എസ്.കെ.വസന്തന് എഴുത്തച്ഛൻ പുരസ്കാരം
Mail This Article
തിരുവനന്തപുരം ∙ സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കു കേരള സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം (5 ലക്ഷം രൂപ) ഭാഷാചരിത്ര പണ്ഡിതനും നിരൂപകനുമായ പ്രഫ.എസ്.കെ.വസന്തനു സമ്മാനിക്കും.
ഉപന്യാസം, നോവൽ, ചെറുകഥ, കേരള ചരിത്രം, വിവർത്തനം എന്നിങ്ങനെ വിവിധ ശാഖകളിൽ വസന്തൻ രചിച്ച പുസ്തകങ്ങൾ പണ്ഡിതരുടെയും സഹൃദയരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടെന്നു പുരസ്കാര നിർണയസമിതി അഭിപ്രായപ്പെട്ടു. മികച്ച അധ്യാപകൻ, വാഗ്മി, ഗവേഷണ മാർഗദർശി എന്നീ നിലകളിലുള്ള സംഭാവനകളും പുരസ്കാരത്തിനു പരിഗണിച്ചെന്നു മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേരള സംസ്കാര ചരിത്ര നിഘണ്ടു, നമ്മൾ നടന്ന വഴികൾ, പടിഞ്ഞാറൻ കാവ്യമീമാംസ, സാഹിത്യ സംവാദങ്ങൾ എന്നിവയാണു പ്രമുഖ കൃതികൾ.
മലയാളത്തിലും ഇംഗ്ലിഷിലും ബിരുദാനന്തര ബിരുദം നേടിയ വസന്തൻ കാലടി ശ്രീ ശങ്കര കോളജിലും പിന്നീടു സംസ്കൃത സർവകലാശാലയിലുമായി 35 വർഷം അധ്യാപകനായിരുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷത്തോളം അസിസ്റ്റന്റ് എഡിറ്റർ ആയി പ്രവർത്തിച്ചു.
2007 ൽ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം വസന്തൻ രചിച്ച കേരള സംസ്കാര ചരിത്ര നിഘണ്ടുവിനു ലഭിച്ചിട്ടുണ്ട്. താമസം തൃശൂരിൽ.
കേരള സംസ്കാര പഠനത്തിലായിരുന്നു ഏറെ താൽപര്യം.
മലയാളത്തിൽ കിട്ടാവുന്നതിൽ ഏറ്റവും വലിയ പുരസ്കാരം ലഭിച്ചതിൽ സന്തോഷം. വിദ്യാർഥിയായിരുന്ന കാലം മുതൽ കേരള സംസ്കാര പഠനത്തിലായിരുന്നു ഏറെ താൽപര്യം.’’-എസ്.കെ.വസന്തൻ