ADVERTISEMENT

1997ൽ റിലീസ് ചെയ്ത ‘ബ്രേക്ഡൗൺ’ എന്ന ഹോളിവുഡ് സിനിമയുടെ കറതീർന്ന റീമേക്ക് ആണ് അജിത്ത് ചിത്രം ‘വിടാമുയർച്ചി’. സിനിമയിലെ പ്രധാന പ്ലോട്ട് അതുപോലെ തന്നെ കടമെടുത്ത് കുറച്ച് കഥാപാത്രങ്ങളിൽ മാത്രം ചെറുതായൊരു മാറ്റം വരുത്തിയാണ് തമിഴ് റീമേക്ക് എത്തുന്നത്. ക്രൈം ത്രില്ലർ ഗണത്തിൽപെടുന്ന സിനിമയായതിനാൽ അതിനോടു നൂറ് ശതമാനം നീതിപുലർത്തുന്ന മേക്കിങ് ശൈലിയാണ് സംവിധായകനായ മഗിഴ് തിരുമേനി കാഴ്ചവച്ചിരിക്കുന്നതെങ്കിലും അജിത്ത് കുമാറിന്റെ സ്ക്രീൻ പ്രസൻസും എനർജിയും പൂർണമായി ഉപയോഗിച്ചുണ്ടോ എന്നത് സംശയം.

12 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് വിവാഹ മോചനത്തിനായി തയാറെടുത്തു നിൽക്കുന്ന ദമ്പതികളാണ് അർജുനും കായലും. അർജുനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച് കായൽ തിരിച്ചു സ്വന്തം വീട്ടിലേക്കു പോകാൻ തീരുമാനിക്കുന്നു. അവസാന യാത്രയെന്ന നിലയിൽ കായലിനെ വീട്ടില്‍ കൊണ്ടാക്കാൻ അർജുൻ ആഗ്രഹിക്കുന്നു. റോഡ് മാർഗമാണെങ്കിൽ അസർബെയ്ജാനിൽ നിന്നും ഒൻപത് മണിക്കൂർ ഡ്രൈവുണ്ട് കായൽ താമസിക്കുന്ന സ്ഥലത്തേക്ക്. അങ്ങനെ ആ യാത്രയ്ക്കിടയിൽ ഇവരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. 

ഒട്ടും ബോറടിപ്പിക്കാത്ത രീതിയിലുള്ള കഥ പറച്ചിലാണ് സിനിമയുടേത്. ആദ്യ പകുതി പതി‍ഞ്ഞ താളത്തിലാണ് പോകുന്നതെങ്കിലും രണ്ടാം പകുതി ഉദ്വേഗജനകമാണ്. ഏറെ എൻഗേജിങ് ആയ നിമിഷത്തിലാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നതെന്നും എടുത്തു പറയണം. തിരക്കഥയുടെ ഗൗരവം ഒട്ടും ചോരാതെ തന്നെ കഥ പറയാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അവസാനത്തിലേക്ക് അടുക്കുമ്പോൾ അതിന്റെ ആകാംക്ഷയും കരുത്തും കുറഞ്ഞുവരുന്നു.

ഹോളിവുഡ് ക്രൈം ഡ്രാമ സമീപനമാണ് സംവിധായകന്റേത്. തമിഴ് സിനിമയിൽ സാധാരണയായി കണ്ടുവരുന്ന വീര പരിവേഷമൊന്നും നായകനു നൽകിയിട്ടില്ല. അജിത്തിനെ സംബന്ധിച്ച് വലിയ വെല്ലുവിളി നിറഞ്ഞ വേഷമെന്നും പറയാനാകില്ല. അദ്ദേഹത്തിന്റെ സ്ക്രീൻ പ്രസൻസും എനർജിയും പൂർണമായും ഉപയോഗിച്ചിട്ടുമില്ല. ഹമ്മറിനുള്ളിൽ നിന്നുള്ള ആക്‌ഷൻ സീക്വൻസും ചേസിങും അതി ഗംഭീരം. എന്നാൽ ക്ലൈമാക്സിനോടടുക്കുമ്പോൾ എടുത്ത പറയത്തക്ക ഫൈറ്റ് സീൻസ് കൊണ്ടുവരാനുമായില്ല.

ഫ്ലാഷ് ബാക്ക് സീനുകളിൽ അജിത്ത്–തൃഷ കെമിസ്ട്രി മനോഹരമായി ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ക്ലീൻ ഷേവ് ലുക്കിൽ അജിത് കൂടുതൽ ചെറുപ്പമായതുപോലെ തോന്നും. പ്രതിനായക വേഷങ്ങളിൽ അർജുനും റെജിന കസാൻഡ്രയും തിളങ്ങി. ഇവരുടെ പൂർവകാലം പറയുന്ന ഫ്ലാഷ് ബാക്ക് രംഗങ്ങള്‍ ഒഴിവാക്കാമായിരുന്നു. ആരവ് ആണ് സിനിമയിലെ മറ്റൊരു വില്ലൻ. ബോഡി ലാംഗ്വേജിലും ലുക്കിലും ഡയലോഗ് ഡെലിവറിയിലും ആരവ് മികച്ചു നിന്നു. രവി രാഘവേന്ദ്ര, രമ്യ സുബ്രഹ്മണ്യൻ, നിഖിൽ നായർ, ജീവ രവി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

അനിരുദ്ധിന്റെ പശ്ചാത്തല സംഗീതമാണ് വിടാമുയർച്ചിയുടെ കരുത്ത്. മൂന്ന് ഗാനങ്ങളും മനോഹരം. ഓം പ്രകാശ് ആണ് ഛായാഗ്രഹണം. ഒരു റോഡ് ത്രില്ലർ സിനിമയുടെ സ്വഭാവത്തിനനുസരിച്ചുള്ള മൂഡ് നിലനിർത്തുന്നത് ഓം പ്രകാശിന്റെ ക്യാമറയാണ്. എൻ.ബി. ശ്രീകാന്ത് ആണ് എഡിറ്റിങ്.

ആക്‌ഷൻ ഡ്രാമ ത്രില്ലർ എന്ന നിലയിൽ പ്രേക്ഷകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് ‘വിടാമുയർച്ചി’. അജിത്ത് കുമാറിന്റെ മാസ്സ് സീനുകളും, ഡയലോഗുകളും ഒക്കെ പ്രതീക്ഷിച്ചാൽ നിരാശയാവും ഫലം.

English Summary:

Vidaamuyarchi Tamil Movie Review

REEL SMILE

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com