ബിജെപി 200 സീറ്റിൽ ഒതുങ്ങും : ഖർഗെ
Mail This Article
ന്യൂഡൽഹി∙ ബിജെപി ഇത്തവണ 200 സീറ്റിൽ താഴെ മാത്രമേ നേടൂ എന്നുറപ്പായതിനാലാണു പ്രതിപക്ഷത്തിനെതിരെ പല രീതിയിലുള്ള ആക്രമണങ്ങൾ അഴിച്ചുവിടുന്നതെന്നു കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ കുറ്റപ്പെടുത്തി. റാഞ്ചിയിൽ പ്രതിപക്ഷ ഇന്ത്യാമുന്നണി സംഘടിപ്പിച്ച റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗോത്രവർഗങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണു ബിജെപിയുടെ ശ്രമം. ഹേമന്ത് സോറനെ ജയിലിലടച്ചത് ഇന്ത്യാമുന്നണി വിടണമെന്ന ഭീഷണിക്കു വഴങ്ങാത്തതിനാലാണെന്നും ഖർഗെ കുറ്റപ്പെടുത്തി. ഗോത്രവർഗങ്ങൾ ബിജെപിയെ തുടച്ചുനീക്കും.രാഷ്ട്രപതി ദ്രൗപദി മുർമുവിനെ പാർലമെന്റ് മന്ദിരം ഉദ്ഘാടനച്ചടങ്ങിൽ നിന്നും രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിൽ നിന്നും ഒഴിവാക്കുക വഴി നരേന്ദ്രമോദി അവരെ അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കേജ്‌രിവാളിന്റെ ഭാര്യ സുനിത, ഹേമന്ത് സോറന്റെ ഭാര്യ കൽപന എന്നിവർ റാലിയിൽ പ്രസംഗിച്ചു. ഭർത്താവിനെ ജയിലിൽ കൊല്ലാനാണു ശ്രമിക്കുന്നതെന്ന് സുനിത കേജ്‌രിവാൾ കുറ്റപ്പെടുത്തി. ബിജെപിയുടെ ഏകാധിപത്യത്തെ ഇത്തവണ ജനങ്ങൾ ഒറ്റക്കെട്ടായി തോൽപിക്കും.
റാലിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവർക്കായി വേദിയിൽ കസേരകൾ ഒഴിച്ചിട്ടു. പെട്ടെന്നുണ്ടായ അസുഖത്തെത്തുടർന്ന് രാഹുൽ ഗാന്ധി പരിപാടികൾ റദ്ദാക്കിയതിനാൽ പങ്കെടുത്തില്ല. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി കേരളത്തിൽ പ്രചാരണത്തിലായതിനാൽ എത്തിയില്ല. ജെഎംഎം നേതാവ് ഷിബു സോറൻ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, എസ്പി നേതാവ് അഖിലേഷ് യാദവ്, ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി, ആർജെഡി നേതാവ് തേജസ്വി യാദവ് എന്നിവർ പ്രസംഗിച്ചു.
കോൺഗ്രസ്–ആർജെഡി പ്രവർത്തകർ ഏറ്റുമുട്ടി
റാഞ്ചി ∙ വേദിയിൽ ഒരുമിച്ച് ബിജെപിയെ പരാജയപ്പെടുത്താൻ ആഹ്വാനം ചെയ്തുകൊണ്ടിരിക്കേ സദസ്സിൽ ആർജെഡി–കോൺഗ്രസ് പ്രവർത്തകർ അടിയായി. ഏതാനും പേർക്കു പരുക്കേറ്റു. ഛത്‌റ സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി കെ.എൻ. ത്രിപാഠിയെ പ്രഖ്യാപിച്ചതിനെതിരെയുള്ള ആർജെഡിയുടെ എതിർപ്പാണ് കൂട്ടത്തല്ലിലെത്തിയത്. ഇന്ത്യാമുന്നണിയിലെ കാട്ടുനീതിയാണു ഇതെന്നു ബിജെപി പരിഹസിച്ചു.