കുടിവെള്ളമാണ്, കാർ കഴുകല്ലേ, തോട്ടം നനയ്ക്കല്ലേ: 5,000 രൂപ പിഴയെന്ന് ബെംഗളൂരു

Mail This Article
ബെംഗളൂരു ∙ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കാർ കഴുകുന്നതിനും നിർമാണ പ്രവർത്തനങ്ങൾക്കും തോട്ടം നനയ്ക്കുന്നതിനുമായി ശുദ്ധജലം ദുരുപയോഗപ്പെടുത്തുന്നവർക്കു 5000 രൂപ പിഴ ചുമത്തുമെന്ന് ബെംഗളൂരു ജല അതോറിറ്റി (ബിഡബ്ല്യുഎസ്എസ്ബി) അറിയിച്ചു. ഭൂഗർഭജലവിതാനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. ദുരുപയോഗം തുടർന്നാൽ 500 രൂപ വീതവും പിഴ ഈടാക്കും. കഴിഞ്ഞ വർഷത്തിനു സമാനമായ ജലക്ഷാമം ഉണ്ടാകാതിരിക്കാനാണ് നിയന്ത്രണം നടപ്പാക്കുന്നതെന്ന് ബിഡബ്ല്യുഎസ്എസ്ബി ചെയർമാൻ രാം പ്രശാന്ത് മനോഹർ പറഞ്ഞു.
1964ലെ ജലവിനിയോഗ നിയമപ്രകാരമാണ് നടപടി. ആരെങ്കിലും ഉത്തരവ് ലംഘിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ 1916 എന്ന ഹെൽപ്‌ലൈനിൽ വിളിച്ച് പരാതി നൽകാം. ബെംഗളൂരു നഗരജില്ലയിലെ ജനസംഖ്യ 1.4 കോടി കടന്നതോടെ ഇനിയുള്ള വർഷങ്ങളിൽ ജലക്ഷാമം രൂക്ഷമാകുമെന്ന് വിവിധ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു.
സാഹചര്യം മുതലെടുത്ത് ജലടാങ്കറുകൾ നിരക്ക് ഉയർത്തിയതു ജനങ്ങൾക്ക് ഇരട്ടിദുരിതമായി. ജലവിതരണം നടത്തുന്നതിനു ടാങ്കർ ലോറികൾക്കു കൃത്യമായ നിരക്ക് ബിബിഎംപി നിശ്ചയിച്ചിട്ടുണ്ടെങ്കിലും പലരും ഇത് പാലിക്കുന്നില്ലെന്ന് വ്യാപകമായി പരാതിയുണ്ട്. ടാങ്കറുകൾക്കു പകരം കാവേരി ജലം ഉപയോഗിക്കാൻ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ നഗരവാസികളോട് അഭ്യർഥിച്ചിരുന്നു.
ശുദ്ധജല പ്ലാന്റുകളുടെ (ആർഒ) തൽസ്ഥിതി വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്കു ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് നിർദേശം നൽകി. വിവിധ ജനപ്രതിനിധികളുടെ വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച ആർഒ പ്ലാന്റുകളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന പരാതിയെ തുടർന്നാണ് നടപടി. വേനൽ കടുത്തതോടെ പലയിടങ്ങളിലെയും പ്ലാന്റുകൾ അടച്ചുപൂട്ടി. ജല അതോറിറ്റി വിവിധ മാനദണ്ഡങ്ങൾ പുറത്തിറക്കിയിരുന്നെങ്കിലും പലയിടത്തും അതു നടത്തിയിട്ടില്ല.
നഗരത്തിലെ പൊതു കുഴൽക്കിണറുകളുടെ പരിപാലനം ജലഅതോറിറ്റിക്കു കൈമാറാൻ ബിബിഎംപി തീരുമാനിച്ചു. ജലവിനിയോഗത്തിനായുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഫണ്ടും ജലഅതോറിറ്റിക്കു കൈമാറും. കാവേരി ജലവിതരണം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചതോടെയാണ് കുഴൽക്കിണറുകളുടെ ചുമതല പൂർണമായും ജല അതോറിറ്റിക്ക് കൈമാറുന്നത്.