പൗരന്മാരെ എഎപി ഉപഭോക്താക്കളാക്കി: സന്ദീപ് ദീക്ഷിത്
![sandeepdikshit sandeepdikshit](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/1/17/sandeep%20dikshit.jpg?w=1120&h=583)
Mail This Article
ന്യുൂഡൽഹി ∙ കോൺഗ്രസ് നേതാവും ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിത് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സാധ്യതകളെപ്പറ്റി സംസാരിക്കുന്നു.
Q ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കേജ്രിവാളിനെതിരാണല്ലോ താങ്കൾ മത്സരിക്കുന്നത്.
A ഈ മണ്ഡലവുമായി എനിക്ക് വൈകാരിക ബന്ധമുണ്ട്. എന്റെ അമ്മ 1998, 2003 വർഷങ്ങളിൽ ഇവിടെ മത്സരിച്ചപ്പോൾ പ്രചാരണത്തിൽ ഞാൻ സജീവമായിരുന്നു. കേജ്രിവാളിന്റെ ആംആദ്മി പാർട്ടി സർക്കാരിന്റെ വികസന വാദത്തെ കണക്കുകളും വസ്തുതകളും ഉപയോഗിച്ച് തുറന്നുകാട്ടുകയാണു ഞാൻ ചെയ്യുന്നത്.
Q മണ്ഡലത്തിലെ പ്രശ്നങ്ങളെന്ന് സൂചിപ്പിക്കുന്നത് എന്താണ്?
A ഷീല ദീക്ഷിതിന്റെ ഭരണകാലത്തിനു ശേഷം എടുത്തുപറയത്തക്ക ഒന്നും ഇവിടെ ഉണ്ടായിട്ടില്ല. മാലിന്യനിർമാർജന പ്രശ്നങ്ങൾ അടക്കമുള്ള ഗുരുതര വിഷയങ്ങളുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സ്ഥലം എംഎൽഎയാണല്ലോ. എന്നാൽ കേജ്രിവാൾ ഇവിടെ വരാറേയില്ല.
Q ഷീല ദീക്ഷിത് തുടർച്ചയായ വിജയത്തിനു ശേഷം 2013ൽ കനത്ത തോൽവി ഏറ്റുവാങ്ങി. അമ്മയുടെ ഓർമകൾ ഗുണമോ ദോഷമോ?
A മണ്ഡലത്തിൽ 3 തരം വോട്ടർമാരുണ്ട്. ഒന്ന് എന്റെ അമ്മ ചെയ്ത സംഭാവനകളെ ഓർക്കുന്ന ഒരു വിഭാഗം. രണ്ടാമത്തെ വിഭാഗമായ യുവജനങ്ങൾ അതേപ്പറ്റി കേട്ടിട്ടുള്ളവർ. മൂന്നാമത്തെ വിഭാഗം വനിതകളാണ്. അക്കൗണ്ടിലേക്ക് 2100 രൂപ കൈമാറ്റം ചെയ്യുമെന്ന എഎപി വാഗ്ദാനത്തിൽ അവർ ആകർഷിക്കപ്പെട്ടിട്ടുണ്ട്. അവർ വികസനത്തെപ്പറ്റി ചിന്തിക്കുന്നില്ല. അവർ ആർക്ക് വോട്ടുചെയ്യുമെന്ന് വ്യക്തമല്ല. പണം ലഭിക്കുമെന്നതിനാൽ ആളുകൾ വോട്ടുചെയ്യുമെന്നത് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. ഇതും ഒരുതരം കൈക്കൂലിയാണ്.
Q പണം കൈമാറ്റം തുടങ്ങിയത് എഎപിയാണോ?
A അതെ. മുൻപ് ക്ഷേമപദ്ധതികളുണ്ടായിരുന്നെങ്കിലും നൂറു ശതമാനവും സൗജന്യം നൽകുന്ന പദ്ധതിയുണ്ടായിരുന്നില്ല. ഉൽപാദന മേഖലകളിലാണ് നിക്ഷേപിക്കേണ്ടത്. ഉദാഹരണത്തിന് പൊതുവിതരണ സമ്പ്രദായം ജനങ്ങളുടെ ആരോഗ്യം നിലനിർത്താൻ ആവശ്യമാണ്. ചിലർ പറയുന്നത് കേജ്രിവാൾ സൗജന്യ വിദ്യാഭ്യാസം നൽകുന്നുവെന്നാണ്. സ്വാതന്ത്ര്യം കിട്ടിയ കാലം മുതൽ തന്നെ പൊതുവിദ്യാലയങ്ങളിൽ വിദ്യാഭ്യാസം സൗജന്യമാണ്. മിക്ക സംസ്ഥാനങ്ങളിലും ചെറിയ തുക രക്ഷിതാക്കളിൽ നിന്നു വാങ്ങാറുണ്ട്. തങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിന് പണം നൽകുന്നുവെന്ന അഭിമാനം രക്ഷിതാവിന് ഉണ്ടാക്കാനാണത്. അത് എഎപി ഇല്ലാതാക്കി. അവർ പൗരന്മാരെ ഉപഭോക്താക്കളാക്കി.
Q തിരഞ്ഞെടുപ്പ് ബിജെപിയും എഎപിയും തമ്മിലല്ലേ?
A എല്ലായ്പോഴും തിരഞ്ഞെടുപ്പ് രണ്ടു പാർട്ടികൾ തമ്മിലാകണമെന്നില്ല. മൂന്നാമതൊരു കക്ഷി അത്ഭുതപ്പെടുത്തുന്ന വിജയവുമായി എത്താറുണ്ട്. എഎപിയും തെലുങ്കുദേശം പാർട്ടിയും ഉയർന്നുവന്നത് അങ്ങനെയാണല്ലോ. കഴിഞ്ഞതവണ കോൺഗ്രസിന് അനുകൂലമായ അന്തരീക്ഷമായിരുന്നില്ല. ഇത്തവണ അങ്ങനെയല്ല.