ADVERTISEMENT

ഓണക്കാലമെന്നു പറയുമ്പോൾ ആദ്യം ഓർമ വരുന്നത് 1981ലെയും 82ലെയും ഓണച്ചിത്രങ്ങളാണ്. എന്റെ സംവിധാനത്തിൽ രണ്ടു ചിത്രങ്ങളാണ് 81ലെ ഓണത്തിനു പുറത്തിറങ്ങിയത്. ‘രക്ത’വും ‘ഇതിഹാസ’വും. രണ്ടും ഹിറ്റായി. 82ലെ ഓണത്തിനുമുണ്ടായിരുന്നു രണ്ടു ചിത്രങ്ങൾ. ‘ആരംഭ’വും ‘കർത്തവ്യ’വും. രണ്ടും വിജയങ്ങൾ. ഒരു സംവിധായകന്റെ രണ്ടു ചിത്രങ്ങൾ ഒരേ ദിവസം റിലീസ് ചെയ്യുന്നത് ഇന്ന് അദ്ഭുതമായി തോന്നിയേക്കാം. എന്നാൽ, അക്കാലത്ത് അപൂർവമായെങ്കിലും അങ്ങനെ സംഭവിച്ചിരുന്നു. അന്നു സിനിമയുടെ റിലീസിങ് ഡേറ്റ് തീരുമാനിക്കുന്നത് നിർമാതാക്കളാണ്. സാങ്കേതിക വിദഗ്ധർക്കോ നടന്മാർക്കോ അക്കാര്യത്തിൽ റോളൊന്നും ഇല്ല.

മദ്രാസിലായിരുന്നു ‘ഇതിഹാസ’ത്തിന്റെ ചിത്രീകരണം. നസീർ, സോമൻ, സുകുമാരൻ എന്നിവരാണ് നായകന്മാർ. കൊച്ചിൻ ഹനീഫയുടെ കഥയ്ക്ക് പാപ്പനംകോട് ലക്ഷ്മണന്റെ തിരക്കഥ. 10 ദിവസമായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ. അതു കഴിഞ്ഞയുടൻ ‘രക്ത’ത്തിന്റെ ഷൂട്ടിങ് തുടങ്ങുകയാണ്. ജൂൺ 5 മുതൽ തുടർച്ചയായി 32 ദിവസങ്ങൾ. പൂർണമായും കേരളത്തിലായിരുന്നു ചിത്രീകരണം. അത് പൂർത്തിയാക്കിയിട്ടു വീണ്ടും ഇതിഹാസത്തിന്റെ മദ്രാസിലെ ലൊക്കേഷനിലേക്ക്. അവിടെ പകൽ ഇതിഹാസത്തിന്റെ ചിത്രീകരണം, രാത്രി രക്തത്തിന്റെ എഡിറ്റിങ്. ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ അതൊരു ആവേശമായിരുന്നു.

‘രക്തം’ സിനിമയുമായി ബന്ധപ്പെട്ടു മറക്കാനാവാത്ത മറ്റൊരു ഓർമയുണ്ട്. നസീർ സാറും മധുസാറുമായിരുന്നു ചിത്രത്തിലെ നായകന്മാർ. ചില വ്യക്തിപരമായ കാരണങ്ങളാൽ, മധുസാർ അന്ന് സിനിമയിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇനി സിനിമയിലേക്കില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു അദ്ദേഹം. ആ സമയത്താണ് നിർമാതാവ് സാഗ അപ്പച്ചനും തിരക്കഥാകൃത്ത് കലൂർ ഡെന്നിസും കൂടി അദ്ദേഹത്തെ കാണാൻ ചെല്ലുന്നത്. ‘രക്ത’ത്തിലെ ഒരു പ്രധാന വേഷം അദ്ദേഹം ചെയ്യണം. അവർ ആവശ്യം അറിയിച്ചു. എന്തൊക്കെ പറഞ്ഞിട്ടും മധുസാർ തീരുമാനം മാറ്റുന്നില്ല. ഒടുവിൽ, കലൂർ ഡെന്നിസിന്റെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം സമ്മതിച്ചു. പക്ഷേ, ഒരു ഉപാധിയുണ്ട്; അദ്ദേഹത്തിനു ഹോട്ടലിൽ താമസിക്കാൻ പറ്റില്ല. പകരം ഒരു വീട് ശരിയാക്കി നൽകണം. നിർമാതാവിനെ സംബന്ധിച്ച് അതൊരു പ്രശ്നമേ ആയിരുന്നില്ല. അദ്ദേഹം സമ്മതിച്ചു. അങ്ങനെ ഷൂട്ടിങ്ങിന്റെ തലേന്നു രാത്രി ഏഴുമണിയോടെ മധുസാർ എറണാകുളത്ത് ഗിരിനഗറിലുള്ള ഒരു വീട്ടിലെത്തി. പെട്ടെന്നാണ് ചുറ്റുമുള്ള വീട്ടുകാർ കാര്യം അറിയുന്നത്. മധുസാർ പുറത്തേക്കു നോക്കുമ്പോൾ വീടിന്റെ മതിലിലും ഗേറ്റിലുമൊക്കെ കയറിനിന്ന് ജനം ചുളംവിളിക്കുകയാണ്. അദ്ദേഹം അസ്വസ്ഥനാകാൻ തുടങ്ങി. ഉടൻതന്നെ, അദ്ദേഹം അപ്പച്ചനെ വിളിച്ച്, താൻ ഈ സിനിമയിൽ അഭിനയിക്കുന്നില്ലെന്നും തിരിച്ചുപോകാൻ ഒരു കാറുവേണമെന്നും ആവശ്യപ്പെട്ടു.

ഈ സമയത്ത് ഞാൻ മേനക തിയറ്ററിൽ ‘വളർത്തുമൃഗങ്ങൾ’ എന്ന സിനിമ കണ്ടുകൊണ്ടിരിക്കുകയാണ്. പെട്ടെന്നാണ് ബാൽക്കണിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്. തിരിഞ്ഞുനോക്കുമ്പോൾ നേരിയ വെളിച്ചത്തിൽ സാഗാ അപ്പച്ചനെയും പിന്നിൽ എസ്.എൻ.സ്വാമിയേയും കാണാം. സ്വാമി അന്ന് തിരക്കഥാകൃത്ത് ആയിട്ടില്ല. ഞങ്ങൾ തിയറ്ററിനു പുറത്തേക്കിറങ്ങി. കാര്യങ്ങൾ ആകെ കുഴഞ്ഞു മറിഞ്ഞിരിക്കുന്നു. ഇനി എന്തു ചെയ്യും? ഒടുവിൽ അപ്പച്ചനും സ്വാമിയും കൂടി ഹോട്ടൽ ഇന്റർനാഷനലിലേക്കു തിരിച്ചു. അവിടെ എം.ജി. സോമൻ ഉൾപ്പെടെ ചില നടീനടന്മാർ എത്തിയിട്ടുണ്ട്. അവിടെനിന്ന് സോമനേയും ശ്രീവിദ്യയേയും കൂട്ടി അവർ മധുസാർ താമസിക്കുന്ന വീട്ടിലെത്തുകയും ഒരുവിധത്തിൽ മധുസാറിനെ അനുനയിപ്പിക്കുകയുമായിരുന്നു. അന്ന് മധുസാർ തിരിച്ചു പോയിരുന്നെങ്കിൽ, ഒരു പക്ഷേ, ‘രക്തം’ എന്ന സിനിമ നടക്കില്ലായിരുന്നു.

86ലെ ഓണത്തിനും എന്റെ രണ്ടു സിനിമകൾ റിലീസ് ചെയ്തിരുന്നു. ‘സായംസന്ധ്യ’യും ‘ന്യായവിധി’യും. രണ്ടു ചിത്രങ്ങളും പരാജയപ്പെട്ടു. മമ്മൂട്ടിയുടെ 5 ചിത്രങ്ങൾ ഒരുമിച്ചു പുറത്തിറങ്ങിയ ഓണക്കാലമായിരുന്നു അത്. അതിൽ ‘ആവനാഴി’മാത്രം സൂപ്പർ ഹിറ്റായി. 87ൽ ഓണച്ചിത്രം ഇല്ലായിരുന്നെങ്കിലും ജൂലൈയിൽ പുറത്തിറങ്ങിയ ‘ന്യൂ ഡൽഹി’ ഓണം കഴിഞ്ഞും തിയറ്ററിൽ ഓട്ടം തുടർന്നു. അതുപോലെ 2005ലെ ഓണച്ചിത്രമായിരുന്നു ‘നരൻ’. അതിലെ വെള്ളപ്പൊക്കവും ലാലിന്റെ മരംപിടിക്കലുമൊക്കെ ഷൂട്ട് ചെയ്തത് മറക്കാനാവാത്ത ഓർമകൾ തന്നെയാണ്. ഹൊഗനക്കലിൽ 9 ദിവസം കൊണ്ടാണ് പാട്ടുകളും മരംപിടിത്തവും ക്ലൈമാക്സും ഉൾപ്പെടെ വെള്ളത്തിലെ ഭാഗങ്ങൾ മുഴുവൻ ഷൂട്ട് ചെയ്ത് തീർത്തത്.

‘രക്ത’ത്തിലേക്കു തന്നെ തിരിച്ചുവരാം. ‘രക്തം’ പ്രദർശിപ്പിച്ചു കൊണ്ടാണ് എറണാകുളത്തെ മൈമൂൺ തിയറ്റർ ഉദ്ഘാടനം ചെയ്തത്. അന്നത് വലിയ ആഘോഷമായിരുന്നു. ഇന്ന് മൈമൂൺ തിയറ്റർ അവിടെയില്ല. അത് ഇടിച്ചു നിരത്തി അവിടെ ഒരു ഷോപ്പിങ് മാൾ ഉയരുകയാണ്. ഒരു സിനിമ പരാജയപ്പെടുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ എത്രയോ വലുതാണ് ഒരു തിയറ്റർ ഇല്ലാതാകുമ്പോൾ ഉണ്ടാകുന്ന വേദന.

English Summary:

Joshiy Onam Memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com