മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം: കസേര ഉറപ്പിച്ച് ഫഡ്നാവിസ്; ഷിൻഡെയെ പിണക്കില്ല
Mail This Article
മുംബൈ ∙ മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ പ്രഖ്യാപനം ഇന്നുണ്ടായേക്കും. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് കസേര ഉറപ്പിച്ചിരിക്കെ, നിലവിലെ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്നാഥ് ഷിൻഡെയെ പിണക്കാതെയുള്ള ഫോർമുലയ്ക്കായാണു തീരുമാനം നീളുന്നത്. സഖ്യകക്ഷി നേതാവായ അജിത് പവാറിന്റെയും (എൻസിപി) ആർഎസ്എസിന്റെയും പിന്തുണ ഫഡ്നാവിസിനാണ്. ഏക്നാഥ് ഷിൻഡെയും അജിത് പവാറും ഉപമുഖ്യമന്ത്രിമാരായേക്കും. മുഖ്യമന്ത്രിപദത്തിനായും സാധ്യമായില്ലെങ്കിൽ പ്രധാന വകുപ്പുകൾക്കായും ഷിൻഡെ സമ്മർദം തുടരുകയാണ്.
ഡൽഹിയിലേക്കു പുറപ്പെട്ട ഫഡ്നാവിസ് കേന്ദ്രമന്ത്രി അമിത് ഷായെ കണ്ട് മഹായുതിയിലെ (എൻഡിഎ) ചർച്ചകളുടെ വിശദാംശങ്ങൾ ധരിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവരെയും കാണും. ഷിൻഡെയും അജിത്തും ഡൽഹിയിലെത്തിയേക്കും.
ശിവസേനാ ഉദ്ധവ് പക്ഷത്തുനിന്ന് എംഎൽഎമാരെ തന്റെ പക്ഷത്തെത്തിച്ച് ബിജെപി കേന്ദ്രനേതൃത്വത്തെ പ്രീതിപ്പെടുത്താനുള്ള ശ്രമങ്ങളും ഷിൻഡെ നടത്തുന്നുണ്ട്. ആദ്യത്തെ രണ്ടര വർഷം ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കിയ ശേഷം അദ്ദേഹത്തെ പിന്നീട് ബിജെപി ദേശീയ അധ്യക്ഷനാക്കി, ഷിൻഡെയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നൽകിയേക്കുമെന്നും സൂചനകളുണ്ട്. കൂടുതൽ സീറ്റ് ആർക്കെന്നു നോക്കാതെ ബിഹാറിൽ മുഖ്യമന്ത്രിസ്ഥാനം നിതീഷ്കുമാറിനു നൽകിയ നിലപാട് മഹാരാഷ്ട്രയിലും പിന്തുടരണമെന്ന് ഷിൻഡെ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
രാജിവാർത്ത നിഷേധിച്ച് നാനാ പഠോളെ
മുംൈബ ∙ താൻ മഹാരാഷ്ട്ര പിസിസി അധ്യക്ഷസ്ഥാനം രാജിവച്ചെന്ന റിപ്പോർട്ടുകൾ തള്ളി നാനാ പഠോളെ. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെയാണ് രാജി സംബന്ധിച്ച അഭ്യൂഹം പരന്നത്. പരാജയം വ്യക്തിപരമല്ലെന്നും ഉത്തരവാദിത്തം എല്ലാവർക്കുമുണ്ടെന്നുമാണു പഠോളെയുടെ നിലപാട്. പ്രചാരണവേളയിൽ മഹാവികാസ് അഘാഡിക്ക് അനുകൂലമായിരുന്നു ജനവികാരമെന്നും ഫലം മറിച്ചാണെന്നും അട്ടിമറി സംശയം സംബന്ധിച്ച സൂചനയോടെ പഠോളെ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ സന്ദർശിച്ച് അദ്ദേഹം സ്ഥിതിഗതികൾ ധരിപ്പിച്ചു.