‘സമരം ചെയ്യുന്നത് 1.3% ആശാ പ്രവർത്തകർ, ശാഠ്യവും രാഷ്ട്രീയവും; പിടിവാശി ഉപേക്ഷിച്ചാൽ പരിഹാരം’

Mail This Article
തിരുവനന്തപുരം ∙ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാർ ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരം ഉണ്ടാകാത്തതിനു കാരണം സമരരംഗത്തുള്ളവര്‍ നിര്‍ബന്ധബുദ്ധിയും ശാഠ്യവും പിടിച്ചതിനാലെന്നു മന്ത്രി എം.ബി.രാജേഷ്. ആശാ വര്‍ക്കര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം ഉന്നയിച്ച സബ്മിഷനു സഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.
സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള പിടിവാശിയല്ല ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. സമരക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുളള പിടിവാശി ഉപേക്ഷിച്ചാല്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. സര്‍ക്കാരിന് ആശമാരുടെ പ്രശ്‌നത്തോട് അനുഭാവപൂര്‍വമായ നിലപാടാണുള്ളത്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ആശമാര്‍ക്ക് 1000 രൂപയായിരുന്നു ഓണറേറിയം. അത് 2023 ഡിസംബറില്‍ 7000 ആക്കി വര്‍ധിപ്പിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ കൊടുത്ത മറുപടി കേരളത്തില്‍ 6000 രൂപയാണ് ഓണറേറിയം എന്നാണ്. രാഷ്ട്രീയലക്ഷ്യം വച്ചുള്ള മറുപടിയാണിത്.
ആശമാര്‍ക്കു നിശ്ചയമായും കിട്ടുന്ന 10,000 രൂപയില്‍ 8200 രൂപയും നല്‍കുന്നത് സംസ്ഥാനമാണ്. ബാക്കി കൊടുക്കുന്ന തുകയില്‍ പോലും കേന്ദ്രം കുടിശിക വരുത്തുകയാണ്. എന്നിട്ടും സംസ്ഥാനത്തിന് എതിരെയാണു സമരം. ആശമാരെ അടിസ്ഥാന ആരോഗ്യപ്രവര്‍ത്തകരായി അംഗീകരിക്കണമെന്നാണ് ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ള എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും ആവശ്യം. അതേസമയം ആശമാര്‍ വനിതാ സന്നദ്ധപ്രവര്‍ത്തകര്‍ ആണെന്ന മാനദണ്ഡം മാറ്റാന്‍ കഴിയില്ലെന്നാണു കേന്ദ്രം പറയുന്നത്. തൊഴിലാളികള്‍ ആയി അംഗീകരിച്ചാല്‍ ശമ്പളവും പെന്‍ഷനും നല്‍കേണ്ടിവരും. അതൊഴിവാക്കാനാണ് കേന്ദ്രം മാനദണ്ഡം വച്ചിരിക്കുന്നത്.
ആശമാരെ ഹെല്‍ത്ത് വര്‍ക്കര്‍മാരായി അംഗീകരിക്കണമെന്നാണു സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെടുന്നത്. ആശമാര്‍ക്ക് ഇന്‍സെന്റീവ് കൂട്ടാന്‍ കഴിയില്ലെന്ന നിലപാടാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇപ്പോഴും സ്വീകരിക്കുന്നത്. അവര്‍ക്കെതിരെ യാതൊരു പ്രതിഷേധവും സമരക്കാര്‍ക്കില്ല. ഓണറേറിയം നല്‍കുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും സര്‍ക്കാര്‍ ഒഴിവാക്കുകയും ചെയ്തു. എന്നിട്ടും എന്തിനാണ് ഇവര്‍ സമരം ചെയ്യുന്നത്?
ആശാ വര്‍ക്കര്‍മാരെ ഹെല്‍ത്ത് വര്‍ക്കര്‍മാരായി അംഗീകരിച്ച് എല്ലാ ആനുകൂല്യങ്ങളും നല്‍കണമെന്ന ആവശ്യത്തിന്റെ കടയ്ക്കല്‍ കത്തിവച്ച് കേന്ദ്രത്തെ സഹായിക്കാന്‍ നടത്തുന്ന സമരമാണിത്. അതുകൊണ്ടാണ് ഒരു ട്രേഡ് യൂണിയനുകളും പിന്തുണയ്ക്കാത്തത്. ഇന്നലെ സമരത്തില്‍ പങ്കെടുത്തത് 26,000 പേരില്‍ വെറും 354 പേരാണ്. 1.3 ശതമാനം പേര്‍ മാത്രമാണ് സമരം ചെയ്യുന്നത്. രാഷ്ട്രീയലക്ഷ്യത്തോടെ നടത്തുന്ന സമരത്തെ ആരു വിചാരിച്ചാലും പരിഹരിക്കാന്‍ കഴിയില്ലെന്നും എം.ബി.രാജേഷ് പറഞ്ഞു.