ADVERTISEMENT

തിരുവനന്തപുരം∙ മകരവിളക്കിനോടനുബന്ധിച്ചുള്ള സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജനുവരി 8 മുതല്‍ 15  വരെ ശബരിമലയില്‍ സ്പോട് ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി 5000 ആയി നിജപ്പെടുത്തി. തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിനു നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ഹൈക്കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണിത്.

ജനുവരി 12ന് 60,000, 13ന് 50,000, 14ന് 40,000 പേര്‍ എന്ന രീതിയില്‍ വെർച്വൽ ക്യൂവിനും ദേവസ്വം ബോര്‍ഡ്  നിയന്ത്രണം ഏര്‍പ്പെടുത്തി. സന്നിധാനത്തെത്തുന്ന ഭക്തരെ ദര്‍ശനത്തിനു ശേഷം അവിടെ തങ്ങാൻ അനുവദിക്കില്ല. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്ക് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ ജ്യോതി ദര്‍ശിക്കാനായി പൂങ്കാവനത്തില്‍ കാത്തിരിക്കാറുണ്ട്. ഇതുകാരണം തിരക്ക് അനിയന്ത്രിതമാവാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. സ്പോട് ബുക്കിങ്ങിലെ നിയന്ത്രണത്തോടൊപ്പം നിലയ്ക്കലില്‍ പരിശോധന നടത്തിയശേഷമാകും ഭക്തരെ പമ്പയിലേക്ക് കടത്തിവിടുക. സുരക്ഷിതമായ ജ്യോതിദര്‍ശനത്തിനായി വിവിധ ഇടങ്ങളില്‍ ഭക്തര്‍ക്ക് സൗകര്യങ്ങളും ഏര്‍പ്പടുത്തിയിട്ടുണ്ട്.

ജനുവരി 12ന് ഉച്ചയ്ക്ക് ഒരുമണിക്ക് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നു പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം അയിരൂര്‍ പുതിയകാവ് ക്ഷേത്രം, ളാഹ എന്നിവിടം വഴി ജനുവരി 14നു ശബരിമലയില്‍ എത്തും. തിരുവാഭരണ ഘോഷയാത്രയുടെ സുരക്ഷിതമായ പ്രയാണത്തിനായി വിപുലമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 39,02,610 ഭക്തര്‍ ഈ ഉത്സവകാലത്തു ശബരിമല സന്ദര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇതേസമയം എത്തിയത് 35,12,691 പേരാണ്.

English Summary:

Spot Bookings and Virtual Queue Limited : Sabarimala Makaravilakku sees strict crowd control measures. A virtual queue system and limited spot bookings are in place to ensure safety and manage the large number of devotees expected.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com