വെള്ളക്കെട്ടിൽ വിമാനങ്ങളുടെ നിര; കനത്ത മഴയിൽ ചെന്നൈ വിമാനത്താവളം രാത്രി 11 വരെ അടച്ചു - വിഡിയോ
Mail This Article
ചെന്നൈ∙ മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുന്ന തമിഴ്നാട്ടിൽ, ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറാക്കി മഴക്കെടുതി. റൺവേയിൽ ഉൾപ്പെടെ വെള്ളം കയറിയ സാഹചര്യത്തിൽ, വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. ഇവിടെനിന്നുള്ള പല വിമാനങ്ങളും റദ്ദാക്കി. വിമാനത്താവളം ഇന്നു രാത്രി 11 വരെ അടച്ചിടുമെന്ന് അധികൃതർ വ്യക്തമാക്കി. കനത്ത മഴയിൽ വെള്ളക്കെട്ടു രൂപപ്പെട്ട വിമാനത്താവളത്തിൽ വിമാനങ്ങൾ നിർത്തിയിട്ടിരിക്കുന്ന വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
12 ആഭ്യന്തര സർവീസുകളും നാല് രാജ്യാന്തര സർവീസുകളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ചെന്നൈയിൽ ഇറങ്ങേണ്ടിയിരുന്ന മൂന്ന് രാജ്യാന്തര സർവീസുകൾ കാലാവസ്ഥ മോശമായതിനാൽ ബെംഗളൂരുവിലേക്ക് വഴിതിരിച്ചു വിട്ടു. മഴ ദുരിതം വിതയ്ക്കുന്ന സാഹചര്യത്തിൽ ചെന്നൈയിൽ ഉൾപ്പെടെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരത്തിലെ റോഡുകളിലെങ്ങും വെള്ളം കയറിയതിന്റെയും കാറുകൾ ഉൾപ്പെടെ ഒഴുകി നീങ്ങുന്നതിന്റെയും വിഡിയോ ഉൾപ്പെടെ പുറത്തുവരുന്നുണ്ട്.
ചെന്നൈ നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ, ജനജീവിതം താറുമാറായി. വടപളനി, താംബരം ഉൾപ്പെടെ മിക്കയിടങ്ങളിലും വീടുകളിൽ വെള്ളം കയറി. കനത്ത മഴയെ തുടർന്ന് ചെന്നൈ നെടുങ്കുൻട്രം നദി കരകവിഞ്ഞു. ഇതേത്തുടർന്ന് അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വെള്ളക്കെട്ടുകളിൽ ഇറങ്ങരുതെന്നും നിർദ്ദേശമുണ്ട്. സബ്‌വേകളും അടിപ്പാലങ്ങളും വെള്ളത്തിൽ മുങ്ങി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി. പലയിടങ്ങളിലും വൈദ്യുതിയും നിലച്ചു.