എക്സിറ്റ് പോളുകൾ സംശയാസ്പദം, തയാറാക്കിയവർക്ക് രാഷ്ട്രീയ ലക്ഷ്യം; അതീവ ജാഗ്രതയുണ്ടാകണമെന്ന് ഇ.പി. ജയരാജൻ

Mail This Article
കണ്ണൂര്‍∙ എക്സിറ്റ് പോളുകള്‍ സംശയാസ്പദമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. എല്ലാ മേഖലയിലും ജാഗ്രതയുണ്ടാവണമെന്ന ഇന്ത്യാ മുന്നണിയുടെ നിലപാട് ശരിവയ്ക്കുന്നതാണ് എക്സിറ്റ് പോൾ ഫലമെന്നും ജയരാജൻ പറഞ്ഞു. ‘‘ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. ബിജെപി പറഞ്ഞതുപോലെയുള്ള പ്രവചനമാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ ബിജെപി പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കാനും ശക്തിപ്പെടുത്താനുമുള്ള നിലപാടാണ് എല്ലാ എക്സിറ്റ് പോളുകളും സ്വീകരിച്ചിട്ടുള്ളത്’’– ഇ.പി.ജയരാജൻ പറഞ്ഞു.
‘‘കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കാനുള്ള സാധ്യതയില്ല. കേരളം മതനിരപേക്ഷതയുടെ നാടാണ്. ന്യൂ ജനറേഷൻ വിദ്യാസമ്പന്നരാണ്. ലോക കാര്യങ്ങള്‍ നിരീക്ഷിക്കുന്നവരാണ്. അവരുടെ നിലപാട് തന്നെ മതനിരപേക്ഷതയാണ്. അതിനാല്‍ തന്നെ ബിജെപി കേരളത്തില്‍ വരാൻ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല. എക്സിറ്റ് പോളുകള്‍ തയാറാക്കിയവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ട്. ബിജെപിയും മോദിയും പറഞ്ഞതുപോലെയുള്ള ഫലമാണ് പുറത്തുവന്നത്. ശാസ്ത്രീയമായ നിഗമനത്തിന്‍റെയോ ജനങ്ങളുടെ പൊതുവികാരങ്ങളെ നിരീക്ഷിച്ചോ അല്ല എക്സിറ്റ് പോള്‍’’ – ഇ.പി. ജയരാജൻ പറഞ്ഞു.