മകനുമൊത്തുള്ള മലൈകയുടെ ചിത്രം; വിവാദമായി രംഗോലിയുടെ ട്വീറ്റ്

Mail This Article
ആരെയും കൂസാതെ വെട്ടിത്തുറന്ന് അഭിപ്രായം പറയുന്നവരാണ് ബോളിവുഡ് താരം കങ്കണ റണൗട്ടും സഹോദരി രംഗോലിയും. അതിനാൽ വിവാദമൊഴിഞ്ഞ നേരമുണ്ടായിട്ടില്ല ഇരുവർക്കും. മാധ്യമങ്ങൾക്കു നൽകുന്ന അഭിമുഖങ്ങളിലാണ് കങ്കണയുടെ വാക്പ്രയോഗങ്ങളെങ്കിൽ രംഗോലിക്ക് പ്രിയം ട്വിറ്ററാണ്. മോഡലും നടിയുമായ മലൈക അറോറയുടെ ചിത്രത്തിന് വിവാദ അടിക്കുറിപ്പ് നൽകി വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് രംഗോലി ചണ്ഡേൽ.
മകൻ അർഹാനൊപ്പമുള്ള ചിത്രം മലൈക അറോറ സ്വന്തം പേജിൽ പോസ്റ്റ് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. നൈറ്റ് ഡ്രസ് ധരിച്ച് മകനൊപ്പം ഇരിക്കുന്ന ചിത്രമായിരുന്നു മലൈക അറോറ പങ്കുവച്ചത്. 'അമ്മയുടെ കാര്യങ്ങൾ വേണ്ടതുപോലെ ചെയ്യാൻ മകൻ സന്മനസ് കാട്ടുമ്പോൾ' എന്നൊരു അടിക്കുറിപ്പും മലൈക അറോറ ചിത്രത്തിനൊപ്പം ചേർത്തിരുന്നു. ഇതേ ചിത്രം മറ്റൊരു അടിക്കുറിപ്പ് നൽകിയാണ് രംഗോലി ട്വീറ്റ് ചെയ്തത്.
'ഇതാണ് ആധുനിക ഇന്ത്യൻ അമ്മ, നന്നായിരിക്കുന്നു,' എന്നായിരുന്നു രംഗോലിയുടെ കമന്റ്. രംഗോലിയുടെ കമന്റ് മലൈകയെ പരിഹസിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് ആരോപിച്ച് നിരവധി പേർ രംഗത്തെത്തി. പരോക്ഷമായി മലൈകയെ അപമാനിക്കുന്നതാണ് രംഗോലിയുടെ പോസ്റ്റെന്നും ആരാധകർ ആരോപിച്ചു.
അടിക്കുറിപ്പിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാതെയാണെന്നു വ്യക്തമാക്കി രംഗോലിയുടെ അടുത്ത ട്വീറ്റ് പിന്നാലെയെത്തി. മലൈകയെക്കുറിച്ച് അനാവശ്യം പറയുന്നത് മറ്റുള്ളവരാണെന്നും താരത്തെ 'ആധുനിക അമ്മ' എന്നാണ് താൻ അഭിസംബോധന ചെയ്തതെന്നും രംഗോലി ചൂണ്ടിക്കാട്ടി. ആളുകൾ പറയുന്ന പോലെ മോശം കാര്യങ്ങൾ ആ ചിത്രത്തിലുണ്ടോയെന്ന് ഞാനും അദ്ഭുതപ്പെടുന്നുവെന്നും കാര്യങ്ങൾ കൂടുതൽ ചിന്തിച്ച് അധികവായന നടത്തുന്നത് നല്ലതല്ലെന്നും രംഗോലി പ്രതികരിച്ചു.
എന്നാൽ, പരോക്ഷമായി മലൈകയെ കളിയാക്കുന്നതാണ് രംഗോലിയുടെ ട്വീറ്റെന്ന നിലപാടിലാണ് ആരാധകർ. ട്വീറ്റിൽ അവർ ഉപയോഗിച്ചിരിക്കുന്ന ഇമോജികൾ അതു സൂചിപ്പിക്കുന്നുണ്ടെന്നും ആരാധകർ ചൂണ്ടിക്കാട്ടി.