും ജാലിയൻ കണാരൻ എന്ന കഥാപാത്രവും ക്ലിക്കായി. 25 ടീമുകളിൽനിന്നു മൂന്നാം സ്ഥാനത്ത് എത്തി. ബെസ്റ്റ് കൊമേഡീയനുള്ള അവാർഡും പോക്കറ്റിലാക്കി തിരികെ കയറുമ്പോൾ പോലും പ്രതീക്ഷിച്ചിരുന്നില്ല ജീവിതം മാറാൻ പോകുകയാണെന്ന്. ഉത്സാഹ കമ്മിറ്റിയിലെ കഥാപാത്രം അത്ര ക്ലിക്കായില്ല. പക്ഷേ, ഒന്നു രണ്ടു സിനിമകളിലേക്ക് വിളി വന്നു. അങ്ങനെ കോഴിക്കോട്ട് ഷൂട്ടിങ് നടക്കുന്ന രാജമ്മ @ യാഹൂ എന്ന സിനിമയിലും കിട്ടി അവസരം. അതിലെ അഭിനയിക്കുമ്പോഴുണ്ടായ സംഭവം ഓർത്ത് ഇപ്പോഴും ചിരിവരുമെന്ന് ഹരീഷ് പറയുന്നു.
സംഭവം ഹരീഷിന്റെ വാക്കുകളിൽ: കോഴിക്കോട് ബീച്ചിൽ രാത്രിയാണ് ഷൂട്ട്. തട്ടുകടയിൽ ദോശ ചുടലും ഓംലറ്റ് അടിക്കലും അതിന്റെ കൂടെ ഡയലോഗും. നാട്ടുകാരനാണെന്ന നിലയിൽ എനിക്ക് നല്ല ഗ്രൗണ്ട് സപ്പോർട്ടാണ്. ഷൂട്ടിങ് കാണാൻ വന്നോരൊക്കെ ബാബേട്ടാ ബാബേട്ടാ (കോമഡി സ്കിറ്റിലെ ഹിറ്റ് ഡയലോഗ്) എന്നലറി വിളിക്കാണ്. ഞാനാകെ ടെൻഷനടിച്ച്. ഓംലറ്റും ഡയലോഗും കൂടിയങ്ങ് ‘വെന്തുവരുന്നില്ല’.. ആദ്യം ഒന്നു രണ്ടു പ്രാവശ്യമൊക്കെ ഡയറക്ടർ സാരല്യ മ്മക്ക് ശരിയാക്കാ, പതുക്കെ നോക്കാന്നൊക്കെ പറഞ്ഞ് സമാധാനിപ്പിച്ച്. ചാക്കോച്ചനും (കുഞ്ചാക്കോ ബോബൻ) ആസിഫലിയുമൊക്കെയുണ്ട്. ചാക്കോച്ചനാണേൽ എന്നെ വല്യ പരിചയമില്ല, ചാനലിലെ പരിപാടികളൊന്നും മൂപ്പര് കണ്ടിട്ടില്ല. അവരെന്ത് വിചാരിക്കുംന്നുള്ള ടെൻഷൻ വേറേം.
അങ്ങനെ ഡബിൾ ഓംലറ്റ് അടിയോടടി. എവിടെ ശരിയാവാൻ... 30 തവണ ഓംലറ്റടിച്ച് മടുത്തതോടെ ഡയറക്ടർ പറഞ്ഞ്– മതി നിർത്ത് ഇനി നാളെ അടിക്കാന്ന്. സംഭവം അതല്ല, 30 തവണ അടിച്ച ഓംലറ്റും (ഡബിൾ ഓംലറ്റ് ആയതിനാൽ 60 മുട്ട) തിന്നേണ്ടി വന്നൊരു മനുഷ്യനുണ്ട് ആ സീനിൽ.. അയാളെ കാര്യാലോചിച്ചാ എനിക്കിപ്പഴും ചിരി വരുന്നത്.
സ്വന്തം സിനിമകളിൽ ഇഷ്ടപ്പെട്ട വേഷങ്ങളിലൊന്ന് രക്ഷാധികാരി ബൈജു ഒപ്പ് എന്നതിലേതാണ്. അതിൽ അയ്യോ ബൈജേട്ടാ പൊലീസിന്ന് പറയുമ്പോ ബിജു മേനോൻ കിണറ്റിൽ വീഴുന്ന സീനുണ്ട്. അതൊക്കെ ശരിക്കും ആസ്വദിച്ച ചെയ്തതാണ്.
അങ്ങനെ ഈ യാത്ര നൂറോളം സിനിമകളിലെത്തി. ഇനി വേഗം കൊറോണയെ നാടുകടത്തി പെട്ടിയിലുള്ള സിനിമകളൊക്കെ പുറത്തെത്തിച്ച് തിയറ്ററിൽ കാണികൾ വരുന്നൊരു കാലത്തിനായി എല്ലാരേം പോലെ ഞാനും കാത്തിരിക്കുകയാണ്.