സിയാച്ചിനിൽ ഇന്ത്യയുടെ ഗർജനത്തിന് 40 വർഷം
Mail This Article
ന്യൂഡൽഹി ∙ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധമേഖലയായ സിയാച്ചിനിൽ ഇന്ത്യ ആധിപത്യം സ്ഥാപിച്ചിട്ട് 40 വർഷം. പാക്കിസ്ഥാൻ കൈക്കലാക്കാൻ നടത്തിയ സിയാച്ചിൻ ഇന്ത്യയുടെ ഭാഗമായി നിലനിർത്താൻ കര,വ്യോമ സേനകൾ നടത്തിയ ‘ഓപ്പറേഷൻ മേഘ്ദൂത്’ ദൗത്യത്തിന് ഇന്നലെ 40 വയസ്സ് പിന്നിട്ടു. രാജ്യം കണ്ട ഏറ്റവും ദുഷ്കര സേനാദൗത്യങ്ങളിലൊന്നായിരുന്നു അത്. 1984 ഏപ്രിൽ 13ന് ആണു പാക്കിസ്ഥാനെതിരായ സേനാദൗത്യം ഇന്ത്യ ആരംഭിച്ചത്.
പൂർണ പിന്തുണയുമായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും പ്രതിരോധ മന്ത്രി ആർ.വെങ്കട്ടരാമനും സേനയ്ക്കു പിന്നിൽ ഉറച്ചുനിന്നു. വീരോചിതമായ പോരാട്ടത്തിനൊടുവിൽ സിയാച്ചിൻ മേഖല പൂർണമായി ഇന്ത്യയുടെ നിയന്ത്രണത്തിലായി. അന്നു മുതൽ സിയാച്ചിനിൽ ഉടനീളം ഇന്ത്യയുടെ സേനാ സാന്നിധ്യമുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ദുഷ്കരമായ പ്രദേശത്താണ് രാപകൽ സേന കാവൽ നിൽക്കുന്നത്. ഓപ്പറേഷൻ മേഘ്ദൂതിന്റെ 40–ാം വാർഷികത്തോടനുബന്ധിച്ചു കരസേന ഇന്നലെ പ്രത്യേക വിഡിയോ പുറത്തിറക്കി.സേനാംഗങ്ങൾക്കു പ്രണാമം അർപ്പിച്ചുള്ളതാണു വിഡിയോ.