കൈതപ്രം കച്ചേരിത്തിരക്കിൽ, യേശുദാസിന് കാത്തിരിക്കാനുമാകില്ല; ഒടുവിൽ സത്യൻ അന്തിക്കാട് പാട്ടെഴുത്തുകാരനായി!
Mail This Article
‘‘നിങ്ങൾ ഒന്നു പുറത്തുപോയിട്ടു വരു. അപ്പോഴേക്കും ഞാനൊന്നു ശ്രമിച്ചു നോക്കട്ടെ.’’ ചെന്നൈ ന്യൂ വുഡ്‌ലാൻഡ്സിലെ ഒരു മുറിയിൽ ഏറെ നേരത്തെ തലപുകച്ചിലിനൊടുവിൽ സംവിധായകന്റെ വക ആശ്വാസവാക്കുകൾ. ലോഹിതദാസും ജോൺസണും അതു കേട്ടപ്പോൾ അൽപം സമാധാനിച്ചു. പറയുന്നത് വെറും സംവിധായകനല്ലല്ലോ, പാട്ടെഴുത്തുകാരനായി കടന്നുവന്ന് സംവിധായകനായ ആളല്ലേ! മാത്രവുമല്ല പഴയ ലാവണത്തിൽ എത്രയോ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ആളും! പക്ഷേ, പാട്ടെഴുതാൻ ഇനിയില്ലെന്നു പറഞ്ഞ് ഒരിക്കൽ താഴ്ത്തിവച്ച പേന വീണ്ടും എടുക്കുമ്പോൾ...... പിന്നെയും ശേഷിക്കുന്ന ആശങ്കകളുമായി എന്തായാലും അവർ മുറി വിട്ടിറങ്ങി. ‘‘ദേ, നിങ്ങൾ രണ്ട് മണിക്കൂർ കഴിഞ്ഞേ മടങ്ങി വരാവൂ.....’’ - വാതിൽ ചാരവേ സുഹൃത്തുക്കളെ ഓർമപ്പെടുത്താനും പാട്ടെഴുത്തിനൊരുങ്ങിയ ആ സംവിധായകൻ അപ്പോൾ മറന്നില്ല
പാട്ടുപാടാനേറ്റിരിക്കുന്ന യേശുദാസിനു നൽകാനുള്ള പാട്ടുകളെല്ലാം ആയിട്ടില്ല. രണ്ട് ദിവസം കൂടിയേ മഹാഗായകൻ നാട്ടിലുള്ളൂ. അതുകഴിഞ്ഞാൽ അമേരിക്കയിലേക്കു പറക്കാനിരിക്കുന്ന അദ്ദേഹത്തെ എങ്ങനെയും ഉപയോഗപ്പെടുത്തിയേ പറ്റൂ. പാട്ടെഴുത്തിന് ഒരുക്കമാണെന്നറിയിച്ച കൈതപ്രം തിരുമേനിക്കാണെങ്കിൽ കച്ചേരികളൊഴിഞ്ഞിട്ട് നേരവുമില്ല. തിരക്കോടു തിരക്കിലായ തിരുമേനിയേയും കാത്തു നിൽക്കാൻ സമയമില്ലെന്നതുകൊണ്ടാണ് സംവിധായകന്റെ ഈ സാഹസം.
പട്ടണത്തിൽ ഒരു കറക്കമൊക്കെക്കഴിഞ്ഞ് റൂമിൽ തിരിച്ചെത്തിയ കൂട്ടുകാർക്കു മുന്നിലേക്കു കടലാസ് നീട്ടുമ്പോൾ എഴുത്തുകാരൻ തെല്ലൊന്ന് പരുങ്ങിയിരുന്നോ? കാലങ്ങൾക്കു ശേഷമുള്ള കൈവയ്ക്കലല്ലേ. മാത്രവുമല്ല, ആദ്യ വായനക്കാരും അവരാണല്ലോ. കുളത്തൂപ്പുഴ രവിയെന്ന സംഗീതദാഹിയെ മലയാളം നെഞ്ചേറ്റുന്ന ഈണങ്ങളുടെ ചക്രവർത്തിപദമേറാൻ ചുവടുവയ്പിച്ച വരികൾ ചമച്ച എഴുത്തുകാരന് സാഹചര്യങ്ങൾ പറഞ്ഞേൽപിക്കുന്ന നിയോഗ നിർവഹണത്തിൽ എങ്ങനെ പിഴവുപറ്റാൻ! വരികൾ കയ്യിൽ കിട്ടിയ ജോൺസണ് അവിശ്വസനീയത. കടലാസ് വാങ്ങി നോക്കിയ ലോഹിതദാസിന്റെ മുഖത്തുതെളിഞ്ഞതും മറ്റൊരു ഭാവമായിരുന്നില്ല. ഇരുവരിലും കണ്ട തെളിച്ചം എഴുത്തുകാരന് പകർന്ന ഉത്തേജനം ഒട്ടും ചെറുതായിരുന്നില്ല. അതുവരെ നിലനിന്നിരുന്ന ആശങ്കകൾക്കു വിരാമമായതോടെ പിന്നെ ഒട്ടും വൈകിയില്ല, ഈണത്തിൽ തെളിഞ്ഞു നിൽക്കേണ്ട ഭാവത്തെ ജോൺസണു പരിചയപ്പെടുത്തുമ്പോൾ പാട്ടെഴുത്തുകാരൻ പിന്നെയും സംവിധായകന്റെ മേലങ്കിയണിഞ്ഞു കഴിഞ്ഞിരുന്നു. ആ വർഷത്തെ മികച്ച പിന്നണി ഗായകനായി യേശുദാസിനെ പരിഗണിക്കാൻ കാരണമായ ഗാനങ്ങളിൽ ഒന്ന് അവിടെ പിറക്കുകയായിരുന്നു! അതെ, അന്തിക്കാടെന്ന കൊച്ചുഗ്രാമത്തെ സ്വന്തം പേരിനൊപ്പം ചേർത്ത സത്യൻ എന്ന സംവിധായകന്റെ നിയോഗങ്ങളിൽ പലതും ഇങ്ങനെ ആയിരുന്നല്ലോ!
ഏതു നിമിഷവും മൂർച്ഛിച്ചേക്കാവുന്ന വിഷാദരോഗത്തിന്റെ പിടിയിൽപ്പെട്ട ദേവപ്രിയയുടേയും അവളുടെ നന്മ കാണാൻ ഒരുപാട് മോഹിച്ച മോഹനചന്ദ്രന്റെയും കഥ പറയുകയായിരുന്നു തൂവൽക്കൊട്ടാരം (1996). കഥ ക്ലൈമാക്സിലേക്കു നീങ്ങുമ്പോൾ ഒരു വേള ഒഴിഞ്ഞുനിന്ന രോഗാവസ്ഥ നായികയെ വീണ്ടും വേട്ടയാടാനൊരുങ്ങുന്നു. ആശ്വാസമാകേണ്ട മോഹനചന്ദ്രന് തന്നെ ചൂഴ്ന്നു നിൽക്കുന്ന പ്രശ്നങ്ങളെ അപ്പാടെ മറന്ന് ദേവുവിനെ ചേർത്തുപിടിച്ചേ മതിയാവൂ. അത്തരമൊരു സാഹചര്യത്തെ വെളിപ്പെടുത്തുന്ന പാട്ടിനുവേണ്ടിയുള്ള കാത്തിരിപ്പാണ് അവസാനിച്ചിരിക്കുന്നത്. കൃത്യമായി വരച്ചിട്ട കഥാവഴിയിൽ കണ്ണുടക്കിയ ദാസേട്ടന് ജോൺസന്റെ വക ഏതാനും ചില നിർദ്ശങ്ങൾ കൂടിയായതോടെ മധ്യസ്ഥായിയിലെ പഹാഡി ഹൃദയം കവരാൻ ഒരുങ്ങുകയായി.
‘തങ്കനൂപുരമോ ഒഴുകും മന്ത്രമധുമൊഴിയോ....’ പ്രണയമോ, വാത്സല്യമോ, നഷ്ടബോധത്തിന്റെ ഓർമകൾ നോവുണർത്തി തികട്ടിയെത്തുന്നതോ..... അറിയില്ല, ഭാവങ്ങൾ ഭാവനകളെ ഉണർത്തുന്ന ഒരു സ്വരപ്പെയ്ത്ത്. ആരും കൊതിക്കുന്ന റെൻഡറിങ്ങിൽ യേശുദാസ് എന്ന വിസ്മയത്തിന്റെ താടിരോമങ്ങളുടെ ആ നെടുനീളൻ വിറയൽ എനിക്കു കാണാം.
ശബ്ദസൗന്ദര്യത്തിന്റെ അവസാന വാക്ക് ഭാവങ്ങളെയിങ്ങനെ സ്വരങ്ങൾക്കു മീതെ പരത്തി വീഴ്ത്തുന്നത് പാട്ടുകോണുകളിൽ അത്ര അദ്ഭുതമൊന്നുമല്ല. പതിവിനെ എങ്ങനെ, അല്ലെങ്കിൽ എന്തിന്, അദ്ഭുതങ്ങളുടെ കൂട്ടത്തിൽപ്പെടുത്താൻ! പക്ഷേ, പകർന്നേകിയ ഭാവത്തിന് പറഞ്ഞുവച്ച കഥയോട് പറിച്ചുമാറ്റാനാവാത്ത ഇഴയടുപ്പമായപ്പോൾ പാട്ട് പകരുന്ന ഒരു ഫീൽ....... പറയാതെ വയ്യ, കേൾവികൾ വെറുതെ സമയംകൊല്ലികളാവില്ല!
അന്തിക്കാടൻ ചിന്തകൾ കാടുകയറിപ്പോയോ എന്ന് ഒരു വേള തോന്നിപ്പോകുന്ന പല്ലവിയിൽ നായികയുടെ സാമ്പത്തിക സ്ഥിതിയും സ്വഭാവ സവിശേഷതയും നായകനോട് പുലർത്തിയ സ്നേഹഭാവങ്ങളുമൊക്കെ കടന്നുവരുന്നു. കളങ്കമറ്റ സൗഹൃദത്തിലെ പങ്കുവയ്ക്കപ്പെടുന്ന വേദനകളിലേക്ക് കേൾവിയുടെ ദിശ തിരിച്ചുവിട്ടത് മറ്റൊരു അന്തിക്കാടൻ തന്ത്രം! യേശുദാസ് എന്ന ഗായകന്റെ കാലത്ത് ജീവിക്കാനായതും തന്റെ വരികൾക്ക് അദ്ദേഹം സ്വരം പകർന്നതും മഹാഭാഗ്യമെന്നുറപ്പിച്ചു പറയുന്ന അന്തിക്കാട് ദേവരാജ ശിഷ്യനായ ജോൺസണെയും നന്നായി ഉപയോഗപ്പെടുത്തി എന്നത് പറയാതെ തരമില്ല. പൊതുവെ ലാളിത്യം കൈവിടാത്ത ജോൺസൺ ഇവിടെയും പതിവു തെറ്റിച്ചില്ല. അന്തിക്കാടൻ പച്ചപ്പിന് നന്നായി വളമിട്ട് വെള്ളം തളിച്ചു വിളവെടുക്കാൻ വോയ്സ് ഓഫ് തൃശൂരിന്റെ സ്രഷ്ടാവിനായി!
സ്വപ്നങ്ങൾ, അത് ആർക്കും കാണാം. പരിധിയില്ലാത്ത ആ കാഴ്ചകളിൽ നെയ്തെടുക്കുന്ന സ്വപ്നങ്ങൾ കൊട്ടാരതുല്യം ഉയർന്നു പൊങ്ങും. പാവം മോഹനചന്ദ്രനും നീണ്ട ബാധ്യതകളെ വകഞ്ഞുമാറ്റി ഒരു സ്വപ്നസൗധം പടുത്തുയർത്തി.... എവിടെ? നിഴലകന്നൊരു വീഥിയിൽ! കഥയുടെ മർമമറിഞ്ഞ എഴുത്തുകാരന് കഥയ്ക്കൊപ്പം പാട്ടിനെയെത്തിക്കാനുണ്ടോ വല്ല പാടും! സ്വപ്നത്തിലെങ്കിലും കഥാനായകന്റെ മുമ്പിലെ ഇരുളൊന്നൊഴിഞ്ഞല്ലോ! മലരുകൊണ്ട് പടുത്തുയർത്തിയ സ്വപ്നസൗധത്തെ വെയിലിൽ വാടാതെ, മഴയിൽ നനയാതെ അവൻ കാത്തു. പക്ഷേ..... "മൃദുലമാമൊരു തെന്നലിൽ ആ സ്വപ്നസൗധമുടഞ്ഞു പോയി......" കേൾവിയിടങ്ങളിൽ എത്ര നിശ്ശബ്ദമായാണൊരു പതനത്തെ പറഞ്ഞുവയ്ക്കുന്നത്. മഹാഗായകന്റെ കണ്ഠനാളത്തിൽ നിന്നും 'ആ' എന്ന ശബ്ദത്തിന് ഊന്നൽ നൽകി ഉടഞ്ഞുപോയ സൗധത്തെ കേൾവിക്കാരനിലേയ്ക്ക് ഒന്നു വരച്ചിടുമ്പോൾ ഹൊ, എന്തൊരു ഫീലാണ്! ഉടഞ്ഞ സൗധം ഉള്ളിന്റെയുള്ളിൽ ഉടച്ചുവാർക്കുന്നത് എന്തെന്തു ചിന്തകളെയും... എഴുത്തുകാരന്റെ ഉള്ളറിഞ്ഞ് ഈണമൊരുക്കിയ ജോൺസൺ ആ ഉള്ളിലിരുപ്പിനെ നന്നായി പൊലിപ്പിച്ചുകളഞ്ഞു.
ദേവുവിന്റെ തിരിച്ചെത്തുന്ന രോഗാവസ്ഥയിൽ മോഹനന്റെ ഉള്ളുലഞ്ഞത് ഇതിനേക്കാൾ മെച്ചമായി ഇനിയെങ്ങനെ പറയാൻ! മാത്രവുമല്ല, കെട്ടിപ്പൊക്കുന്നതൊക്കെ തകർന്നു വീഴാൻ വലിയ ഭൂകമ്പങ്ങളൊന്നും വേണ്ടതില്ലെന്നും പറയുമ്പോൾ ആ അന്തിക്കാടൻ ചിന്തകൾക്ക് ഒരു ദാർശനിക ഭാവവും കൈവരുന്നു.
"തിരയടങ്ങിയ സാഗരം
കരയിലെഴുതിയ രേഖകൾ
തനിയെ മായുകയായ്......" തിരയായെത്തുന്ന നായികയും തീരമാകുന്ന നായകനും കാവ്യകൽപനകളിലെ പതിവുതന്നെ. പക്ഷേ .... ഇരമ്പിയെത്തി അടങ്ങിയൊഴിഞ്ഞ ദേവു നായകമനസിൽ അവശേഷിപ്പിച്ച പ്രതീക്ഷകളുടെ നേർത്ത പാടുകളെപ്പോലും മായിച്ചു കളഞ്ഞ ആ ഒരു എഴുത്തുതന്ത്രം ..... കൊള്ളാം, ലോഹിയൊരുക്കിയ കഥാഗതിയിൽ ഈറനണിഞ്ഞ കണ്ണുകളെ തോരാനനുവദിക്കില്ലെന്നുറപ്പിച്ച ചരണമൊരുക്കൽ!
പറഞ്ഞുവെച്ച ക്ലൈമാക്സ് സസ്പെൻസിന് ഈക്വലൈസ് ചെയ്യണമല്ലോ വരികൾ! തന്നെ മാത്രം പ്രതീക്ഷിച്ചിരിക്കുന്ന മറ്റൊരു പാവം പെണ്ണുണ്ടെന്നിരിക്കെ ദേവുവിന്റെ ഈ അതിരുവിട്ട അടുപ്പം മോഹനചന്ദ്രനെ ഒട്ടൊന്നുമല്ലല്ലോ വിഷമിപ്പിച്ചിരുന്നത്. ഒരു പറഞ്ഞൊഴിയൽ അസാധ്യമെന്നിരിക്കെ ആ ധർമ്മസങ്കടത്തെ പകർത്താനുള്ള വാക്കുകൾതന്നെ കവിക്കു കണ്ടെത്താനായി.
"മിഴികൾ നിറയാതെ മൊഴികൾ ഇടറാതെ യാത്ര ചൊല്ലിയെങ്കിലും ...." ഒരു പിൻവാങ്ങലിന് ഒരുങ്ങിയേ മതിയാകൂ എന്ന നായകന്റെ നിശ്ചയം വരികളിൽ കൊണ്ടുവന്ന കവി പക്ഷേ, ആ അവസ്ഥയിൽ ഒന്നു പതറിയെന്നു തോന്നുന്നു.... അതാവാം മൃദുലമായ ഒരു തേങ്ങലിൽ സന്ധ്യ അലിഞ്ഞു പോയത്!
* * * * *
"ഇല്ല, എന്നെക്കൊണ്ട് പറ്റില്ല." നിർമാതാവ് ശശികുമാറിന്റെ ആവശ്യപ്രകാരം പുതിയ സിനിമയ്ക്ക് പാട്ടെഴുതാനെത്തിയ സത്യൻ അന്തിക്കാട് അണിയറക്കാരുടെ ആവശ്യം കേട്ട് തറപ്പിച്ചു പറഞ്ഞു. പുതുതായെത്തിയ സംഗീത സംവിധായകന് അയാളിട്ട ട്യൂണിനനുസരിച്ച് പാട്ടെഴുതിക്കൊടുക്കാൻ സത്യന് തീരെ താൽപര്യമില്ല. യേശുദാസ് കൊണ്ടുവന്ന പുതിയ സംഗീത സംവിധായകനാണ്. എഴുത്തുകാരന് പ്രതിഫലം ഒട്ടും കുറയില്ല. അണിയറക്കാർ പലതും പറഞ്ഞു നോക്കി. പക്ഷേ, ട്യൂണിനൊപ്പിച്ച പാട്ടെഴുത്തിൽ താൽപര്യമേയില്ലാത്ത സത്യൻ ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ല. പോകാനുറപ്പിച്ച് എഴുന്നേറ്റ ഗാനരചയിതാവിനെ വാതിൽക്കലെത്തും മുമ്പ് സംഗീത സംവിധായകൻ തടഞ്ഞു നിർത്തി. ‘‘പറ്റില്ലെങ്കിൽ ഇയാൾ പൊയ്ക്കോ, പക്ഷേ ഈ ട്യൂണൊന്ന് കേൾക്കണം.’’ വാതിലിൽ വിലങ്ങനെ നിന്ന് സംഗീത സംവിധായകൻ ഒരവസാന ശ്രമമെന്ന മട്ടിൽ പറഞ്ഞ് ട്യൂൺ കേൾപ്പിച്ചു. പാട്ടുകളെ, നല്ല ട്യൂണുകളെ വല്ലാതെ സ്നേഹിക്കുന്നതുകൊണ്ടാകാം, സത്യന്റെ കടുംപിടുത്തം ഒന്നയഞ്ഞു. ‘‘ഒകെ, ഇതിന് ഞാൻ എഴുതാൻ നോക്കാം, മറ്റൊന്ന് പറയയരുത്, പറ്റില്ല.’’ ഉറച്ചതായിരുന്നു ആ തീരുമാനം. ‘‘താരകേ മിഴിയിതളിൽ കണ്ണീരുമായ്......’’ അൽപനേരത്തിനുള്ളിൽ 'ചൂള'യ്ക്കു വേണ്ടിയുള്ള വരികൾ പിറന്നു, ഒപ്പം രവീന്ദ്രൻ എന്ന മലയാളത്തിന്റെ ഹിറ്റ് മേയ്ക്കറായ സംഗീത സംവിധായകനും!`
"ആ തീരുമാനത്തിൽ ഇന്നുമില്ല പശ്ചാത്താപം." ടി.പി ബാലഗോപാലൻ എം എ യ്ക്കു ശേഷം ഗാനരചയിതാവെന്ന പട്ടം അഴിച്ചുവച്ച അന്തിക്കാട് പിന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ‘‘ഒഎൻവിയും പുത്തഞ്ചേരിയും കൈതപ്രവും ഉൾപ്പെടെയുള്ളവരുടെ അതിസുന്ദരമായ പാട്ടുകൾ എന്റെ സിനിമകളിൽ വന്നത് ഞാൻ പാട്ടെഴുത്ത് നിർത്തിയതുകൊണ്ടല്ലേ.’’ സത്യം പറയാൻ സത്യനുണ്ടോ മടി! ജോൺസണൊപ്പം രണ്ട് പാട്ടുകളേ സത്യന്റെതായി പിറന്നിട്ടുള്ളൂ, അതും ഒട്ടും നിനച്ചിരിക്കാതെ. പക്ഷേ, രണ്ടും മറവിയുടെ കയ്യകലത്തിൽ നിന്ന് ഇന്നും എത്രയോ അകലെയാണ്.
"വെയിലിൽ വാടാതെ മഴയിൽ നനയാതെ കാത്തിരുന്നുവെങ്കിലും" അതെ, കണ്ണീരണിഞ്ഞ ഓർമകൾക്കും എന്തൊരു സുഖമാണ്..... ഹെഡ് ഫോണിൽ ദാസേട്ടന്റെ ശബ്ദവും ഒന്ന് വിറയ്ക്കുന്നുണ്ടോ......