ബംഗാളി നടി ബിദിഷ ഫ്ലാറ്റിൽ മരിച്ച നിലയിൽ

Mail This Article
കൊൽക്കത്ത∙ ബംഗാളി മോഡലും നടിയുമായ ബിദിഷ ഡേ മജുംദാറിനെ ( 21) കൊൽക്കത്തയിലെ നഗേർബസാറിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച വൈകിട്ടാണ് സംഭവം. ആത്മഹത്യയെന്നാണ് നിഗമനം. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ നാല് മാസമായി ബിദിഷ ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സംഭവത്തിൽ ബരാക്പുർ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആർജി ഖാർ ആശുപത്രിയിലേക്ക് മാറ്റി. ബിദിഷ, അനുഭാബ് ബേര എന്നയാളുമായി പ്രണയത്തിലായിരുന്നു. പ്രണയ ബന്ധത്തിലെ പ്രശ്നങ്ങൾ കാരണം നടി വിഷാദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
മോഡലിങ് രംഗത്തെ അറിയപ്പെടുന്ന മുഖമായ ബിദിഷ, 2021ൽ അനിർബേദ് ചതോപാധ്യായ സംവിധാനം ചെയ്ത ‘ഭാർ- ദ് ക്ലൗൺ’ എന്ന ഷോർട്ട് ഫിലിമിലൂടെയാണ് അഭിനയരംഗത്തെത്തിയത്.
English Summary: Actress Bidisha De Majumdar found dead in her apartment