കെഎസ്ആർടിസി: ബസ് ക്ഷാമം രൂക്ഷം; വാങ്ങിയത് 538 ബസ്, ലേലം ചെയ്തത് 2202

Mail This Article
തിരുവനന്തപുരം ∙ കെഎസ്ആർടിസി 2016 മുതൽ ഈ വർഷം ഫെബ്രുവരി 20 വരെ ആക്രിയായി ലേലം ചെയ്തു വിറ്റത് 2202 ബസുകൾ. പുതിയതായി വാങ്ങിയതാകട്ടെ 538 ബസുകളും. പുതിയ ബസുകൾ വാങ്ങാത്തതുമൂലം പല ഗ്രാമീണ റൂട്ടുകളിലും ആവശ്യത്തിനു സർവീസില്ല. ദീർഘദൂര, സംസ്ഥാനാന്തര സർവീസുകളെയും ബസുകളുടെ കുറവു കാര്യമായി ബാധിച്ചിട്ടുണ്ട്. കർണാടകയും തമിഴ്നാടും പുതിയ ബസുകൾ ദീർഘദൂര സർവീസിന് ഉപയോഗിക്കുമ്പോൾ പഴയ ബസുകളുമായാണു കേരളത്തിന്റെ ഓട്ടം. 538 ബസുകൾ പുതിയതായി വാങ്ങിയതിൽ ഏറെയും സ്വിഫ്റ്റിനു കീഴിലാണ്. കെഎസ്ആർടിസിക്ക് ഇതിൽ 100 ബസുകൾ മാത്രമാണു ലഭിച്ചത്.
ഇടയ്ക്കു വാങ്ങിയ ഓറഞ്ച് നിറത്തിലുള്ള ഗരുഡ ബസുകൾ ഇപ്പോൾ മോശം അവസ്ഥയിലാണ്. 11 വർഷം പഴക്കമുള്ള സ്കാനിയ ബസുകളും സർവീസ് നടത്തുന്നുണ്ട്. ഇത്തരം ബസുകളുടെ ബ്രേക്ക്‌ഡൗൺ നിരക്ക് വളരെ കൂടുതലാണ്. യാത്രയ്ക്കിടെ, ബസ് തകരാറിലായാൽ യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റിവിടുകയാണു ചെയ്യുന്നത്. സ്വിഫ്റ്റിനു കീഴിൽ അവസാനമിറക്കിയ എസി ബസുകൾ സംബന്ധിച്ചും പരാതികളുണ്ട്. മുൻപു സൂപ്പർക്ലാസ് ബസുകളുടെ 5 വർഷ കാലാവധി അവസാനിക്കുമ്പോൾ അവ ഓർഡിനറിയാക്കി മാറ്റുമായിരുന്നു. സൂപ്പർ ക്ലാസ് സർവീസിന് ഉപയോഗിക്കുന്ന ബസുകളുടെ കാലാവധി 12 വർഷമാക്കിയതോടെ, ആ വഴിക്കും ഓർഡിനറി ബസുകളുടെ ലഭ്യത കുറഞ്ഞു.