പ്രതിരോധത്തിന്റെ ഇടിക്കാഴ്ച്ച; ‘ഇടിയൻ ചന്തു’ റിവ്യു
Idiyan Chandhu Review
Mail This Article
പീറ്റർ ഹെയ്നും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന സിനിമ! ഈ കോംബോ എന്തു മാജിക് ആയിരിക്കും ഒരുക്കി വച്ചിരിക്കുന്നത് എന്ന കൗതുകമാണ് ‘ഇടിയൻ ചന്തു’ എന്ന സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനം മുതൽ പ്രേക്ഷകർ ഉറ്റുനോക്കിയിരുന്നത്. ആ കാത്തിരിപ്പ് വെറുതെയായില്ല. നല്ല നാടൻ തല്ലിന്റെ കാർണിവൽ ആണ് ഇടിയൻ ചന്തു. എന്നാൽ, 'ഇടിയൻ' എന്ന പേരിന് ചന്തു മാത്രമല്ല അവകാശി. അതാണ് ഈ സിനിമ പ്രേക്ഷകർക്കു സമ്മാനിക്കുന്ന റിയൽ കിക്ക്!
വിഷ്ണു ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന ചന്തുവിന്റെ കുട്ടിക്കാലത്തിലെ ട്രോമകളിലൂടെയാണ് സിനിമ തുടങ്ങുന്നത്. ചന്തുവിന്റെ അച്ഛൻ പൊലീസിൽ ആണെങ്കിലും തനി ക്രിമിനൽ ആണ്. അയാളുടെ ക്രൂരതകൾ നേരിടേണ്ടി വരുന്ന ചന്തുവിന് അയാളുടെ പേരു പോലും ബാധ്യതയാകുകയാണ്. അതിനെ മറികടക്കാൻ ചന്തുവും അമ്മയും നടത്തുന്ന പരിശ്രമങ്ങളാണ് സിനിമയെ മുൻപോട്ടു കൊണ്ടുപോകുന്നത്.
സാധാരണ ഇടിപ്പടത്തിന്റെ ടെംപ്ലേറ്റിൽ നിൽക്കുമ്പോൾ പോലും മലയാളത്തിലെ ഇടിപ്പടങ്ങളിലെ ചില ക്ലീഷെകൾ പൊളിക്കാൻ ഇടിയൻ ചന്തുവിന് കഴിയുന്നുണ്ട്. അതിമാനുഷികനായ ഒരു നായകൻ പത്തിരുപതു പേരെ ഒറ്റയ്ക്കു അടിച്ചു വീഴ്ത്തുന്ന മാസ് ആക്‌ഷൻ അല്ല സിനിമയിലുള്ളത്. പ്രതിരോധത്തിന്റെ ഭാഗമായി ആരും ചെയ്തു പോയേക്കാവുന്ന റിയലസ്റ്റിക് അടിപിടികളുടെ രസികൻ കാഴ്ചയാണ് സിനിമ സമ്മാനിക്കുന്നത്. ആ ഇടി നായകനിൽ മാത്രം ഒതുങ്ങുന്നില്ല. വേണ്ടി വന്നാൽ ഒരു കൈ നോക്കാൻ തയാറാണ് സിനിമയിലെ ഒട്ടു മിക്ക കഥാപാത്രങ്ങളും. ഇടിക്കു വേണ്ടി ഇടി കുത്തിത്തിരുകാത്ത കിടിലൻ ഇടികൾ സിനിമയിലുടനീളം കാണാം. കേരളത്തിലെ കായികമേളകളിൽ എന്നും തിളക്കമേറിയ പ്രകടനം കാഴ്ച വയ്ക്കുന്ന കോതമംഗലത്തിന്റെ കായിക പാരമ്പര്യത്തിന്റെ പശ്ചാത്തലം ഭംഗിയായി സിനിമ ഉപയോഗപ്പെടുത്തുന്നു. ഇടിയൻ ചന്തുവിന്റെ കഥയെ വിശ്വസനീയമാക്കുന്നത് ഈ പശ്ചാത്തലമാണ്. അതിൽ കൃത്യമായൊരു പ്ലേസ്മെന്റ് ഐ.എം.വിജയനു നൽകിയതും രസകരമായി അനുഭവപ്പെട്ടു.
പ്ലസ്ടുവിന് പഠിക്കുന്ന പയ്യനായി ഗംഭീര പകർന്നാട്ടമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ കാഴ്ച വച്ചത്. ഓരോ ഇടിയും അതിന്റെ ഇമോഷനും അത്യന്തം സ്വാഭാവികതയോടെ വിഷ്ണു പ്രേക്ഷകർക്കു മുൻപിലെത്തിക്കുന്നു. ടൈറ്റിൽ കഥാപാത്രമായി ഇതിനു മുൻപും സിനിമ വിജയിപ്പിച്ചിട്ടുണ്ട് വിഷ്ണു. കഥാപാത്രത്തോടു പുലർത്തുന്ന സത്യസന്ധതയാണ് വിഷ്ണുവിന്റെ പ്രകടനത്തെ മനോഹരമാക്കുന്നത്. ഇടിയൻ ചന്തുവിൽ കാണുന്നതും മറ്റൊന്നല്ല.
സിനിമയുടെ ഏറ്റവും മികവായി അനുഭവപ്പെടുന്നത് അഭിനേതാക്കളുടെ പ്രകടനങ്ങളാണ്. ഓരോ കഥാപാത്രവും കൃത്യമായ വൈകാരിക അടുപ്പം പ്രേക്ഷകരുമായി സ്ഥാപിച്ചെടുക്കുന്നുണ്ട്. ഓരോരുത്തർക്കുമുണ്ട് അവരുടേതായ മൊമന്റ്സ്! ടൈറ്റിൽ കഥാപാത്രമായെത്തുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ മുതൽ ചന്തുവിന്റെ അമ്മയായെത്തുന്ന ലെന, അമ്മാവൻ കഥാപാത്രത്തെ അവതരിപ്പിച്ച ബിജു സോപാനം, അമ്മായി സ്മിനു, സ്കൂൾ പ്രിൻസിപ്പാൾ ആയെത്തുന്ന ലാലു അലക്സ്, പിടിഎ പ്രസിഡന്റ് ജോണി ആന്റണി, മകനായെത്തുന്ന ഗോപികൃഷ്ണൻ, സ്കൂളിലെ കരാട്ടെ സ്റ്റാറായ ടീനയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ജയശ്രീ, ചന്തുവിന്റെ ബെസ്റ്റിയായ ദുർഗ എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും മനസിൽ നിൽക്കും. വിഷ്ണുവിന്റെ സ്കൂൾ ഗ്യാങ് കോംബോയും ഗംഭീരമായിരുന്നു. സൂരജ് തലേക്കാടിനൊപ്പം പേരില്ലൂർ പ്രീമിയർ ലീഗിലൂടെ ശ്രദ്ധേയനായ അഭിനേതാവും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.
ഭർത്താവ് മരിച്ച വിവരം അറിയിക്കുന്ന ഫ്ലെക്സ് മറിച്ചിട്ട് അതിൽ 'വീട്ടിൽ ഊണ്' എന്നെഴുതി നാട്ടുകാരുടെ ചോദ്യങ്ങൾക്ക് തലയെടുപ്പോടെ മറുപടി നൽകുന്ന ലെനയുടെ കഥാപാത്രം മലയാള സിനിമയിലെ 'അബല'കളായ വിധവകളുടെ ക്ലീഷെ കാഴ്ചകൾക്കുള്ള മറുപടിയായി. പല റേഞ്ചിലുള്ള വൈദിക കഥാപാത്രങ്ങൾ മലയാള സിനിമയിൽ സംഭവിച്ചിട്ടുണ്ട്. അതിലേക്ക് ചേർത്തു വയ്ക്കാവുന്ന പ്രകടനമാണ് ലാലു അലക്സിന്റെ പ്രിൻസിപ്പാൾ. മലയാള സിനിമയിലെ മാതൃകാ പിതാവിനുള്ള പുരസ്കാരം നേടാനുള്ള സകല യോഗ്യതയും തനിക്കുണ്ടെന്ന് ആവർത്തിക്കുന്ന കഥാപാത്രമാണ് ജോണി ആന്റണിയുടേത്.
ഈ സിനിമയിലും അങ്ങനെയൊരു സ്നേഹം നേടിയെടുക്കുന്നുണ്ട് ജോണി ആന്റണി. തിരികെ എന്ന ചിത്രത്തിലൂടെ ഗംഭീര പ്രകടനം നടത്തിയ ഗോപികൃഷ്ണന്റെ മറ്റൊരു മികവാർന്ന പ്രകടനം ഇടിയൻ ചന്തുവിലുണ്ട്. ഡൗൺ സിൻഡ്രോമുള്ള കഥാപാത്രമായി തന്നെയാണ് ഗോപികൃഷ്ണൻ സിനിമയിൽ എത്തുന്നതും. പ്രേക്ഷകരെ ചുണ്ടിൽ പുഞ്ചിരി നിറയ്ക്കുന്ന ചില നിമിഷങ്ങൾ ഗോപികൃഷ്ണന്റെ സംഭാവനയാണ്. സിനിമയിൽ മറ്റൊരു പവർപാക്ക്ഡ് പ്രകടനം നടത്തുന്നത് വിദ്യ വിജയകുമാറാണ്. ദുർഗ എന്ന കഥാപാത്രം തീർച്ചയായും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിക്കുന്ന ഒന്നാണ്.
ഗായത്രി അരുൺ, ചന്തു സലിംകുമാർ, കിച്ചു ടെല്ലസ്, ഫുക്രു, രഘുനാഥ് പലേരി, സലിം കുമാർ, അഭിജ, ദിനേശ് പ്രഭാകർ എന്നിവരും അവരുടെ കഥാപാത്രങ്ങൾ മികച്ചതാക്കി. സംവിധായകൻ ശ്രീജിത്ത് വിജയൻ തന്നെയാണ് സിനിമയുടെ തിരക്കഥയും എഴുതിയിരിക്കുന്നത്. ഒരു ആക്‌ഷൻ സിനിമയ്ക്ക് വേറിട്ടൊരു കാഴ്ച സമ്മാനിക്കുന്നുണ്ട് ശ്രീജിത്തിന്റെ എഴുത്ത്. എല്ലാ കഥാപാത്രങ്ങളെയും അത്രയും ഭംഗിയോടെ ശ്രീജിത്ത് അവതരിപ്പിച്ചിട്ടുണ്ട്. ദീപക് ദേവിന്റെ പശ്ചാത്തല സംഗീതവും പീറ്റർ ഹെയ്നിന്റെ സംഘട്ടനവും സിനിമയുടെ ഗ്രാഫ് ഉയർത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അരവിന്ദ് ആർ വാര്യരും മിൻഷാദ് സാറയും ഒരുക്കിയ ഗാനങ്ങളും സിനിമയുടെ കഥപറച്ചിലിന് അനുയോജ്യമായി. വിഘ്നേഷ് വാസുവാണ് ക്യാമറ. വി. സാജനാണ് എഡിറ്റർ.
ചുരുക്കത്തിൽ ഇടിയൻ ചന്തു ഒരു നായകന്റെ ഒറ്റയാൾ പ്രകടനമല്ല. മറിച്ച് ഒരു കൂട്ടം മനുഷ്യർ നടത്തുന്ന പ്രതിരോധത്തിന്റെ ഇടിക്കാഴ്ച്ചയാണ്. വെറും ഇടിപ്പടത്തിന്റെ ഫോർമുലയ്ക്കു മുകളിൽ നിൽക്കുന്ന സിനിമ തീർച്ചയായും എല്ലാ തരത്തിലുള്ള പ്രേക്ഷകർക്കും കണക്ട് ആകുന്ന ഒന്നാണ്.