‘ആത്മവഞ്ചനയുടെ ആഴമറിയാന്‍ ഉപകരിക്കും’; സതീശന്റെ ചിത്രങ്ങളുമായി സംഘപരിവാര്‍
Mail This Article
തിരുവനന്തപുരം ∙ ഗോള്‍വാള്‍ക്കര്‍ പരാമര്‍ശത്തില്‍ ആര്‍എസ്എസ് സ്വന്തം ലെറ്റര്‍പാഡില്‍ നോട്ടിസ് അയച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ വീണ്ടും സംഘപരിവാര്‍ സംഘടനകള്‍. സതീശന്‍ ആര്‍എസ്എസിന്റെ വിവിധ പരിപാടികളില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ നേതാക്കള്‍ പുറത്തുവിട്ടു. സമൂഹമാധ്യമങ്ങളിലൂടെയാണ് ആര്‍എസ്എസ് നേതാക്കള്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.
മുൻ മന്ത്രി സജി ചെറിയാൻ നടത്തിയ ഭരണഘടനാവിരുദ്ധ പ്രസ്താവനയ്ക്കു പിന്നാലെയാണ് കോൺഗ്രസും ആർഎസ്‌എസും കൊമ്പുകോർത്തത്. ഗോള്‍വാള്‍ക്കറിന്റെ ബഞ്ച് ഓഫ് തോട്ട്‌സില്‍ പറയുന്ന ഇതേ കാര്യങ്ങള്‍ തന്നെയാണ് സജി ചെറിയാൻ പറഞ്ഞതെന്ന് വി.ഡി.സതീശൻ ആരോപിച്ചു. ഈ പ്രസ്താവന ആര്‍എസ്എസിനെ ചൊടിപ്പിച്ചു. തുടർന്നാണ് സതീശൻ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത ചിത്രങ്ങൾ ഓരോന്നായി പുറത്തുവിട്ടത്.
2013ല്‍ തൃശൂരില്‍ ഭാരതീയ വിചാരകേന്ദ്രം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പുസ്തകപ്രകാശന ചടങ്ങിന്റെ ചിത്രങ്ങള്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി.സദാനന്ദന്‍ പുറത്തുവിട്ടു. ആത്മവഞ്ചനയുടെ ആഴം തിരിച്ചറിയാന്‍ ഈ ചിത്രങ്ങള്‍ ഉപകരിക്കുമെന്ന് അദ്ദേഹം വിമർശിച്ചു. ആർഎസ്എസിന്റെ നോട്ടിസിനു ചുരുങ്ങിയ മര്യാദ പ്രതീക്ഷിക്കുന്നുവെന്നും സതീശൻ കോടതിയിൽ പറയുന്നത് കേൾക്കാൻ കേരളം കാത്തിരിക്കുന്നുവെന്നും സദാനന്ദൻ പറഞ്ഞു.
2006ല്‍ പറവൂര്‍ മനയ്ക്കപ്പടി സ്കൂളിലെ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങൾ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.ബാബുവും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
English Summary: Golwalkar controversy: RSS against VD Satheesan