ADVERTISEMENT

പതിമൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണ് ‘ഗരുഡൻ’. കഴിഞ്ഞ മാസം ചിത്രീകരണം ആരംഭിച്ച സിനിമയിൽ ജൂലൈ ആദ്യമാണ് ബിജു മേനോൻ ജോയ്ൻ ചെയ്തത്. ഇപ്പോഴിതാ സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ചുള്ള സിനിമയുടെ ലൊക്കേഷൻ ഫോട്ടോസും വിഡിയോയുമാണ് പ്രേക്ഷകരുടെ ഇടയിൽ വൈറൽ. കൊച്ചിയിൽ ചിത്രീകരണം നടന്നു വരുന്ന ഈ ചിതത്തിൽ സുരേഷ് ഗോപിയാണ് ആദ്യം എത്തിച്ചേർന്നത്. ജിസ് ജോയുടെ ചിത്രം പൂർത്തിയാക്കിക്കൊണ്ടാണ് ബിജു മേനോൻ ഈ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയത്.

 

കൊച്ചി പോർട്ട് ട്രസ്റ്റ് ഓഫിസിൽ നടന്ന ചിത്രീകരണത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചു തുടങ്ങിയത്. വലിയൊരു ജന പങ്കാളിത്തമുള്ള ഒരു രംഗമായിരുന്നു ഇവിടെ ചിത്രീകരിച്ചത്. എസ്പി ഹരീഷ് മാധവ് എന്ന കഥാപാത്രത്തെ സുരേഷ് ഗോപി അവതരിപ്പിക്കുമ്പോൾ, കൊമേഴ്സ് വിഭാഗം മേധാവി പ്രൊഫസർ നിഷാന്ത് എന്ന കഥാപാത്രത്തെ ബിജു മേനോൻ കൈകാര്യം ചെയ്യുന്നു.

ലീഗൽ ത്രില്ലർ ചിത്രമായ ഗരുഡനിൽ പൊലീസ് ഉദ്യോഗസ്ഥനും ഒരു അദ്ധ്യാപകനും തമ്മിലുള്ള നിയമ പോരാട്ടത്തിന്റെ കഥയാണ് അവതരിപ്പിക്കുന്നത്. പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള ഒരു നിയമ പോരാട്ടമാണ് ചിത്രത്തിലുടനീളം നില നിർത്തിയിരിക്കുന്നത്.

garudan-biju-menon

 

മലയാള സിനിമയിലെ കരുത്തുറ്റ നടന്മാരായ സുരേഷ് ഗോപിയും ബിജു മേനോനും ചേർന്ന കോമ്പിനേഷനിൽ നിരവധി ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സുരേഷ് ഗോപി നായകനിരയിലേക്ക് കടന്നപ്പോൾ മലയാള സിനിമയിൽ ബിജു മേനോൻ ഉപനായകനും പ്രതിനായകനും ആയിരുന്നു. മലയാളത്തിലെ ജനപ്രിയ ചിത്രങ്ങളായ ക്രിസ്ത്യൻ ബ്രദേഴ്‌സ്, ചിന്താമണി കൊലക്കേസ്, പ്രണയ വർണ്ണങ്ങൾ, എഫ്.ഐ.ആർ, ഹൈവേ, പത്രം, മഹാത്മ തുടങ്ങിയ ചിത്രങ്ങളെല്ലാം ഇവരുടെ മിന്നും പ്രകടനങ്ങളിലൂടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. 2010 ൽ രാമരാവണൻ എന്ന സിനിമയായിരുന്നു സുരേഷ് ഗോപിക്കൊപ്പം ബിജു മേനോൻ അവസാനമായി അഭിനയിച്ച ചിത്രം.

 

ക്രൈം ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ചിത്രം ബിഗ് ബജറ്റിലാണ് നിർമിക്കുന്നത്. അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലർ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ഇത്.  സിദ്ദീഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജർ രവി, നിഷാന്ത് സാഗർ, ജയ്സ് ജോസ്, രഞ്ജിത്ത് കങ്കോൾ, രഞ്ജിനി, മാളവിക എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. എഴുപത് ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണം കൊച്ചിയിലും ഹൈദരാബാദിലുമായി പൂർത്തിയാകും.

 

ഗരുഡന്റെ കഥ എഴുതിയിരിക്കുന്നത് ജിനീഷ് എം. ക്യാമറ അജയ് ഡേവിഡ് കാച്ചപ്പിള്ളി, സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത് ജേക്ക്സ് ബിജോയ്, ചിത്രത്തിന്റെ എഡിറ്റർ ശ്രീജിത്ത് സാരംഗ്, കലാ സംവിധാനം അനീസ് നാടോടിയും നിർവഹിക്കുന്നു. ചിത്രത്തിന്റെ കോ- പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി. തോമസ്. 

 

അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്‌ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്, പ്രൊഡക്‌ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ. മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം സ്റ്റെഫി സേവ്യർ,  മാർക്കറ്റിങ് ഒബ്‌സ്ക്യുറ, മാർക്കറ്റിങ് കൺസൾട്ടന്റ് ബിനു ബ്രിങ് ഫോർത്ത്. ഡിസൈൻസ് ആന്റണി സ്റ്റീഫൻ. പിആർഒ മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com