ക്ഷേത്രങ്ങളിലെ ആചാരങ്ങളിൽ സർക്കാർ മാറ്റം വരുത്തില്ല: മന്ത്രി വി.എൻ.വാസവൻ

Mail This Article
കോട്ടയം ∙ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളിൽ സർക്കാർ മാറ്റം വരുത്തില്ലെന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഓരോ ക്ഷേത്രത്തിലും ഓരോ തരത്തിലാണ് ആചാരങ്ങളും അനുഷ്ഠാനങ്ങളും. അതു തീരുമാനിക്കാനുള്ള അവകാശം തന്ത്രിക്കാണ്. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിലവിലുള്ള രീതികൾ മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ ഇത്തവണ എല്ലാ ഭക്തർക്കും സുഗമദർശനത്തിന് അവസരമൊരുക്കി. സർക്കാരിന്റെ എല്ലാ വകുപ്പുകളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനംകൊണ്ടാണ് അതു സാധ്യമായത്.
ആകെ 53.60 ലക്ഷം തീർഥാടകരെത്തി. നടവരവിൽ മാത്രം 80 കോടി രൂപയുടെ അധികവരുമാനം ഉണ്ടായി.
വിഴിഞ്ഞം തുറമുഖം പദ്ധതി 2028ൽ കമ്മിഷൻ ചെയ്യും. ഓഡിറ്റ് വിഭാഗം കണ്ടെത്തിയ കോടികളുടെ ക്രമക്കേടുകളെക്കുറിച്ചു വ്യക്തമായ മറുപടി നൽകാൻ പോലും കോട്ടയം നഗരസഭാധികൃതർക്കു കഴിഞ്ഞിട്ടില്ലെന്നും വാസവൻ പറഞ്ഞു