പ്രേമലു കേമലു; റിവ്യു
Premalu Movie Review
Mail This Article
"പ്രേമം പൈങ്കിളിയല്ലേ?"
"അതെ"
"അത് മൊത്തം ക്ലീഷെ അല്ലേ?"
അതെ
"എന്നിട്ടും ആളുകൾ ഇപ്പോഴും
"പ്രേമിക്കുന്നില്ലേ?"
"അതെ"
"അതിനു കാരണമെന്താ?"
ഉത്തരം സിംപിൾ. സംഭവം കളറാണ്. അങ്ങനെയൊരു കളറുള്ള രസികൻ പടമാണ് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘പ്രേമലു’. ന്യൂജെൻ പിള്ളേരുടെ പ്രേമവും ജീവിതവും നല്ല കളറായി പറഞ്ഞ് മലയാളികളുടെ മനസിൽ കയറിക്കൂടിയ ഗിരീഷ് എ.ഡി ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല. ട്രെയിലറിൽ കണ്ട പോലെ പ്രേമലു അടിമുടി ഒരു പ്രേമപ്പടമാണ്.
ബി.ടെക് കഴിഞ്ഞ് പുറത്തിറങ്ങിയ ഒരു കൂട്ടം ചെറുപ്പക്കാരുടെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും ലോകത്തേക്കാണ് പ്രേമലു കണ്ണു തുറക്കുന്നത്. ആലുവക്കാരനായ സച്ചിൻ സേലത്തു നിന്ന് കോഴ്സു കഴിഞ്ഞ് ഗേറ്റിന് തയാറെടുക്കാൻ ഹൈദരാബാദിലെത്തുന്നു. കോളജും സ്കൂളും നാട്ടിലെ ഇട്ടാവട്ടങ്ങളിൽ പൂർത്തിയാക്കിയ റീനു, ജീവിതം എക്സ്പ്ലോർ ചെയ്യാനാണ് ഹൈദരാബാദിൽ ജോലി സംഘടിപ്പിച്ച് എത്തുന്നത്. സമാന്തരരേഖയിൽ പോയിക്കൊണ്ടിരുന്ന ഈ രണ്ടു പേർ കണ്ടുമുട്ടുന്നിടത്താണ് പ്രേമലു ഫുൾ പവറിൽ ടേക്ക് ഓഫ് ആകുന്നത്.
നസ്ലിൻ, മമിത, സംഗീത് പ്രതാപ്, ശ്യാം മോഹൻ, ഷമീർ ഖാൻ, അഖില ഭാർഗവൻ എന്നിവരുടെ കിടിലൻ പ്രകടനങ്ങളാണ് പ്രേമലുവിനെ കളറാക്കുന്നത്. ഇവർ തമ്മിലുള്ള കോംബിനേഷനുകളിൽ ഏതാണ് മികച്ചതെന്നു പറയുക എളുപ്പമല്ല. എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ വ്യക്തിത്വവും വ്യക്തതയുമുണ്ട്. അതുകൊണ്ടു തന്നെ, ഒരു കഥാപാത്രം പോലും മറ്റൊരാളുടെ നിഴലായി തോന്നില്ല. സച്ചിന്റെയും റീനുവിന്റെയും റൊമാൻസ് ആണ് മുഖ്യപ്രമേയമെങ്കിലും സംഗീതിന്റെ അമൽ ഡേവിസിനോടും അഖിലയുടെ കാർത്തികയോടും ശ്യാം മോഹന്റെ ആദിയോടും ഷമീർ ഖാന്റെ സുബിനോടും പ്രേക്ഷകർക്ക് ഇഷ്ടവും അടുപ്പവും തോന്നും. തിരക്കഥയുടെ ബ്രില്യൻസിനൊപ്പം അഭിനേതാക്കളുടെ കൃത്യതയാർന്ന പ്രകടനം കൊണ്ടു കൂടിയാണ് അതു സാധ്യമാകുന്നത്.
നസ്ലിൻ തന്റെ സ്ഥിരം പാറ്റേണിൽ അനായാസമായാണ് സച്ചിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. തണ്ണീർമത്തൻ ദിനങ്ങൾ മുതൽ മലയാളികൾ ഇഷ്ടപ്പെടുന്ന ആ നസ്ലിൻ മാജിക് പ്രേമലുവിലും കാണാം. ചില ഡയലോഗുകൾ, നസ്‌ലിന്റെ ശൈലിയിൽ കേൾക്കുമ്പോൾ തന്നെ തിയറ്ററിൽ ചിരി പൊട്ടും. ഓവറാക്കി ചളമാക്കാതെ നസ്ലിൻ മനോഹരമായി അതു കൈകാര്യം ചെയ്തിട്ടുണ്ട്. നസ്ലിൻ–മമിത കോംബോയും ക്യൂട്ടായി അനുഭവപ്പെടും. സൗഹൃദവും തമാശയും പോലെ തന്നെ ഇമോഷനൽ രംഗങ്ങളും ഇരുവരും ഒരുപോലെ സ്കോർ ചെയ്തിട്ടുണ്ട്. ശ്യാം മോഹൻ അവതരിപ്പിച്ച ആദി എന്ന കഥാപാത്രവും മികച്ചതാണ്. എല്ലാ ബന്ധങ്ങളിലും ടോക്സിക് ആയി മാത്രം ഇടപെടുന്ന മിസ്റ്റർ പെർഫെക്ടായി ശ്യാം മോഹൻ തകർത്തു. ശരീരഭാഷയിലും ഡയലോഗ് ഡെലിവറിയിലും പുഞ്ചിരിയിൽ പോലും ടോക്സിസിറ്റി വാരിവിതറിക്കൊണ്ടാണ് ശ്യാം ആ കഥാപാത്രത്തെ ഭംഗിയാക്കിയത്. ഒരു പ്രത്യേക രീതിയിൽ ശ്യാമിന്റെ കഥാപാത്രം 'ജസ്റ്റ് കിഡ്ഡിങ്' എന്നു പറയുന്നത് ഒരു ശൈലിയായി പോലും ക്യാംപസ് ഏറ്റെടുത്തേക്കാം.
ഡയലോഗ് അടിച്ച് കയ്യടി വാങ്ങുന്ന വേറെ ചിലരുമുണ്ട് പ്രേമലുവിൽ. അതിലൊന്നാം സ്ഥാനം ഷമീർ ഖാൻ അവതരിപ്പിക്കുന്ന സുബിനാണ്. ചൂരൽ സീരീസിലൂടെ ശ്രദ്ധേയനായ ഷമീറിന്റെ അതിരസകരമായ പ്രകടനമാണ് പ്രേമലുവിലുള്ളത്. ഉരുളയ്ക്ക് ഉപ്പേരി പോലെ നസ്ലിന്റെ ഡയലോഗുകൾക്ക് കിടിലൻ കൗണ്ടറുകളടിച്ച് കയ്യടി നേടുന്ന അടുത്ത താരം സംഗീത് പ്രതാപാണ്. സ്പോട്ട് എഡിറ്ററായും അഭിനേതാവായും മലയാളസിനിമാപരിസരത്തുള്ള സംഗീതിന്റെ കരിയർ ബെസ്റ്റാണ് അമൽ ഡേവിസ് എന്ന കഥാപാത്രം. പ്രേമിക്കുന്നവർക്ക് ഒരു കൈപ്പുസ്തകം തയാറാക്കുകയാണെങ്കിൽ അക്കമിട്ടു പറയാൻ സാധിക്കും വിധമുള്ള മാർഗനിർദേശങ്ങളാണ് അമൽ ഡേവിസ് സിനിമയിൽ കാച്ചുന്നത്. അധികം ഡയലോഗുകൾ ഇല്ലെങ്കിലും ഉള്ള ഭാഗത്ത് കൂളായി സ്കോർ ചെയ്യുന്ന മീനാക്ഷിയുടെ വാണ്ടർലസ്റ്റ് പലപ്പോഴും നല്ല ചിരിനിമിഷങ്ങൾ തിയറ്ററിൽ സമ്മാനിക്കുന്നുണ്ട്. എന്നാൽ, മാത്യുവിന്റെ തോമസ് എന്ന കഥാപാത്രത്തിന് കാര്യമായൊന്നും സിനിമയിൽ ചെയ്യാനില്ല. മാത്യുവിന്റെ സാന്നിധ്യം നൽകുന്ന ചെറുചിരികളൊഴിച്ചു നിറുത്തിയാൽ തീർത്തും അപ്രസക്തമാണ് ആ കഥാപാത്രം.
ചെറുപ്പക്കാരുടെ വൈബും കളറും കൃത്യമായി ഫ്രെയിമിൽ പകർത്തിയിട്ടുണ്ട് ഛായാഗ്രാഹകൻ അജ്മൽ സാബു. സിനിമയും കാണാം, ഹൈദരാബാദും കണ്ടു വരാം എന്ന ഫീലുണ്ട് സിനിമയുടെ ഫ്രെയിമുകൾക്ക്. അതുപോലെ സിനിമയുടെ മൂഡിനെ നിലനിറുത്തുന്നതായിരുന്നു വിഷ്ണു വിജയ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തലസംഗീതവും. ഓരോ കഥാപാത്രങ്ങൾക്കു കൊടുക്കുന്ന ചില പ്രത്യേക ബിജിഎമ്മുകൾ എടുത്തു പറയണം. ഏറ്റവും മികച്ചതായി അനുഭവപ്പെട്ടത് ശ്യാം മോഹന്റെ ആദി വരുമ്പോഴുള്ള സാക്സോഫോൺ പീസാണ്. ക്ലൈമാക്സിനോട് അനുബന്ധിച്ച് മീനാക്ഷിയുടെ കഥാപാത്രം പശ്ചാത്തലത്തിൽ ഒരുക്കുന്ന 'സംഗീത വിരുന്നും' തിയറ്ററിൽ കൂട്ടച്ചിരി ഉയർത്തി. ആകാശ് ജോസഫ് വർഗീസാണ് ചിത്രത്തിന്റെ എഡിറ്റർ.
പ്രേക്ഷകർക്ക് എളുപ്പത്തിൽ ഊഹിച്ചെടുക്കാവുന്ന കഥാസന്ദർഭങ്ങളെ രസകരമായ ഡയലോഗുകളിലൂടെ മികച്ചൊരു അനുഭവമാക്കുകയാണ് ഗിരീഷ് എ.ഡി എന്ന സംവിധായകൻ. തണ്ണീർമത്തൻ ദിനങ്ങളുടെ ടെംപലേറ്റിന്റെ അവർത്തനമാണെങ്കിൽ പോലും പ്രേക്ഷകരെ കഥ പറച്ചിലിന്റെ രസച്ചരടിൽ കൊരുത്തിടാൻ സംവിധായകന് കഴിയുന്നുണ്ട്. കിരൺ ജോസിക്കൊപ്പം ഗിരീഷ് എ.ഡിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കഥാപാത്രസൃഷ്ടിയിലും മെയ്ക്കിങ്ങിലും സൂപ്പർശരണ്യയേക്കാൾ മികച്ചൊരു ഫീലാണ് പ്രേമലു സമ്മാനിക്കുന്നത്. അതികാൽപനികതയുടെ മാറാപ്പുകൾ ഇല്ലാതെ സ്വതന്ത്രമായി പാറിപ്പറക്കുന്ന പുതിയ കാലത്തെ പ്രേമത്തെ ആ ഫീലോടു കൂടി ഈ സിനിമയിൽ അനുഭവിക്കാം. ചുരുക്കിപ്പറഞ്ഞാൽ പ്രേമലു ഒരു കേമലു സിനിമ തന്നെ.