ടാസ്മാക് ആസ്ഥാനത്തും മദ്യക്കമ്പനികളിലും റെയ്ഡ്; ഇ.ഡി കണ്ടെത്തിയത് 1000 കോടിയുടെ ക്രമക്കേട്

Mail This Article
ചെന്നൈ ∙ തമിഴ്നാട് സർക്കാരിന്റെ മദ്യവിൽപന സ്ഥാപനമായ ടാസ്മാക് ആസ്ഥാനത്തും വിവിധ മദ്യക്കമ്പനികളുടെ ഓഫിസുകളിലും നടത്തിയ പരിശോധനയിൽ 1000 കോടിയിലേറെ രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കഴിഞ്ഞയാഴ്ച 3 ദിവസങ്ങളിലായി നഗരത്തിൽ 7 ഇടങ്ങളിലടക്കം 20 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ ഇതു സംബന്ധിച്ച രേഖകളും കണക്കിൽപെടാത്ത പണവും പിടിച്ചെടുത്തതായി ഇ.ഡി അധികൃതർ പറഞ്ഞു.
ഡിഎംകെ എംപി ജഗത്‌രക്ഷകന്റെ ഉടമസ്ഥതയിലുള്ള മദ്യക്കമ്പനികളിലും എക്സൈസ് മന്ത്രി സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ട ഇടങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. മദ്യക്കമ്പനികളും ടാസ്മാക് അധികൃതരുമാണ് തട്ടിപ്പിന് നേതൃത്വം നൽകിയതെന്നാണ് ഇ.ഡി കണ്ടെത്തൽ. ചെലവ് കൂട്ടിക്കാണിച്ചും വിൽപന സംബന്ധിച്ച കണക്കുകളിൽ തിരിമറി നടത്തിയുമായിരുന്നു തട്ടിപ്പ്. ചില്ലറവിൽപന ശാലകളിലേക്ക് മദ്യമെത്തിക്കുന്നതിനുള്ള കരാറിലും തട്ടിപ്പു നടന്നു.
കൃത്യമായ രേഖകളില്ലാതെ ടെൻഡറുകൾ നൽകിയതിന്റെയും ടാസ്മാക് ഉന്നതോദ്യോഗസ്ഥരും മദ്യക്കമ്പനികളും തമ്മിൽ നേരിട്ട് ഇടപാടുകൾ നടത്തിയതിന്റെയും തെളിവുകളും ഇ.ഡിക്കു ലഭിച്ചു. സ്ഥലംമാറ്റം, ബാർ ലൈസൻസ് തുടങ്ങിയവയ്ക്കായി വൻതോതിൽ കൈക്കൂലി വാങ്ങിയിരുന്നതായും കണ്ടെത്തി. അനധികൃത ഇടപാടുകളിൽ മദ്യക്കമ്പനികളുടെയും മറ്റ് ആളുകളുടെയും പങ്ക് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. തിരിമറികളിൽ ഉൾപ്പെട്ടിട്ടുള്ളതായി സംശയിക്കുന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവരെ ഉടൻ ചോദ്യം ചെയ്യുമെന്ന് ഇ.ഡി അധികൃതർ പറഞ്ഞു.