വെടിയുണ്ട ചട്ടിയിലിട്ട് വറുത്ത എസ്ഐക്കെതിരെ നടപടിയുണ്ടായേക്കും; 2 ദിവസത്തിനുള്ളിൽ റിപ്പോർട്ട്

Mail This Article
കൊച്ചി ∙ ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാരങ്ങൾക്ക് ആകാശത്തേക്കു വെടിവയ്ക്കാൻ ഉപയോഗിക്കുന്ന ഉണ്ടകൾ (ബ്ലാങ്ക് അമ്യൂണിഷൻ) എസ്ഐ ചട്ടിയിലിട്ടു വറുത്ത സംഭവത്തിൽ നടപടിയുണ്ടായേക്കും. സംഭവത്തിൽ സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ എറണാകുളം എആർ ക്യാപിന്റെ അസി. കമ്മിഷണറിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. 2 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകുമെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാകും നടപടി. എറണാകുളം എആർ ക്യാംപിൽ ഈ മാസം 10നാണ് അടുക്കളയിൽ പൊട്ടിത്തെറിയുണ്ടായത്. ക്യാംപിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസർവ് സബ് ഇൻസ്പെക്ടർ സി.വി. സജീവിനെതിരെയാണ് അന്വേഷണം.
വെടിയുണ്ട വറുത്തെടുത്ത സംഭവം പൊലീസ് ഉദ്യോഗസ്ഥനു സംഭവിച്ച ‘അബദ്ധ’മായാണ് അനൗദ്യോഗിക വിശദീകരണം. വെടിയുണ്ട സൂക്ഷിച്ചിരുന്ന പാത്രത്തിൽ വെള്ളത്തിന്റെ അംശം ഉണ്ടായിരുന്നത് മാറ്റാനായി ചൂടാക്കിയതാണെന്നും അതിനിടയിലാണ് പൊട്ടിത്തെറി സംഭവിച്ചതെന്നും വിശദീകരണത്തിൽ പറയുന്നു. എന്നാൽ സുരക്ഷാ വീഴ്ചയാണ് ഉണ്ടായത് എന്നതിനാൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാതിക്കാൻ കഴിയില്ല എന്നതിനാലാണ് സിറ്റി പൊലീസ് കമ്മിഷണർ റിപ്പോർട്ട് തേടിയിരിക്കുന്നത്.
ഈയിടെ അന്തരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ സംസ്കാരച്ചടങ്ങുകൾക്കായി മാർച്ച് 10ന് ഉണ്ടകൾ എടുത്തപ്പോഴായിരുന്നു പൊട്ടിത്തെറിയുണ്ടാക്കിയ സംഭവം. ആയുധപ്പുരയുടെ (ബെൽ ഓഫ് ആംസ്) ചുമതലയുള്ള ഉദ്യോഗസ്ഥർ ബ്ലാങ്ക് അമ്യൂണിഷൻ വെയിലത്തു വച്ചു ചൂടാക്കിയ ശേഷം വൃത്തിയാക്കിയാണ് സാധാരണ ഉപയോഗിക്കാറുള്ളത്. എന്നാൽ, രാവിലെ സംസ്കാര ചടങ്ങിനു പോകാൻ ആവശ്യപ്പെട്ടപ്പോൾ ഉണ്ടകൾ ക്ലാവു പിടിച്ച് ഉപയോഗശൂന്യമായ നിലയിലാണ് കണ്ടത്. ഉണ്ടകൾ വൃത്തിയാക്കാത്തതിനാലായിരുന്നു ഇത്. ഇതോടെയാണ് ഉണ്ടകൾ പെട്ടെന്നു ചൂടാക്കിയെടുക്കാനായി വറുത്തത് എന്നാണ് കരുതുന്നത്. വെടിമരുന്നിനു തീ പിടിച്ചതോടെ ഉണ്ടകൾ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു.