ADVERTISEMENT

വില്ലൻ വേഷങ്ങൾക്ക് തൽക്കാലം ഫുൾ സ്റ്റോപ്പിട്ടിരിക്കുകയായിരുന്നു തമിഴിന്റെയും മലയാളത്തിന്റെയും സ്വന്തം മക്കൾ സെൽവൻ വിജയ് സേതുപതി. പക്ഷേ ടർബോ എന്ന മമ്മൂക്ക ചിത്രത്തിന്റെ ഒടുക്കം വില്ലൻ ടച്ചുള്ള ശബ്ദസാന്നിധ്യമായി എത്താനുള്ള ക്ഷണം താരം ഒറ്റയടിക്ക് സ്വീകരിക്കുകയായിരുന്നു. തമിഴരെ പോലെ തന്നെ മലയാളികളെയും മനസ്സു നിറഞ്ഞ് സ്നേഹിക്കുന്ന താരത്തിനെ വീണ്ടും വില്ലനാക്കിയത് നിർമാതാവ് ആന്റോ ജോസഫും പിന്നെ നമ്മുടെ സ്വന്തം മമ്മൂക്കയുമാണ്. അതെക്കുറിച്ച് വിജയ് സേതുപതി പറയുന്നതിങ്ങനെ... 

‘‘മമ്മൂക്കയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ആന്റോ ചേട്ടനാണ് ‘ടർബോ’ സിനിമയുമായി ബന്ധപ്പെട്ട് എന്നെ വിളിക്കുന്നത്. അദ്ദേം നിർമിച്ച ആർട്ടിക്കിൾ 19 (1) എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ഞാൻ ഇവിടെ വന്നപ്പോൾ എന്നെ നന്നായി നോക്കുകയും നല്ല ഭക്ഷണം നൽകുകയും ചെയ്തയാളാണ്. അദ്ദേഹം ഒരു ദിവസം ഫോൺ വിളിച്ചിട്ട്, മമ്മൂക്കയ്ക്കു സംസാരിക്കണമെന്നു പറഞ്ഞു. ‘വിജയ്, എനിക്കു വേണ്ടി നിങ്ങളുടെ ശബ്ദമൊന്ന് ഉപയോഗിക്കണം’ എന്നു മമ്മൂക്ക പറഞ്ഞു. ഞാൻ അപ്പോൾ തന്നെ ഓക്കെ പറഞ്ഞു. അങ്ങനെ സംവിധായകൻ വന്ന് സിറ്റുവേഷൻ പറഞ്ഞു തരുകയായിരുന്നു.

അദ്ദേഹത്തെ പോലുള്ള ആളുകൾ ചെയ്തുവച്ചതു കണ്ട് പഠിച്ചാണ് ഞാൻ ഇതുവരെ എത്തി നിൽക്കുന്നത്. അതിരപ്പള്ളിയിൽ ഒരു ഷോട്ടിനു പോയപ്പോൾ മമ്മൂട്ടി സർ അവിടെ ഉണ്ടെന്നു കേട്ടു. സാറിനെ ഒന്നു നേരിൽ കാണാമോ എന്ന് ചോദിച്ചു. അദ്ദേഹവുമൊത്ത് എനിക്കൊരു ഫോട്ടോ എടുക്കണമായിരുന്നു. കാരണം അതിനൊരാഴ്ച മുമ്പാണ് മമ്മൂട്ടി സർ അഭിനയിച്ച മറുമലർച്ചി എന്ന സിനിമ കാണുന്നത്. ആ സിനിമയുടെ തിരക്കഥ ഒരുപാട് ഇഷ്ടമാണ്. എന്റെ കുട്ടികളെയും ഈ സിനിമ കാണിച്ചുകൊടുത്തിരുന്നു.

ആ സിനിമ കണ്ട് ഒരാഴ്ചയ്ക്കു ശേഷം അദ്ദേഹത്തെ നേരിൽ കാണാനായത് എന്നെ സംബന്ധിച്ചടത്തോളം ഭയങ്കര സർപ്രൈസ് ആയിരുന്നു. അങ്ങനെ അദ്ദേഹവുമൊത്ത് ഫോട്ടോ എടുത്തു. പിന്നീട് മമ്മൂട്ടി സർ എന്റെ ഫോണിൽ മെസേജ് അയച്ചു. മമ്മൂട്ടി സർ എനിക്കു മെസേജ് അയച്ചെന്ന് ഞാൻ എന്റെ ഭാര്യയോടു പറഞ്ഞു. അതൊക്കെ എനിക്കു വലിയ കാര്യമാണ്. ചെറുപ്പം മുതൽ കണ്ടു വളർന്ന വലിയ നടൻ, ജീവിതത്തിൽ ഒരുപാട് സ്വാധീനിച്ച വ്യക്തിത്വം. അങ്ങനെയുള്ള ഒരാൾ എന്നെ വിളിച്ചാൽ, ഒരു കാര്യം പറഞ്ഞാൽ എന്നെക്കൊണ്ട് സാധിക്കുന്നത് ഞാൻ സാധിച്ചുകൊടുക്കും. അതെനിക്ക് ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്.

ഇതൊക്കെ പോട്ടെ മമ്മൂട്ടി സർ ഒരു സിനിമയിൽ വിക്രം വേദ സിനിമയിലെ എന്റെ ഡയലോഗ് പറയുന്നുണ്ട്. അദ്ദേഹം എത്രയോ വലിയ താരം, ഞാനിപ്പോൾ പൊട്ടിമുളച്ചയാൾ. ഒരു ഈഗോയുമില്ലാതെ അദ്ദേഹം ഇതൊക്കെ ചെയ്യുമ്പോൾ ഞാനൊക്കെ എവിടെ നിൽക്കുന്നു. അദ്ദേഹം ഇതൊക്കെ ഇപ്പോഴും പഠിക്കുകയാണ്. ഞാൻ ഇപ്പോൾ വന്ന ഒരു അന്യഭാഷ നടൻ, ഇതൊക്കെ ചെയ്യുമ്പോഴും അദ്ദേഹം അതൊന്നും ചിന്തിക്കുന്നതു പോലുമില്ല. എന്നോടുള്ള പ്രേക്ഷകരുടെ സ്നേഹവും അതുകൊണ്ട് കൂടുകയല്ലേ, മമ്മൂട്ടി സർ അത് ചെയ്യുമ്പോൾ ആ ഒരു മര്യാദ എനിക്കും കിട്ടുകയാണ്. അവരിൽ നിന്നും ഇതൊക്കെയാണ് ഞാൻ പഠിക്കുന്നത്. അങ്ങനെയുള്ള മനുഷ്യൻ ചോദിക്കുമ്പോൾ ഞാൻ എങ്ങനെയാണ് നിരാകരിക്കുക.’’–വിജയ് സേതുപതിയുടെ വാക്കുകള്‍.

English Summary:

Vijay Sethupathi about Turbo movie and Mammootty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com