ലോകത്തിന് മുന്നിൽ ഉയർന്നു നിൽക്കാൻ ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതർക്ക് സാധിക്കണം: ടി.സിദ്ദിഖ്

Mail This Article
കൽപറ്റ ∙ ലോകത്തിന് മുന്നിൽ ഉയർന്നു നിൽക്കാൻ ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതർക്ക് സാധിക്കണമെന്ന് ടി.സിദ്ദിഖ് എംഎൽഎ. ജീവിതം പുനർനിർമിച്ച് മുന്നോട്ടു പോകുന്ന ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി മലയാള മനോരമ ഒരുക്കിയ അതിജീവന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബോംബാക്രമണത്തിൽ തകർന്നുപോയ രാജ്യമാണ് ജപ്പാൻ. എന്നാൽ ഇപ്പോൾ ഏറ്റവും കൂടുതൽ ടെക്കികളുള്ള രാജ്യമായി ജപ്പാൻ മാറി. ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള രാജ്യമാണ് ജപ്പാൻ. അവർ ദുരന്തത്തെ അതിജീവിച്ച് ലോകത്തിന് മുന്നിൽ എഴുന്നേറ്റു നിന്നു. അതുപോലെ ചൂരൽമല–മുണ്ടക്കൈ പ്രദേശത്തെ ആളുകൾക്കും സാധിക്കണം. ദുരന്തമുണ്ടായപ്പോൾ മാധ്യമങ്ങളും സംഘടനകളും സർക്കാരുകളും ഒപ്പം നിൽക്കുന്നു. ആർക്കും രാഷ്ട്രീയമില്ലായിരുന്നു. ആർക്കും മതമില്ലായിരുന്നു. എല്ലാ മതത്തിന്റെയും സങ്കീർത്തനങ്ങൾ പാടിയാണ് മരിച്ചവരെ യാത്രയാക്കിയത്. എല്ലാത്തിനും അതീതമായ ഒരുമയാണ് ഇവിടെയുള്ളവർക്ക്.
പുനരധിവാസവുമായി ബന്ധപ്പെട്ട് ചില പോരായ്മകൾ വന്നിട്ടുണ്ട്. അതു പൂർണമായും പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായി എല്ലാ സമ്മർദവും ചെലുത്തുന്നുണ്ട്. ചൂരൽമലയിലുണ്ടായ ദുരന്തം ലോകത്തെ അറിയിക്കാൻ എല്ലാം മറന്ന് മാധ്യമങ്ങൾ രംഗത്തെത്തി. മാധ്യമ പ്രവർത്തനത്തിന്റെ ധർമ നിർവഹണം അവർ ചെയ്തു. വാർത്തകൾ അറിയിക്കുക മാത്രമല്ല, ദുരന്തബാധിതരുടെ പ്രയാണത്തിൽ ഞങ്ങളും ഒപ്പമുണ്ടെന്ന് പ്രഖ്യാപിക്കുകയാണ് മലയാള മനോരമ ചെയ്യുന്നത്. വിദ്യാർഥികളിലൂടെയും വലിയ മുന്നേറ്റം കൊണ്ടുവരാൻ മനോരമ ശ്രമിക്കുന്നുവെന്നും സിദ്ദിഖ് പറഞ്ഞു.
മുണ്ടക്കൈയിലെയും ചൂരൽമലയിലെയും എല്ലാവരും ചിരിക്കുന്ന കാലമാണ് പ്രതീക്ഷിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ പറഞ്ഞു. അതിജീവനമല്ല, പുതുജീവനമാണ് ഇനി വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഷ്ടപ്പെട്ടത് തിരിച്ചെടുക്കാൻ പറ്റാത്തത് വലിയ വേദനയാണെന്നും ഹൃദയം കൊണ്ട് ശക്തരാകണമെന്നും പ്രചോദന പ്രഭാഷണം നടത്തിയ ഭാരതിയാർ സർവകലാശാല സിൻഡിക്കറ്റ് അംഗം ഡോ.റാഷിദ് ഗസാലി പറഞ്ഞു.
കൽപറ്റ നഗരസഭ അധ്യക്ഷൻ ടി.ജെ.ഐസക്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, മലയാള മനോരമ സീനിയർ കോഓഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ, താജ് മലബാർ ലേണിങ് ആൻഡ് ഡവലപ്മെന്റ് മാനേജർ ആർ.മഹേഷ്, മലയാള മനോരമ സീനിയർ റിപ്പോർട്ടർ ഷിന്റോ ജോസഫ് എന്നിവർ പ്രസംഗിച്ചു. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാൻ, ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി നല്ലപാഠം ക്ലബ്ബുകൾ വഴി മലയാള മനോരമ നടപ്പാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം നടത്തി. അടുത്ത വർഷത്തെ നല്ല പാഠം പ്രവർത്തനങ്ങളിൽ ദുരന്തബാധിതർക്ക് സഹായമെത്തിക്കുന്ന പ്രവർത്തനങ്ങൾ ഈ പദ്ധതിയിലൂടെ നടപ്പാക്കാം.
താജ് വയനാട് റിസോർട്ട് ആന്‍ഡ് സ്പായുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ദുരന്തബാധിതർക്ക് സമ്മാനങ്ങളും അവശ്യസാധനങ്ങൾ സൗജന്യമായി വാങ്ങുന്നതിനുള്ള കൂപ്പണുകളും വിതരണം ചെയ്തു. ബത്തേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായി ശ്രേയസാണ് സമ്മാനം സ്പോൺസർ ചെയ്തത്. ദുരന്തബാധിതർക്കുള്ള സംസ്ഥാന സർക്കാരിന്റെ പുനരധിവാസ ടൗൺഷിപ്പിന് 27ന് കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടുന്നതിന് മുന്നോടിയായാണ് അതിജീവന സംഗമം നടത്തിയത്.