പത്താം ക്ലാസിന്റെ യാത്രയയപ്പ് കൊഴുപ്പിക്കാൻ കാർ അഭ്യാസം

Mail This Article
കോന്നി (പത്തനംതിട്ട) ∙ വലിയ ശബ്ദത്തിൽ പൊടി പറത്തി സ്കൂൾ മുറ്റത്തേക്ക് പാഞ്ഞെത്തിയ ബിഎംഡബ്ല്യു കാർ കണ്ട് അമ്പരന്ന് അധ്യാപകരും ജീവനക്കാരും!. എന്താണ് കാര്യമെന്നു മനസ്സിലാകും മുൻപ് കാർ മൈതാനത്തിട്ടു വട്ടം കറക്കി യുവാക്കൾ. ഉടൻ ജീവനക്കാർ സ്കൂളിന്റെ ഗേറ്റ് പൂട്ടിയ ശേഷം പൊലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ്, കാറും കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളെയും കസ്റ്റഡിയിലെടുത്തു.
കോന്നി ആർവിഎച്ച്എസ്എസിൽ ഇന്നലെ രാവിലെ 9ന് ആണ് സംഭവം. 10–ാം ക്ലാസിന്റെ യാത്രയയപ്പ് കൊഴുപ്പിക്കാൻ വിദ്യാർഥികൾ വാടകയ്ക്കെടുത്തതാണ് കാർ. യാത്രയയപ്പിൽ ഫോട്ടോഷൂട്ടിനും അഭ്യാസപ്രകടനം നടത്താനുമാണ് വിദ്യാർഥികൾ കാർ വാടകയ്ക്കെടുത്തത്. യുവാക്കളാണ് കാർ എത്തിച്ചത്. വിദ്യാർഥികളോട് അന്വേഷിച്ചപ്പോഴാണ് യാത്രയയപ്പിന് 2000 രൂപ നൽകി ബിഎംഡബ്ല്യു കാർ കൊണ്ടു വന്നതാണെന്ന് അറിയുന്നത്.
പത്തനംതിട്ട സ്വദേശിയായ ജോസ് അജി (19) ആണ് കാർ ഓടിച്ചിരുന്നത്. കൂടെയുണ്ടായിരുന്നത് പത്തനംതിട്ട സ്വദേശി ജുവൽ തോമസും (19). ഇവർക്കെതിരെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും സ്കൂളിൽ അനുവാദമില്ലാതെ അതിക്രമിച്ചു കടന്ന് അഭ്യാസപ്രകടനം നടത്തിയതിനും കേസെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടതായി ഇൻസ്പെക്ടർ പി.ശ്രീജിത്ത് പറഞ്ഞു.