അഭ്യൂഹങ്ങൾ ശക്തിപ്പെടുന്നു, വീണ്ടും കൂടിക്കാഴ്ച; കൈകോർക്കുമോ ഉദ്ധവും രാജും?

Mail This Article
മുംബൈ ∙ കഴിഞ്ഞദിവസം ഒരു വിവാഹച്ചടങ്ങിനിടെ ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയും ബന്ധുവും മഹാരാഷ്ട്ര നവനിർമാൺ സേനാ (എംഎൻഎസ്) അധ്യക്ഷനുമായ രാജ് താക്കറെയും കണ്ടുമുട്ടുകയും ഏറെനേരം സംസാരിക്കുകയും ചെയ്തത് വീണ്ടും അഭ്യൂഹങ്ങൾ ശക്തിപ്പെടുത്തി. പാർട്ടിയിലെ പിളർപ്പിനു പിന്നാലെ അധികാരത്തിനു പുറത്താവുകയും പ്രാദേശിക നേതാക്കളെയും അണികളെയും നഷ്ടപ്പെടുകയും ചെയ്ത ഉദ്ധവ് രാഷ്ട്രീയപരമായി ദുർബലനായിരിക്കേ രാജുമായി കൈകോർക്കുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നത്.
രണ്ടു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് ഇരുവരും പൊതുവേദിയിൽ കണ്ടുമുട്ടുന്നത്. മഹായുതിയിലും (എൻഡിഎ), മഹാ വികാസ് അഘാഡിയിലും (ഇന്ത്യാ സഖ്യം) അസ്വാരസ്യം നിലനിൽക്കുന്നതിനിടെ താക്കറെ സഹോദരന്മാർ ഒന്നിച്ചാൽ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം മാറ്റാനാകുമെന്ന് വിലയിരുത്തലുകളുണ്ട്. മുംബൈ, താനെ, പുണെ കോർപറേഷനുകൾ അടക്കം സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ഇരുവരും കൂടുതൽ ചർച്ചകളിലേക്ക് കടന്നേക്കുമെന്നും അഭ്യൂഹമുണ്ട്.
ബാൽ താക്കറെയുടെ സഹോദരനായ ശ്രീകാന്ത് താക്കറെയുടെ മകനാണ് രാജ്. ശിവസേനയിൽ ഉദ്ധവിനെ തന്റെ പിൻഗാമിയാക്കി ബാൽ താക്കറെ ഉയർത്തിക്കൊണ്ടുവന്നതോടെ 2005ലാണ് രാജ് താക്കറെ പാർട്ടി വിട്ടത്. 2006ൽ രാജ് മഹരാഷ്ട്രാ നവനിർമാൺ സേനയുണ്ടാക്കിയെങ്കിലും കാര്യമായ ചലനം ഉണ്ടാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ബാൽ താക്കറെയെ അനുസ്മരിപ്പിക്കുന്ന ശരീരഭാഷയും പ്രസംഗശൈലിയുമുള്ള രാജും താക്കറെ പാരമ്പര്യത്തിന്റെ കരുത്തുള്ള ഉദ്ധവും കൈകോർത്താൽ മറാഠി വോട്ടുകൾ ഏകോപിപ്പിച്ച് രാഷ്ട്രീയ ശക്തിയാകാൻ കഴിയുമെന്നാണു വിലയിരുത്തപ്പെടുന്നത്.