‘ആഹാ’ സിനിമ കുടുംബസമേതം കണ്ട് ഇന്ദ്രജിത്ത്; വിഡിയോ
Mail This Article
ഇന്ദ്രജിത്ത് സുകുമാരൻ പ്രധാനവേഷങ്ങളിലെത്തിയ രണ്ട് സിനിമകളാണ് ആഴ്ചകളുടെ ഇടവേളകളിൽ റിലീസിനെത്തിയത്. ദുൽഖർ സൽമാൻ നായകനായ ‘കുറുപ്പിൽ’ കൃഷ്ണദാസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായും വടംവലി പ്രമേയമാക്കിയ ‘ആഹാ’യില്‍ കൊച്ച് എന്ന നാട്ടിൻപുറത്തുകാരനായും ഇന്ദ്രജിത്ത് എത്തുന്നു. ഭാര്യ പൂർണിമ, മക്കളായ പ്രാർഥന, നക്ഷത്ര എന്നിവര്‍ക്കൊപ്പമാണ് ഇന്ദ്രജിത്ത് ‘ആഹാ’ കാണാനെത്തിയത്. എല്ലാവരും ഒരുമിച്ചിരുന്ന് കാണേണ്ട സിനിമയാണ് ‘ആഹാ’യെന്നും ‘കുറുപ്പ്’ പോലെ ഈ ചിത്രവും വലിയ വിജയം നേടുമെന്നാണ് കരുതുന്നതെന്നും ഇന്ദ്രജിത്ത് പറഞ്ഞു.
‘ഭയങ്കര സന്തോഷം. ഇതൊരു പുതിയ തുടക്കം പോലെയാണ് ഞങ്ങൾക്കു തോന്നുന്നത്. ‘കുറുപ്പും’ കണ്ടിരുന്നു. അതെല്ലാവരും കാത്തിരുന്ന സിനിമയാണ്. ‘ആഹാ’ സ്പോർട്സ് ഡ്രാമയാണ്. വല്ലപ്പോഴുമാണ് ഇങ്ങനെയുളള ചിത്രങ്ങൾ തിയറ്ററുകളിലെത്തുന്നത്. നല്ലൊരു അനുഭവമാണ് ‘ആഹാ’.–പൂർണിമ പറഞ്ഞു.
‘സിനിമയുടെ പ്രിവ്യു ഞാൻ കണ്ടിരുന്നു. തിയറ്ററിൽ ഇതിന്റെ ഫൈനൽ പതിപ്പാണ് കണ്ടത്. എല്ലാവരും അവരുടെ ജോലി ഭംഗിയായി ചെയ്തിട്ടുണ്ട്. സയ്നോര ചേച്ചിയുടെ മ്യൂസിക് ഗംഭീരം. ഈ സിനിമയ്ക്കു വേണ്ടി അച്ഛൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഷൂട്ട് കഴിഞ്ഞ് വീട്ടിൽ വരുമ്പോൾ ശബ്ദമൊന്നും കാണില്ല. ഈ കാഴ്ചകളൊക്കെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. ആ പരിശ്രമത്തിന്റെ ഫലമാണ് സിനിമയുടെ വിജയം. ‘കുറുപ്പ്’ നാല് തവണ കണ്ടു. റിലീസിനു മുമ്പ് പ്രിവ്യു കണ്ടിരുന്നു. പിന്നീട് തിയറ്ററില്‍ മൂന്ന് തവണ കണ്ടു. അച്ഛനനെ പൊലീസ് വേഷത്തിൽ കാണാൻ വലിയ ഇഷ്ടമാണ്.’–പ്രാർഥന പറഞ്ഞു.