'റെക്കോർഡിങ് സ്റ്റുഡിയോയിൽ അവർ ആദ്യം വിറച്ചു, പിന്നെ തകർത്തു'; ഭൈരവൻ പാട്ടിന്റെ പിന്നണിക്കഥ പറഞ്ഞ് ദിബു നൈനാൻ തോമസ്

Mail This Article
അജയന്റെ രണ്ടാം മോഷണം സിനിമയിലെ 'ഭൈരവൻ പാട്ട്' പുറത്തിറങ്ങി. മലയ സമുദായക്കാർ പരമ്പരാഗതമായി ആലപിച്ചു വരുന്ന ഈ പാട്ട് സിനിമയ്ക്കായി ഒരുക്കിയത് സംഗീതസംവിധായകൻ ദിബു നൈനാൻ തോമസ് ആണ്. കപിൽ കപിലനൊപ്പം ആദിത്യ, ശ്രേയ, ഗ്രീഷ്മ, വിസ്മയ, ആരര്യ, മൈഥിലി. ആദർശ്, മണിക്കുട്ടി എന്നിവരാണ് ഗാനം ആലപിച്ചത്.
സിനിമയിൽ പലയിടങ്ങളിൽ ആവർത്തിക്കപ്പെടുന്ന പാട്ടാണ് ഇത്. പ്രത്യേകിച്ചും ക്ലൈമാക്സ് രംഗത്തെ ഉദ്വേഗഭരിതമായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ട്രാക്കാണ് ഭൈരവൻ പാട്ട്. സിനിമ റിലീസ് ആയതുമുതൽ ആരാധകർ ഈ ട്രാക്കിനായി കാത്തിരിക്കുകയായിരുന്നു. മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ഈ ഗാനത്തിനു ലഭിക്കുന്നത്. 'മലബാറിന്റെ തെയ്യക്കാലം ഭരിക്കാൻ പോകുന്ന ബിജിഎം' എന്നാണ് ഗാനത്തിന് ലഭിക്കുന്ന ഒരു കമന്റ്. തിയറ്ററിൽ 'രോമാഞ്ചിഫിക്കേഷൻ' സമ്മാനിച്ച ട്രാക്കാണിതെന്ന് ആരാധകർ കുറിക്കുന്നു.
സിനിമയിൽ തന്നെ ഭാരവൻ തോറ്റത്തിന്റെ റഫറൻസ് ഉണ്ടെന്ന് സംഗീതസംവിധായകൻ ദിബു നൈനാൻ തോമസ് പറയുന്നു. ‘സിനിമയുടെ ലാൻഡ്സ്കേപിലുള്ള സംഗീതത്തെക്കുറിച്ച് തിരക്കഥാകൃത്ത് സുജിത് നമ്പ്യാരുമായും സംവിധായകൻ ജിതിൻ ലാലുമായും സംസാരിച്ചപ്പോൾ ഈ പാട്ടിനെക്കുറിച്ച് പരാമർശം വന്നു. വർഷങ്ങളായി പല സമുദായങ്ങളും പാടി വരുന്ന പാട്ടാണ് ഭൈരവൻ പാട്ട്. സ്കൂൾ യുവജനോത്സവങ്ങളിൽ പല തവണ കുട്ടികൾ പാടിയിട്ടുള്ള പാട്ടാണ്. ഇൻസ്റ്റയിൽ ഈ പാട്ട് അൺപ്ലഗ്ഡ് ആയി പാടുന്ന വിഡിയോ ഞാൻ കണ്ടിട്ടുണ്ട്. പണ്ടെ എഴുതപ്പെട്ട വരികളാണ് ഈ പാട്ടിന്റേത്. ഈ പാട്ട് സിനിമയിലേക്ക് എടുക്കുകയാണെങ്കിൽ തീർച്ചയായും സിനിമ കുറച്ചൂടെ ദൃഢമാകും എന്നു തോന്നി.’
‘ആ പാട്ടിനെ കുറച്ചു കൂടെ ഹമ്മിങ്സും മറ്റും ചേർത്ത് ഞാൻ പ്രൊഡ്യൂസ് ചെയ്തു. ഇതു പാടാൻ ആറു പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയും തിരഞ്ഞെടുത്തു. കാസർഗോഡ് നിന്നുള്ള കുട്ടികളായിരുന്നു അവർ. ആദ്യമായിട്ടാണ് അവർ ഒരു റെക്കോർഡിങ് സ്റ്റുഡിയോ കാണുന്നത്. ആദ്യ ദിവസം സ്റ്റുഡിയോയിൽ എത്തിയപ്പോൾ അവരെല്ലാവരും വിറയ്ക്കുകയായിരുന്നു. ആദ്യത്തെ ദിവസം ഞാൻ റെക്കോർഡിങ് ചെയ്തില്ല. പ്രാക്ടീസ് മാത്രം നൽകി. ഹെഡ്ഫോണും മൈക്കും ലൈറ്റുകളും കണ്ടിട്ട് ടെൻഷൻ ആയിപ്പോയി. ഞാൻ പറഞ്ഞു, ഇന്ന് വിശ്രമിച്ച് നാളെ പാടാം എന്ന്. പേടിക്കണ്ട എന്നു പറഞ്ഞു വിട്ടു. അടുത്ത ദിവസം ആ പിള്ളേർ വന്നിട്ട് ഒരു ഒന്നൊന്നര പെർഫോർമൻസ് ആയിരുന്നു. അവരുടെ എനർജി പറഞ്ഞറിയാക്കാൻ കഴിയില്ല,’ ദിബു പറയുന്നു.