ബിഹാറിൽ ബാഗേശ്വർ ബാബയെ കാണാൻ ആരാധകപ്രവാഹം; വോട്ടുറപ്പിക്കാൻ ബിജെപി

Mail This Article
പട്ന ∙ ഹിന്ദു മതപ്രഭാഷകൻ ബാഗേശ്വർ ബാബ ധീരേന്ദ്ര ശാസ്ത്രിയുടെ ബിഹാർ സന്ദർശനത്തിലുണ്ടായ ആരാധക പ്രവാഹത്തിൽ ബിജെപിക്ക് പ്രതീക്ഷ. ബാബയുടെ അഞ്ചു ദിവസം നീണ്ട ‘ഹനുമാൻ കഥ’ കേൾക്കാനും ബാബയുടെ ദർശനത്തിനുമായി വൻ ജനാവലിയെത്തി. മന്ത്രി തേജ് പ്രതാപ് യാദവ് ഉൾപ്പെടെ ബാഗേശ്വർ ബാബയ്ക്കെതിരെ നടത്തിയ നിശിത വിമർശനങ്ങൾ അവഗണിച്ചായിരുന്നു ഭക്തജനപ്രവാഹം.
ഹിന്ദു രാഷ്ട്ര പ്രഖ്യാപനത്തിനു തയാറെടുക്കാൻ ഭക്തരോട് ആഹ്വാനം ചെയ്ത ബാഗേശ്വർ ബാബയുടെ സന്ദർശനം, 2024 ലോക്സഭാ തിരഞ്ഞെടുപ്പു മുൻനിർത്തിയുള്ള രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നു ജെഡിയു, ആർജെഡി നേതാക്കൾ ആരോപിച്ചിരുന്നു. ബിഹാറിലെ ജാതിരാഷ്ട്രീയത്തെ മറികടക്കുന്ന തരത്തിൽ ഹിന്ദു വോട്ടർമാരെ ഒന്നിപ്പിക്കാൻ ബാഗേശ്വർ ബാബയ്ക്കു കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രഭാഷണ വേദികളിൽ ബാബ പുകഴ്ത്തി പറയുന്നതാണ് ജെഡിയു, ആർജെഡി നേതാക്കളുടെ എതിർപ്പ് ക്ഷണിച്ചു വരുത്തിയത്. മധ്യപ്രദേശിലാണ് മഠമെങ്കിലും ബാഗേശ്വർ ബാബയ്ക്ക് ബിഹാർ, യുപി, ജാർഖണ്ഡ് സംസ്ഥാനങ്ങളിലും ആരാധകരുണ്ട്. സമൂഹ മാധ്യമങ്ങളിലും താരമാണ്.
ബിഹാറിൽ ‘രാമചരിത മാനസ’ത്തിനെതിരെ ആർജെഡി നേതാക്കൾ നടത്തിയ വിവാദ പരാമർശങ്ങളെ ബാബ രൂക്ഷമായി വിമർശിച്ചു. ബിജെപി നേതാക്കളാണ് പട്നയിൽ ബാഗേശ്വർ ബാബയുടെ സന്ദർശന പരിപാടിയുടെ സംഘാടകരായത്.
English Summary: BJP leaders hopeful after preacher Bageshwar Baba visits Patna