ADVERTISEMENT

എംജി സർവകലാശാലയിലെ എംഫിൽ പഠനകാലത്താണ് ഞാൻ കൊച്ചേട്ടനെ (കെ.കെ. കൊച്ച്) ആദ്യമായി കണ്ടത്. യൂണിവേഴ്‌സിറ്റിക്കു സമീപത്ത്, കൊച്ചേട്ടന്റെ അനിയൻ കെ. കെ. ബാബുരാജിന്റെ മുറിയിലായിരുന്നു ആ കൂടിക്കാഴ്ച. ഞങ്ങൾ കുറച്ചു ഗവേഷണ വിദ്യാർഥികളിരുന്നു സംസാരിക്കുമ്പോഴാണ് അദ്ദേഹവും മറ്റു രണ്ടുപേരും കയറിവന്നത്. ആദിവാസി, ദലിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ കൊല്ലം ജില്ലയിലെ അരിപ്പയിൽ നടക്കുന്ന ഭൂസമരത്തിൽ പങ്കെടുത്തിട്ടു കടുത്തുരുത്തിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അരിപ്പ സമരത്തെക്കുറിച്ച് ആവേശത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. നിങ്ങൾ കുട്ടികൾ നിർബന്ധമായും അവിടം സന്ദർശിക്കണമെന്ന് ഓർമിപ്പിച്ചു.

തീവ്ര ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ബുദ്ധിജീവി എന്ന നിലയിൽ എഴുത്ത് ശക്തമാക്കിയ കെ.കെ.കൊച്ച് പിന്നീട് മാർക്സിസം നേരിടുന്ന അടിസ്ഥാന പ്രശ്നമായ വർഗന്യൂനീകരണത്തെ തിരിച്ചറിയുകയും അംബേദ്കർ ദർശനങ്ങളെ മുൻനിർത്തിയുള്ള സാമൂഹിക ആലോചനയിലേക്ക് കടക്കുകയും ചെയ്തു. സീഡിയൻ പോലുള്ള സാമൂഹിക പ്രസ്ഥാനങ്ങളിൽ സജീവമായ അദ്ദേഹം ജാതിയെ കേന്ദ്രത്തിൽ നിർത്തിയുള്ള ആലോചനകളാണ് പിന്നീടു നടത്തിയത്.

ദലിത്‌ പരികൽപന മലയാളികൾക്കു പരിചയപ്പെടുത്തുന്നതിൽ അദ്ദേഹം വലിയ പങ്കു വഹിച്ചു. മലയാളികൾ മുഖ്യധാരയായി ആഘോഷിച്ചിരുന്ന സാഹിത്യവും സിനിമയും നാടകവുമെല്ലാം അടിമുടി സവർണ ബിംബപ്രതിഷ്ഠയുടെ ഇടങ്ങളായിരുന്നു എന്ന തിരിച്ചറിവ് മലയാളികൾക്ക് ഉണ്ടാക്കിക്കൊടുത്ത പ്രധാന ചിന്തകൻ, എഴുത്തുകാരൻ എന്നീ നിലകളിലാണ് അദ്ദേഹം ശ്രദ്ധേയനായി മാറിയത്. മലയാള സാഹിത്യം എത്ര മാത്രം ജാതിവികാരങ്ങളെയാണ് പുറന്തള്ളിയതെന്ന് തെളിഞ്ഞ ഭാഷയിൽ അദ്ദേഹം തുറന്നുകാട്ടി.

ജനപ്രിയ സിനിമകൾ തീർത്ത ജാതിക്കോട്ടയിൽ വിള്ളൽ വീഴ്ത്താനും സാധിച്ചു. ജനപ്രിയ ചരിത്രരചനാ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നു. അയ്യങ്കാളി, പൊയ്കയിൽ അപ്പച്ചൻ, പാമ്പാടി ജോൺ ജോസഫ് തുടങ്ങിയവരുടെയെല്ലാം ചരിത്രത്തിന് മറ്റൊരു വ്യാഖ്യാനം നൽകുവാനും കഴിഞ്ഞു. ബാർബർ തൊഴിലാളികളുടെ അനുഭവങ്ങളും അവരുമായുള്ള സംഭാഷണങ്ങളും അദ്ദേഹം ആനുകാലികങ്ങളിലൂടെ പ്രസിദ്ധീകരിച്ചു.

ഭൂമിപ്രശ്നമാണ് കേരളത്തിലെ പ്രധാന പ്രശ്‌നമെന്നു കൊച്ച് വരച്ചുകാട്ടി. കേരള വികസന മാതൃകയെ വിമർശിച്ച അദ്ദേഹത്തിന്റെ രചനകൾ കേരളത്തിലെ എല്ലാ സർവകലാശാലകളുടെയും സിലബസിൽ ഇടംപിടിച്ചു.

ചെങ്ങറ ഉൾപ്പെടെയുള്ള സമരങ്ങളിൽ നേരിട്ടു പങ്കെടുത്തു. ‘ദലിതൻ’ എന്ന പദം കേവലം ജാതിസ്വത്വത്തെ സൂചിപ്പിക്കാൻ മാത്രമല്ല അദ്ദേഹം ഉപയോഗിച്ചത്. മനുഷ്യാന്തസ്സിനെ വീണ്ടെടുക്കുന്ന സാമൂഹിക വിമർശനം സാധ്യമാക്കുന്ന പരികൽപനയെന്നതാണ് കെ.കെ. കൊച്ചിലെ ദലിതൻ. മലയാളികൾ എത്രമാത്രം ജാതിയിൽ മുങ്ങിയിരിക്കുന്നെന്നു വെളിപ്പെടുത്തിയ കൊച്ചിന്റെ രചനകൾ ഒഴിവാക്കിക്കൊണ്ട് മറ്റൊരു വിമർശനം സാധ്യമല്ല. മലയാളി സമൂഹത്തെയും ചരിത്രത്തെയും സമകാലിക രാഷ്ട്രീയത്തെയും തികഞ്ഞ വിമർശനാവബോധത്തോടെയും ജ്ഞാനശാസ്ത്രപരമായും സമീപിച്ച അദ്ദേഹത്തിന്റെ സംഭാവനകൾ മലയാളികൾ ഉള്ളകാലം വരെ ചർച്ച ചെയ്തുകൊണ്ടിരിക്കും.

(കൊല്ലം ഫാത്തിമ മാതാ കോളജിലെ ചരിത്ര വിഭാഗം അധ്യാപകനാണ് ലേഖകൻ)

English Summary:

K.K. Koch: A Champion of Dalit Rights and Social Justice in Kerala

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com