മാട്ടുപ്പെട്ടിയിൽ സോളർ ബോട്ടും; ഒരേ സമയം 30 പേർക്ക് സഞ്ചരിക്കാം
Mail This Article
മൂന്നാർ ∙ വൈദ്യുത ബോട്ടിനു പിന്നാലെ മാട്ടുപ്പെട്ടിയിൽ സഞ്ചാരികൾക്കായി സോളർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബോട്ടും ഇന്നലെ മുതൽ സർവീസ് ആരംഭിച്ചു. ഒരേ സമയം 30 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ബോട്ടാണ് ഓടിത്തുടങ്ങിയത്. സോളർ ഊർജം ലഭിക്കാത്ത സാഹചര്യത്തിൽ വൈദ്യുതി ഉപയോഗിച്ചും ഈ ബോട്ട് ഓടിക്കാൻ കഴിയും.
ഹൈഡൽ ടൂറിസം വകുപ്പ് കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പവർബോട്ട് ഗലേറിയ എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പുതിയ സോളർ ബോട്ട് സർവീസ് നടത്തുന്നത്. ഹൈഡലുമായി വരുമാന പങ്കാളിത്ത വ്യവസ്ഥയിലാണ് സർവീസ് നടത്തുന്നത്. സോളർ ബോട്ടിൽ ഒരാൾക്ക് 20 മിനിറ്റ് യാത്രയ്ക്ക് 300 രൂപയാണ് നിരക്ക്. നിലവിൽ ഹൈഡൽ ടൂറിസം നേരിട്ട് മാട്ടുപ്പെട്ടിയിൽ ഒരു ഇലക്ട്രിക് ബോട്ട് (ഇ-ബോട്ട്) സർവീസ് നടത്തുന്നുണ്ട്.
20 പേർക്ക് അര മണിക്കൂർ സഞ്ചരിക്കുന്നതിന് 2,000 രൂപയാണ് നിരക്ക്. വന്യമൃഗങ്ങൾക്ക് ശല്യമാകുന്ന ശബ്ദമലിനീകരണം, ഡീസൽ ഉപയോഗം മൂലമുള്ള അന്തരീക്ഷ മലിനീകരണം എന്നിവ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാട്ടുപ്പെട്ടി ജലാശയത്തിൽ ഇ-ബോട്ടും സോളർ ബോട്ടും സർവീസ് ആരംഭിച്ചത്.
ഡീസൽ ബോട്ടുകളുടെ അമിത ശബ്ദം ആനകളുടെ സ്വൈരജീവിതത്തിനു തടസ്സമാണെന്നു കാട്ടി ആനയിറങ്കലിലെ ബോട്ട് സവാരി ഹൈക്കോടതി നിരോധിച്ചിരുന്നു.