ADVERTISEMENT

‘എമ്പുരാൻ’ പ്രദർശനത്തിനെത്തിയതിനു പിന്നാലെ രാഷ്ട്രീയ വിവാദം കനത്തതോടെ പ്രതികരണമറിയിച്ച് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ. ലൂസിഫറിന്റെ ഷൂട്ടിനു വേണ്ടി കനകക്കുന്ന് കൊട്ടാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് 2018ൽ തനിക്കു മുന്നിലെത്തിയ പൃഥ്വിരാജിനെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് സുരേന്ദ്രന്റെ പ്രതികരണക്കുറിപ്പ് ആരംഭിക്കുന്നത്. ഇപ്പോൾ സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാൻ രാഷ്ട്രീയ വിവാദങ്ങൾക്കു തിരികൊളുത്തിയതിനെക്കുറിച്ചു പരാമർശിച്ച അദ്ദേഹം, ചിത്രത്തെ റീ–സെൻസറിങ്ങിലേക്കു തള്ളിവിട്ട രാഷ്ട്രീയ ശക്തികളെ വിമർശിക്കുകയും ചെയ്തു. 

കുറിപ്പിന്റെ പൂർണരൂപം:

2018ലാണ് ടൂറിസം വകുപ്പ് മന്ത്രി ആയിരുന്ന എന്നെ കാണാൻ പൃഥ്വിരാജ് ഒദ്യോഗിക വസതിയിലേക്ക് വരുന്നത്. കനകക്കുന്ന് കൊട്ടാരം സിനിമ ഷൂട്ടിങ്ങുകൾക്ക് നൽകിയിട്ട് തിരിച്ച് നല്ല നിലയിൽ അല്ല നൽകിയിരുന്നത് എന്നതിനാൽ ഇനി കനകക്കുന്ന് കൊട്ടാരം ഷൂട്ടിങ്ങിന് അനുവദിക്കേണ്ടതില്ല എന്ന് ഞാൻ തീരുമാനം എടുത്തിരുന്നു. അതിനൊരു ഇളവ് ചോദിച്ചാണ് രാജു എത്തിയത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ക്ളൈമാസിലെ ഒരു സീൻ ഷൂട്ട് ചെയ്യാൻ കനകക്കുന്ന് വളരെ ആപ്റ്റ് ആണ് എന്നതാണ് കാരണം. ചിത്രത്തിലെ നായകൻ മോഹൻലാൽ. സിനിമയുടെ പേര് ലൂസിഫർ.

രാജുവിന്റെ ആവശ്യത്തോട് ആദ്യം ഞാൻ സ്നേഹപൂർവം എന്തുകൊണ്ട് കനകക്കുന്ന് ഷൂട്ടിങ്ങിന് നൽകുന്നില്ല എന്ന് കാര്യകാരണ സഹിതം വിശദീകരിച്ചു. ഞാൻ പറഞ്ഞ വസ്തുതകൾ എല്ലാം അംഗീകരിച്ചുകൊണ്ട് കനകക്കുന്നിനു ഒരു പോറൽ പോലും ഏല്പിക്കാതെ തിരിച്ചുതരാം എന്ന രാജുവിന്റെ ഉറപ്പിലാണ് അന്ന് ലൂസിഫറിന് കനകക്കുന്ന് അനുവദിക്കുന്നത്.

അന്ന് ഒരിക്കൽ പോലും സിനിമയുടെ കഥ എന്താണെന്നോ സർക്കാരിന് വിമർശനം ഉണ്ടോ എന്നോ സിപിഐഎം വിരുദ്ധത ഉണ്ടോ എന്നൊന്നും ഞാൻ അന്വേഷിച്ചിരുന്നില്ല. പടം ഇറങ്ങിയപ്പോൾ പോയി കാണുകയും മുകളിൽ പറഞ്ഞതൊക്കെ ഉണ്ടെന്ന് മനസ്സിലാവുകയും ചെയ്തു. പടം ഇഷ്ടപെട്ടതിനാൽ പൃഥ്വിരാജിനെ വിളിച്ച് അഭിനന്ദനം അറിയിച്ചതല്ലാതെ ഇതേകുറിച്ചൊന്നും ചോദിച്ചിട്ടുമില്ല. പടം കണ്ട ഒരാളും എന്തിന് ആ സിനിമയ്ക്ക് കനകക്കുന്ന് നൽകി എന്നും എന്നോട് ചോദിച്ചിട്ടില്ല. കാരണം അതെല്ലാം ഒരു കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം ആണ് എന്ന് ഉത്തമ ബോധ്യം ഉള്ളവരാണ് ഞാനും ഞാൻ ഉൾപ്പെടുന്ന ഇടതുപക്ഷ സമൂഹവും.

ഇന്ന് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ അതിശക്തമായ വേട്ടയടലുകൾ നേരിടുകയാണ്. സംഘപരിവാർ 2002ൽ ചെയ്തു കൂട്ടിയതൊക്കെ സമൂഹത്തെ വീണ്ടും ഓർമിപ്പിച്ചു എന്നതാണ് കുറ്റം. ശക്തമായവിദ്വേഷ പ്രചാരണമാണ് ഇതിന്റെ പേരിൽ മോഹൻലാലും പൃഥ്വിരാജും ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ നേരിടുന്നത്. അണികൾ മാത്രമല്ല ആർഎസ്എസ് നേതാക്കൾ പോലും പരസ്യ ഭീഷണിയുമായി മുന്നിട്ട് ഇറങ്ങി കഴിഞ്ഞു. 

ഈ സമ്മർദത്തിൽ പെട്ട് സിനിമയിലെ സുപ്രധാന രംഗങ്ങൾക്ക് കത്രിക വയ്ക്കേണ്ടി വന്നു എന്ന് മാത്രമല്ല മോഹൻലാൽ ലാൽ എന്ന മഹാനടന് മാപ്പ് പറയേണ്ടിയും വന്നിരിക്കുന്നു. വർഗീയ ഫാസിസ്റ്റുകളുടെ ഭീഷണിക്ക് മുന്നിൽ കലാകാരന്മാർക്ക് മുട്ട് മടക്കേണ്ടി വരുന്ന സാഹചര്യം നമ്മുടെ നാടിന് ഒട്ടും ഭൂഷണമല്ല.

സംഘപരിവാർ ഭീഷണിക്ക് മുന്നിൽ വഴങ്ങിയതിന് ഇവിടെ മോഹൻലാലിനെയോ പൃഥ്വിരാജിനെയോ മറ്റ് അണിയറ പ്രവർത്തകരെയോ കുറ്റം പറയാൻ കഴിയുകയില്ല. അവരുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങിയില്ല എങ്കിൽ എമ്പുരാൻ സിനിമയിൽ കാണിച്ചത് പോലെ നാളെ അവർ കണി കാണേണ്ടി ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെയാവും. കുറ്റമൊന്നും ചെയ്യേണ്ട. മുദ്രവച്ചു കൊടുക്കുന്ന വെള്ളപ്പേപ്പറുകളുടെ ബലത്തിൽ ആരെയും മാസങ്ങളോളം ജയിലഴികൾക്ക് ഉള്ളിൽ അടക്കാൻ കഴിയുന്ന സൂപ്പർപവർ ഉള്ള ഏജൻസികൾ ആണവർ. 

ഇതിനെതിരെ പ്രതികരിക്കേണ്ടത് സംഘപരിവാറിനെ വിറളി പിടിപ്പിച്ച ആ രാഷ്ട്രീയം കൂടുതൽ ഉച്ചത്തിൽ ചർച്ച ചെയ്താണ്. ഓരോ തെരുവിലും, ഓരോ ചായക്കടകളിലും, ഓരോ ബിസിനസ് ലോഞ്ചുകളിലും ഓരോ കുടുംബത്തും ആ വർഗീയ രാഷ്ട്രീയം കൂടുതൽ ഉച്ചത്തിൽ ചർച്ചയാവട്ടെ.

സിനിമയ്ക്ക് കത്രിക വയ്ക്കുന്നു എന്നറിഞ്ഞതിനെ തുടർന്ന് ഇന്നലെ രാത്രി കൈരളി തിയേറ്ററിൽ കുടുംബ സമേതം എമ്പുരാൻ കണ്ടു.

English Summary:

Kadakampally Surendran reacts to the Empuraan controversy

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com