സാമ്പത്തിക വളർച്ചാ മേഖല പ്രഖ്യാപനം : ശബരി റെയിൽ വിഴിഞ്ഞത്തേക്കു നീളുന്നത് വേഗത്തിലാക്കും
Mail This Article
തിരുവനന്തപുരം∙ വിഴിഞ്ഞം മുതൽ പുനലൂർ വരെ നീളുന്ന വ്യവസായ, സാമ്പത്തിക വളർച്ചാ മേഖല പ്രഖ്യാപനം നിർദിഷ്ട ശബരി റെയിൽ പാത വിഴിഞ്ഞത്തേക്കു നീട്ടാനുള്ള ശ്രമങ്ങൾക്കു വേഗം കൂട്ടിയേക്കും. അങ്കമാലി– എരുമേലി ശബരി പാത പുനലൂർ, നെടുമങ്ങാട് വഴി നീട്ടുകയാണ് ലക്ഷ്യം. ഗതാഗത, ലോജിസ്റ്റിക്സ്, വ്യവസായ പാർക്കുകൾ സംയോജിപ്പിച്ചുള്ള ഗ്രോത്ത് ട്രയാംഗിളിൽ റെയിൽവേ ഇടനാഴി പ്രധാന ഘടകമാണ്. ശബരി പാത റെയിൽ സാഗർ പദ്ധതിയിൽ ഉൾപ്പെടുത്തി വിഴിഞ്ഞത്തേക്കു നീട്ടണമെന്ന് സംസ്ഥാന സർക്കാർ റെയിൽവേ ബോർഡിനു കത്തു നൽകിയിരുന്നു. 160 കിലോമീറ്ററുള്ള എരുമേലി–ബാലരാമപുരം റെയിൽ പാതയിൽ ബാലരാമപുരം, കാട്ടാക്കട, നെടുമങ്ങാട്, വെഞ്ഞാറമൂട് റോഡ്, കിളിമാനൂർ, അഞ്ചൽ, പുനലൂർ, പത്തനാപുരം, കോന്നി, പത്തനംതിട്ട, റാന്നി, എരുമേലി എന്നിങ്ങനെ 13 സ്റ്റേഷനുകളാണു ശുപാർശ ചെയ്തിരിക്കുന്നത്. 4800 കോടി രൂപയാണു പദ്ധതി ചെലവ്.
വെഞ്ഞാറമൂട് പുളിമാത്തിനു സമീപം ആരംഭിക്കുന്ന പുതിയ ഗ്രീൻഫീൽഡ് ഹൈവേ പദ്ധതിയുമായി ചേർത്തു റെയിൽ പാതയ്ക്കു സ്ഥലം ഏറ്റെടുക്കാൻ കഴിഞ്ഞാൽ ചെലവ് കുറയ്ക്കാൻ കഴിയുമെന്ന ആനുകൂല്യവുമുണ്ട്. തുറമുഖത്തു നിന്നുള്ള ആഭ്യന്തര കണ്ടെയ്നർ നീക്കം സുഗമമാക്കുന്നതിനൊപ്പം എംസി റോഡിലെ തിരക്കും റെയിൽ പാത വന്നാൽ കുറയും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉൾപ്രദേശങ്ങളുടെ വികസനത്തിനും പാത സഹായിക്കും. നിർദിഷ്ട എരുമേലി–ബാലരാമപുരം പാത പുനലൂരിൽ കൊല്ലം–ചെങ്കോട്ട പാതയുമായി ചേരുന്നതിനാൽ തമിഴ്നാട്ടിലേക്കുള്ള കണക്ടിവിറ്റിയും ലഭ്യമാകും. വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ നീക്കത്തിനും ചരക്കു നീക്കത്തിനും റെയിൽ പാത ആവശ്യമാണ്. വിഴിഞ്ഞം തുറമുഖത്തു നിന്നുള്ള കണ്ടെയ്നർ നീക്കത്തിന്റെ 10 % ബെംഗളൂരു,സേലം, കോയമ്പത്തൂർ, ശിവകാശി, രാജപാളയം എന്നിവിടങ്ങളിലേക്കാകും. നിലവിലുള്ള റെയിൽവേ പാതയിലൂടെ കൂടുതൽ ഗുഡ്സ് ട്രെയിനുകളോടിക്കാൻ കഴിയില്ലെന്ന പരിമിതിയുമുണ്ട്. ഇതും എരുമേലി–ബാലരാമപുരം പാതയ്ക്ക് അനുകൂല ഘടകമാണ്. ശബരിമല വിമാനത്താവളവുമായും പാത ബന്ധിപ്പിക്കാൻ കഴിയും.