കരിമല വഴിയെത്തുന്നവർക്കുള്ള പ്രത്യേക പാസ് നിർത്തലാക്കി; നടപടി സന്നിധാനത്ത് തിരക്ക് വർധിച്ചതിനാൽ
Mail This Article
ശബരിമല∙ കരിമല കാനനപാതയിലൂടെ കാൽ നടയായി എത്തുന്ന തീർഥാടകർക്ക് പതിനെട്ടാംപടി കയറാൻ പ്രത്യേകമായി അനുവദിച്ചിരുന്ന പാസ് നിർത്തി. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതിനെ തുടർന്നാണ് നടപടി. മകരവിളക്കിനായി നട തുറന്ന തിങ്കളാഴ്ച മുതൽ കാനനപാതയിലൂടെ തീർഥാടകരുടെ ഒഴുക്കാണ്. അതു വഴി നടന്നു വരുന്ന എല്ലാവർക്കും വനം വകുപ്പ് പ്രത്യേക പാസ് നൽകി വന്നിരുന്നു. സന്നിധാനത്തിൽ ക്യൂ നിൽക്കാതെ ഇവരെ പതിനെട്ടാംപടി കയറാൻ അനുവദിച്ചിരുന്നു. ഇത് തിരക്ക് കൂടാൻ കാരണമായെന്നാണ് വിലയിരുത്തൽ.
കരിമല വഴിയുള്ള പ്രത്യേക പാസ് 5,000 എണ്ണമാക്കി പരിമിതപ്പെടുത്താൻ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. ഏത് നിമിഷവും അപകടം ഉണ്ടാകുന്ന സ്ഥിതിയിലേക്കാണ് സന്നിധാനത്തെ തിരക്ക് വർധിച്ചത്. ക്യൂ നിൽക്കാതെ വരുന്നവർ വാവര് നട, ആഴി, മഹാ കാണിക്ക എന്നിവിടങ്ങളിൽ എത്തി തിക്കും തിരക്കും ഉണ്ടാക്കി. വലിയ നടപ്പന്തലിൽ സ്റ്റേജിന്റെ ഭാഗത്ത് തിക്കിലും തിരക്കിലും ബാരിക്കേഡിൽ ഞെങ്ങി ഞെരുങ്ങി. അപകടം ഉണ്ടാകുന്ന സ്ഥിതി വന്നതോടെ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ, എഡിജിപി എസ്. ശ്രീജിത്തുമായി ചർച്ച നടത്തിയാണ് പാസ് താൽക്കാലികമായി നിർത്തിയത്.
അതേസമയം മകരവിളക്കു കാലത്തെ പൂജകൾ ഇന്ന് പുലർച്ചെ 3.30ന് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെ ആരംഭിച്ചു. ദിവസവും 3.30 മുതൽ 11 വരെയാണ് നെയ്യഭിഷേകം. മകരവിളക്ക് ജനുവരി 14നാണ്. തീർഥാടനം പൂർത്തിയാക്കി ജനുവരി 20ന് രാവിലെ 6.30ന് നട അടയ്ക്കും.
മകരവിളക്ക് തീർഥാടനത്തിനായി ഇന്നലെ വൈകിട്ടാണ് നട തുറന്നത്. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്.അരുൺ കുമാർ നമ്പൂതിരി നടതുറന്നു. കന്നിമൂല ഗണപതി, നാഗരാജാവ് എന്നീ നട തുറന്ന ശേഷം പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു. മേൽശാന്തിയും സംഘവും തിരിച്ചു കയറിയ ശേഷമാണ് തീർഥാടകരെ പതിനെട്ടാംപടി കയറാൻ അനുവദിച്ചത്.
മകരവിളക്ക് തീർഥാടനകാലത്തെ വെർച്വൽ ക്യു ബുക്കിങ് 15 വരെ പൂർത്തിയായി. ഇന്നു മുതൽ ജനുവരി 11 വരെ പ്രതിദിനം 70,000 പേർക്കാണ് വെർച്വൽ ക്യു വഴി പ്രവേശനം. ബുക്ക് ചെയ്യാത്തവർക്ക് സ്പോട് ബുക്കിങ്ങാണ് ഇനി ആശ്രയം. എന്നാൽ തിരക്കുനിയന്ത്രണത്തിന്റെ ഭാഗമായി മകരവിളക്കിന്റെ പ്രധാന ദിവസങ്ങളായ 12 മുതൽ 14 വരെ സ്പോട് ബുക്കിങ് ഇല്ല. ഈ ദിവസങ്ങളിൽ വെർച്വൽ ക്യു എണ്ണവും കുറച്ചു. 12ന് 60,000, 13ന് 50,000, 14ന് 40,000 എന്ന ക്രമത്തിലാണു കുറവ്. ഈ ദിവസങ്ങളിലെയും ബുക്കിങ് കഴിഞ്ഞു. ജനുവരി 15ന് 70,000 പേർക്ക് ഉണ്ടായിരുന്ന ബുക്കിങ്ങും തീർന്നു.