ഗുരുതരാവസ്ഥയിൽ കഴിയുന്ന യുവാവ് തുടർ ചികിത്സയ്ക്കായി സുമനസ്സുകളുടെ കാരുണ്യം തേടുന്നു

Mail This Article
തൊടുപുഴ ∙ വാഹനാപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന യുവാവ് തുടർ ചികിത്സയ്ക്കായി സുമനസ്സുകളുടെ കാരുണ്യം തേടുന്നു. വെങ്ങല്ലൂർ പള്ളിപ്പാട്ട് പി.കെ. സജിമോൻ (36) ആണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഏപ്രിൽ 12 നു രാത്രി വെങ്ങല്ലൂർ ഷാപ്പുംപടിയിൽ വച്ച് സജിമോൻ ഓടിച്ച സ്കൂട്ടർ മറ്റൊരു സ്കൂട്ടറുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്കു ഗുരുതര nപരുക്കേറ്റ സജിമോനെ അന്നു രാത്രി തന്നെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. അതിനുശേഷം 12 ദിവസം വെന്റിലേറ്ററിൽ ആയിരുന്നു. പിന്നീട് വെന്റിലേറ്റർ മാറ്റിയിട്ടും ഓക്സിജൻ സഹായത്തോടെ മാത്രമാണ് മുന്നോട്ട് പോകാൻ സാധിക്കുന്നത്. ഇതിനോടകം 4 ലക്ഷം രൂപ ചെലവായതായി വീട്ടുകാർ പറഞ്ഞു.
നാട്ടുകാരുടെയും ബന്ധുക്കളുടെയുമൊക്കെ സഹായം കൊണ്ടാണ് ഇതുവരെ ചികിത്സ തടസ്സമില്ലാതെ നടത്താനായത്. തുടർ ചികിത്സയ്ക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്നത് ഈ നിർധന കുടുംബത്തിനു മുന്നിൽ ചോദ്യ ചിഹ്നമാകുകയാണ്. സജിമോന്റെ പിതാവ് ഹൃദ്രോഗിയാണ്. സജിമോൻ അപകടത്തിൽപെട്ടതിനു പിന്നാലെ, ഇളയ സഹോദരൻ സുജിത്തിന്റെ വേർപാട് കുടുംബത്തിനു തീരാനൊമ്പരമായി. സജിമോനൊപ്പം
ആശുപത്രിയിലുണ്ടായിരുന്ന സുജിത്തിനെ കാണാതാവുകയും പിന്നീട് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. ചികിത്സാ സംബന്ധമായ ആവശ്യത്തിന് വീടിന്റെ പ്രമാണം പണയം വച്ച് മുൻപ് സഹകരണ ബാങ്കിൽ നിന്നു ലോൺ എടുത്തിരുന്നു. അത് ഇപ്പോൾ വീടിന്റെ ജപ്തിയിൽ എത്തി നിൽക്കുകയാണ്.
നല്ല മനസ്സുള്ളവരുടെ സഹായം മാത്രമാണ് ഈ കുടുംബത്തിന്റെ ആകെയുള്ള പ്രതീക്ഷ. സജിമോന്റെ മൂത്ത സഹോദരൻ അജിമോന്റെയും വാർഡ് കൗൺസിലർ രാജീവ് പുഷ്പാംഗദന്റെയും പേരിൽ ആന്ധ്രാ ബാങ്ക് തൊടുപുഴ ശാഖയിൽ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. ചികിത്സയ്ക്കായി സുമനസ്സുകൾക്ക് ബാങ്ക് അക്കൗണ്ടിൽ സഹായം നിക്ഷേപിക്കാം.
അക്കൗണ്ട് നമ്പർ : 121710100066322, ഐഎഫ്എസ്‌സി കോഡ് : എഎൻഡിബി 0001217