ADVERTISEMENT

കോഴിക്കോട് ∙ എഡിജിപി എം.ആർ.അജിത്‌കുമാറും ആർഎസ്‌എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ബിജെപിക്കു വേണ്ടി പൂരം കലക്കിയതിനു പിന്നിലെ ഗൂഢാലോചന കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണാത്തതു ഭീരുത്വമാണ്. ആര്‍എസ്എസ് നേതാവ് റാം മാധവുമായി ചര്‍ച്ച നടത്തിയ അജിത്കുമാറിനൊപ്പം ഉണ്ടായിരുന്നത് ആരൊക്കെയെന്നതു പുറത്തുവന്നാല്‍ കേരളം ഞെട്ടും.

മുഖ്യമന്ത്രിയുടെ ദൂതനായി ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത്കുമാറും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയും കണ്ടിരുന്നു എന്ന ആരോപണം ശരിയാണെന്ന് ഇപ്പോള്‍ എല്ലാവരും സമ്മതിച്ചു. കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ എല്ലാ സഹായവും ചെയ്തു തരാമെന്നതായിരുന്നു കൂടിക്കാഴ്ചയില്‍ കൈമാറിയ സന്ദേശം. അതിനു പകരമായി ഞങ്ങളെ ഉപദ്രവിക്കരുത് എന്നതായിരുന്നു ആവശ്യം. തൃശൂര്‍ പൂരം കലക്കാൻ കമ്മിഷണര്‍ അഴിഞ്ഞാടിയപ്പോള്‍ അതിനോട് നോ പറയാന്‍ സ്ഥലത്തുണ്ടായിരുന്ന എഡിജിപി തയാറായില്ല. പൂരം കലക്കിയതു കാഫിര്‍ വിവാദം പോലെ ഗൗരവമുള്ളതാണ്.

ഉത്സവ സീസണുകളില്‍ വിപണിയിലുണ്ടാകുന്ന കൃത്രിമ വിലക്കയറ്റം തടഞ്ഞു നിര്‍ത്തുന്നതിനാണു സര്‍ക്കാര്‍ ഓണച്ചന്തകള്‍ തുടങ്ങുന്നത്. എന്നാല്‍ നിത്യോപയോഗ സാധനങ്ങളുടെ വിലകൂട്ടിയ വിചിത്ര തീരുമാനത്തോടെയാണ് ഇത്തവണ ഓണച്ചന്ത തുടങ്ങിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 25 വര്‍ഷത്തേക്ക് വൈദ്യുതി യൂണിറ്റിന് 4 രൂപ 29 പൈസയ്ക്ക് വാങ്ങുന്നതിനുള്ള കരാര്‍ ഈ സര്‍ക്കാര്‍ റദ്ദാക്കി. ഇപ്പോള്‍ യൂണിറ്റിന് എട്ട് മുതല്‍ 12 രൂപ വരെയാണ് നല്‍കുന്നത്. ഇത്രയും പ്രശ്നങ്ങൾക്കിടയിലും വയനാട് പുനരധിവാസത്തിനു പ്രതിപക്ഷം പൂര്‍ണപിന്തുണയാണ് നല്‍കിയിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.

English Summary:

V.D. Satheesan Demands Judicial Probe into ADGP Ajith Kumar's Meetings with RSS Leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com