ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻകയുടെയും മരുമകൻ ജറാദ് കുഷ്നറിന്റെയും ‘ശുചിമുറി ധൂർത്ത്’ വിവാദമാകുന്നു. പ്രസിഡന്റിനും കുടുംബാംഗങ്ങൾക്കും സുരക്ഷ ഒരുക്കുന്ന യുഎസ് സീക്രട്ട് സർവീസ് ഏജന്റുമാർക്കു തന്റെ വസതിയിലെ ശുചിമുറി ഉപയോഗിക്കുന്നതിന് ഇവാൻക വിലക്കേർപ്പെടുത്തി. തൊട്ടടുത്തൊരു അപ്പാർട്ട്മെന്റ് വൻ തുകയ്ക്കു വാടകയ്ക്കെടുത്താണു സീക്രട്ട് സർവീസ് ഏജന്റുമാർ പ്രാഥമികാവശ്യങ്ങൾ നിറവേറ്റിയത്.

വാഷിങ്ടൻ ഡിസിയിൽ ഇവാൻകയുടെ വസതിയിൽ നിയന്ത്രണം വന്നതോടെ, സീക്രട്ട് സർവീസ് ഏജന്റുമാരുടെ അപ്പാർട്ട്മെന്റിനായി 2017 മുതൽ 1,44,000 ഡോളർ (ഒരു കോടിയിലേറെ രൂപ) വാടക നൽകിയതായി ജനറൽ സർവീസസ് അഡ്മിനിസ്ട്രേഷൻ രേഖകൾ വ്യക്തമാക്കുന്നു. നോർത്ത്‍വെസ്റ്റ് ട്രേസി പ്ലേസിലെ 820 ചതുരശ്ര അടി സ്ഥലത്തിനാണു ഭീമൻ വാടക കൊടുക്കേണ്ടി വന്നത്. വാഷിങ്ടൻ നഗരത്തോടു ചേർന്നുള്ള ആഡംബര താമസ മേഖലയായ കലോരമ എന്ന സ്ഥലത്താണ് ഈ അപ്പാർട്ട്മെന്റ്. തിരക്കേറിയ നഗരത്തിൽ ശുചിമുറിയും ഓഫിസ് സൗകര്യങ്ങളും ഒരുക്കാൻ കഴിയാതെ വന്നതോടെയാണ് അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുത്തതെന്നു സീക്രട്ട് സർവീസ് ഏജന്റുമാരെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

5000 ചതുരശ്ര അടിയുള്ള ഇവാൻകയുടെ വസതിയിൽ 6 കിടപ്പുമുറികളും 6 ശുചിമുറികളും ആണുള്ളത്. വസതിയിൽ പ്രവേശിക്കുകയോ ശുചിമുറികൾ ഉപയോഗിക്കുകയോ ചെയ്യരുതെന്നു ദമ്പതികൾ യുഎസ് സീക്രട്ട് സർവീസ് ഏജന്റുമാരെ വിലക്കിയെന്നാണു വിവരം. ആരോപണം നിഷേധിച്ച വൈറ്റ് ഹൗസ് അധികൃതർ തീരുമാനം തീർത്തും സീക്രട്ട് സർവീസ് പ്രോട്ടോക്കോളിന്റെ ഭാഗമായിട്ടുള്ളതാണെന്ന് അറിയിച്ചു. വ്യക്തികളുടെ സ്വകാര്യത അങ്ങേയറ്റം മാനിച്ചു സുരക്ഷ ഒരുക്കുകയാണു നയമെങ്കിലും ഇത്തരം തീരുമാനം കൈകൊണ്ടിട്ടില്ലെന്നായിരുന്നു സീക്രട്ട് സർവീസ് വക്താവിന്റെ പ്രതികരണം.

1200-jared-kushner-ivanka
ജാറദ് കുഷ്നറും ഇവാൻക ട്രംപും (Alex Wong/Getty Images/AFP)

ശുചിമുറി സൗകര്യം ഒരുക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നതായി സീക്രട്ട് സർവീസിലെ രണ്ട് ഏജന്റുമാർ മാധ്യമങ്ങളോടു പറഞ്ഞു. പോർട്ടബിൾ ശുചിമുറികളായിരുന്നു അതിലൊന്ന്. പ്രാദേശികവാസികളുടെ പരാതിയെ തുടർന്ന് അവ നീക്കി. വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ വസതിയെയും സമീപത്തെ റസ്റ്ററന്റുകളെയുമാണു കാര്യസാധ്യത്തിന് ഏജന്റുമാർ ഉപയോഗിച്ചിരുന്നത്. ഇന്റർനെറ്റ്, ഭക്ഷണം തുടങ്ങിയ ആവശ്യങ്ങൾ കൂടി കണക്കിലെടുത്ത് അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുക്കുകയായിരുന്നു. പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്നും ഇവാൻകയും ജറാദ് കുഷ്നറും എല്ലാവിധ സൗകര്യങ്ങളും സീക്രട്ട് സർവീസ് ഏജന്റുമാർക്ക് ഒരുക്കിയിരുന്നതായും അടുത്ത വൃത്തങ്ങൾ അറിയിച്ചു.

1200-trump-junior-ivanka
ഇവാൻക ട്രംപ് സഹോദരൻ ഡോണൾഡ് ട്രംപ് ജൂനിയറിനൊപ്പം (Photo by MANDEL NGAN / AFP)

ജനുവരി അവസാനത്തോടെ പിതാവ് ഡോണള്‍‍ഡ് ട്രംപ് പടിയിറങ്ങുമ്പോള്‍, വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ഇവാൻക എന്തു ചെയ്യുമെന്ന ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ കൊഴുക്കുന്നതിനിടെയാണ് ‘ശുചിമുറി വിവാദം’. കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയിൽ തിരിച്ചെത്താൻ പദ്ധതിയിടുന്ന ഇവാൻകയ്ക്കെതിരെ എസ്റ്റേറ്റ് ഭൂമിയുടെ വില പെരുപ്പിച്ചു കാണിച്ചതുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്. ഫാഷൻ രംഗത്തേക്കുള്ള തിരിച്ചുപോക്കും എളുപ്പമല്ലെന്നാണു വിലയിരുത്തൽ. നഷ്ടത്തിലായിരുന്ന ഇവാൻകയുടെ സ്ഥാപനം വൈറ്റ് ഹൗസിലെ ജോലി കണക്കിലെടുത്ത് 2018 ജൂലൈയിൽ അടച്ചു പൂട്ടിയിരുന്നു.

English Summary: Secret Service pays high rent for apartment near Ivanka Trump's home for toilets and office space for agents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com