കായികമേളയിൽ സ്കൂളുകളെ വിലക്കിയതിൽ രൂക്ഷ വിമർശനം: ‘ഉദ്യോഗസ്ഥ ധാർഷ്ട്യത്തിൽ ബലിയാടായി വിദ്യാർഥികൾ’

Mail This Article
കൊച്ചി∙ വിദ്യാഭ്യാസ, കായിക വകുപ്പുകളുടെ കെടുകാര്യസ്ഥതയ്ക്കു ബലിയാടാകുന്നതു കുട്ടികളുടെ ഭാവി. സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന സമയത്ത് പ്രതിഷേധിച്ചതിന്റെ പേരിൽ രണ്ടു സ്കൂളുകൾക്ക് അടുത്ത വർഷം വിലക്ക് ഏർപ്പെടുത്തിയ നടപടിക്കെതിരെ ഉയരുന്നത് കടുത്ത വിമർശനമാണ്. വിദ്യാഭ്യാസ, കായിക വകുപ്പുകളിലെ ഉദ്യോഗസ്ഥ ധാർഷ്ട്യമാണ് അനിഷ്ട സംഭവങ്ങൾക്ക് ഇടയാക്കിയതും ഇപ്പോൾ വിലക്കിനു കാരണവുമെന്നാണു പൊതുവെ ഉയരുന്ന വിമർശനം. അധ്യാപകർക്കെതിരെ നടപടി സ്വീകരിച്ചാൽ തന്നെ വൈകാരികമായി പ്രതികരിച്ച കുട്ടികളുടെ ഭാവിയെങ്കിലും ഇത്തരമൊരു വിലക്ക് പ്രഖ്യാപിക്കുന്നതിനു മുൻപ് കണക്കിലെടുക്കണമായിരുന്നു എന്നും അഭിപ്രായമുയരുന്നുണ്ട്.
എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന ഇത്തവണത്തെ മേളയുടെ സമാപന സമയത്ത് വിദ്യാർഥികൾ പ്രതിഷേധിച്ചതിന്റെ പേരിൽ മലപ്പുറം തിരുനാവായ നവാമുകുന്ദ എച്ച്എസ്എസ്, കോതമംഗലം മാർ ബേസിൽ എച്ച്എസ്എസ് എന്നിവയ്ക്കാണു വിദ്യാഭ്യാസ വകുപ്പ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കണ്‍മുന്നിൽ നടക്കുന്നത് അനീതിയാണെന്ന തോന്നലിൽനിന്നാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത് എന്ന് അധ്യാപകരടക്കമുള്ളവർ ചൂണ്ടിക്കാട്ടുന്നു. അതിന് ഇടയാക്കിയതാവട്ടെ, കായികമേള നടത്തിപ്പുകാരുടെ പിടിപ്പുകേടും.
വളരെ മികച്ച രീതിയിൽ സംഘടിപ്പിക്കപ്പെട്ട കായികമേളയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ പാകപ്പിഴകളുടെ പേരിൽ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിലേക്കും ഇപ്പോൾ വിലക്കിലേക്കും വരെ നീങ്ങിയിരിക്കുന്നത്. അത്‌ലറ്റിക്സിലെ സ്കൂൾ തല ചാംപ്യൻപട്ടത്തിന് ജനറൽ സ്കൂളുകൾക്കൊപ്പം സ്പോർട്സ് ഡിവിഷൻ സ്കൂളുകളെ കൂടി പരിഗണിച്ചതാണു പ്രതിഷേധം ഉയരാൻ ഇടയാക്കിയത്. സ്പോർട്സ് സ്കൂളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ പരിതാപകരമായ സാഹചര്യങ്ങളിലാണു ജനറൽ സ്കൂളുകള്‍ തങ്ങളുടെ വിദ്യാർഥികളെ കായിക ഇനങ്ങൾക്കായി തയാറെടുപ്പിക്കുന്നത്. അതുകൊണ്ടു തന്നെ പോയിന്റ് നില പരിഗണിക്കുമ്പോൾ മുൻ വർഷങ്ങളിൽ സ്പോർട്സ് സ്കൂളുകളെ ജനറൽ സ്കൂളുകൾക്കൊപ്പം പരിഗണിക്കാറുമുണ്ടായിരുന്നില്ല.
ഇത്തവണ ഇതിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന കാര്യം അധികൃതർ മുൻകൂട്ടി അറിയിച്ചിരുന്നുമില്ല. അത്‍ലറ്റിക് മത്സരങ്ങൾ പൂർത്തിയായപ്പോൾ മലപ്പുറം കടകശേരി ഐഡിയൽ സ്കൂൾ ഒന്നാമതും മലപ്പുറം തിരുനാവായ നവാമുകുന്ദ എച്ച്എസ്എസ്, കോതമംഗലം മാർ ബേസിൽ എച്ച്എസ്എസ് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലുമായിരുന്നു. ഇക്കാര്യം വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ സമ്മാനദാന സമയത്ത് രണ്ടാം സ്ഥാനക്കാരായി ജി.വി.രാജ സ്പോർട്സ് സ്കൂളിനെയും രണ്ടാം സ്ഥാനക്കാരായിരുന്ന നാവാമുകുന്ദ സ്കൂളിനെ മൂന്നാം സ്ഥാനക്കാരായും പ്രഖ്യാപിച്ചു. സ്വാഭാവികമായും മൂന്നാം സ്ഥാനക്കാരായിരുന്ന മാർ ബേസിൽ നാലാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. ഇതോടെയാണ് ഇരു സ്കൂളുകാരും പ്രതിഷേധവുമായി രംഗത്തെത്തിയത്.
സ്പോർട്സ് സ്കൂളുകളെ കൂടി ജനറൽ സ്കുളുകൾക്കൊപ്പം പരിഗണിക്കാമെന്നാണു നിയമമെന്നു ന്യായം നിരത്തുന്നുണ്ടെങ്കിലും തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പിഴവിനു വിദ്യാർഥികളെ ശിക്ഷിക്കുകയാണ് അധികൃതർ ചെയ്യുന്നത് എന്നാണു വിമർശനങ്ങൾ. പോയിന്റ് നില പരിഗണിക്കുമ്പോൾ സ്പോർട്സ് സ്കൂളുകളെ പരിഗണിക്കുമെന്ന കാര്യം സമാപന സമയം വരെ അധികൃതർ മിണ്ടിയിട്ടില്ല.
ഇതേ രീതിയിൽ തന്നെയായിരുന്നു വെബ്സൈറ്റിലും പോയിന്റ് നില ഉണ്ടായിരുന്നത്. ഇതു വിശ്വസിച്ചു സമ്മാനം പ്രതീക്ഷിച്ചു നിന്ന കുട്ടികളെ നിരാശയിലാക്കുന്നതായിരുന്നു വകുപ്പുകളുടെ നടപടി. തുടർന്നാണു പ്രതിഷേധം ഉടലെടുത്തതും. തങ്ങളുടെ പിഴവിനു വിദ്യാർഥികളെ ഒരു തവണ ശിക്ഷിച്ചതിനു പിന്നാലെ വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് ഇരട്ട പ്രഹരം നടത്തിയിരിക്കുകയാണ് അധികൃതർ എന്നാണ് അധ്യാപകരടക്കമുള്ളവരുടെ അഭിപ്രായം.