കുട്ടനാട്ടിൽ ജലനിരപ്പ് താഴുന്നില്ല; എസി റോഡിൽ വെള്ളക്കെട്ട്; ആശങ്ക
Mail This Article
കോട്ടയം∙ കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും ജലനിരപ്പ് താഴാതെ നിൽക്കുന്നതിൽ ആശങ്ക. താഴ്ന്ന പ്രദേശങ്ങളിലെ നൂറുകണക്കിനു വീടുകളിൽ ഇപ്പോഴും വെള്ളമുണ്ട്. കുട്ടനാട്ടിലെത്തുന്ന അധികജലം തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ എന്നിവയിലൂടെ വലിയ തോതിൽ കടലിലേക്കൊഴുകുന്നത് ആശ്വാസമാണ്. പമ്പ, കക്കി അണക്കെട്ടുകൾ തുറന്നതുമൂലം കുട്ടനാട്ടിലേക്കെത്തിയ അധികജലം ആറുകളിലും തോടുകളിലും ജലനിരപ്പ് ഉയർത്തി. പമ്പ, മണിമല, അച്ചൻകോവിലാറുകളും അവയുടെ കൈവഴികളും പലയിടത്തും കരകവിഞ്ഞു.
എസി റോഡിൽ പലയിടത്തും വെള്ളക്കെട്ട് തുടരുന്നതിനാൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയിൽ കെഎസ്ആർടിസി സർവീസുകൾ ആരംഭിച്ചു. വെള്ളപ്പൊക്കത്തിൽ 18 പാടശേഖരങ്ങളിലാണ് ഇതുവരെ മട വീണത്. അപ്പർകുട്ടനാട്ടിലെ ചെറുതനയിൽ 400 ഏക്കർ വരുന്ന തേവേരി തണ്ടപ്ര പാടത്ത് മടവീണു. അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിന് 30 വള്ളങ്ങളും 200 മത്സ്യത്തൊഴിലാളികളും മങ്കൊമ്പിൽ സജ്ജരാണ്. 11 ദുരിതാശ്വാസ ക്യാംപുകളാണ് കുട്ടനാട്ടിൽ പ്രവർത്തിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വെള്ളം എത്തിയില്ലെങ്കിൽ കുട്ടനാട്ടിലെ പ്രളയഭീതിയൊഴിയും.
English Summary: kuttanad rain updates