ADVERTISEMENT

മീററ്റ്∙ ഉത്തർപ്രദേശിലെ മീററ്റിലെ ദാരുണ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവ് സൗരഭ് രജ്‌പുത്തിനെ കൊല്ലുന്നതിനു മുന്നോടിയായി ലഹരിമരുന്ന് നൽകി മയക്കാൻ അദ്ദേഹത്തിന്റെ കുറിപ്പടിയിൽ ഭാര്യ കൃത്രിമം കാണിച്ചെന്നു പൊലീസ് കണ്ടെത്തി. സൗരഭിന്റെ ഭാര്യ മുസ്‌കാൻ റസ്‌തോഗി കുറിപ്പടിയിൽ കൃത്രിമം കാണിച്ചാണ് ഉറക്ക ഗുളികകൾ വാങ്ങിയതെന്നു പൊലീസ് പറഞ്ഞു. ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കുന്നതിനു മുൻപായിരുന്നു ഇത്.

അന്വേഷണത്തിന്റെ ഭാഗമായി ഞായറാഴ്ച റെയ്ഡ് ചെയ്തപ്പോഴാണ് ഉഷ മെഡിക്കൽ സ്റ്റോറിൽനിന്നു മുസ്‌കാൻ ഗുളികകൾ വാങ്ങിയതായി കണ്ടെത്തിയത്. ‘‘ഇത്തരം മരുന്നു വാങ്ങാൻ കുറിപ്പടി ആവശ്യമാണോ അതോ കൗണ്ടറിൽ നേരിട്ടു വിൽക്കാൻ കഴിയുമോ എന്നു പരിശോധിക്കുകയാണ്. കഴിഞ്ഞ 2 വർഷത്തെ എല്ലാ വിൽപനകളും പരിശോധിക്കും. എന്തെങ്കിലും ലംഘനങ്ങൾ ഉണ്ടായാൽ കേസ് ഫയൽ ചെയ്യും, കടയുടെ ലൈസൻസ് റദ്ദാക്കും. ഉറക്ക ഗുളികകൾ പോലുള്ള വിഷാദരോഗ മരുന്നുകൾ കുറിപ്പടി അടിസ്ഥാനത്തിലാണു വിൽക്കുന്നത്, മെഡിക്കൽ സ്റ്റോറുകൾ അത്തരം വിൽപ്പനയുടെ രേഖ സൂക്ഷിക്കേണ്ടതുണ്ട്’’– മീററ്റ് ഡ്രഗ് ഇൻസ്പെക്ടർ പിയൂഷ് ശർമ പറഞ്ഞു.

LISTEN ON

കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകൾ വിൽക്കാറില്ലെന്നു മെഡിക്കൽ സ്റ്റോർ ഉടമ പ്രതികരിച്ചു. മാർച്ച് നാലിനാണു മുസ്‌കാനും കാമുകനായ സാഹിൽ ശുക്ലയും ചേർന്നു സൗരഭ് രജ്പുത്തിനെ കുത്തിക്കൊന്നത്. മൃതദേഹം കഷ്ണങ്ങളാക്കി ഡ്രമ്മിനുള്ളിൽ സിമന്റ് ഉപയോഗിച്ച് അടച്ചു. മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് കൊല്ലപ്പെടുന്നതിനു മുൻപു ലഹരിമരുന്ന് കൊടുത്തിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. കുറ്റകൃത്യത്തിനു ശേഷം മുസ്കാനും സാഹിലും ഹിമാചൽ പ്രദേശിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോയി. സൗരഭിന്റെ ഫോണിൽനിന്നു സന്ദേശങ്ങൾ അയച്ച് അദ്ദേഹത്തിന്റെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.

മാർച്ച് 18ന് മുസ്കാൻ അമ്മയോടു കുറ്റസമ്മതം നടത്തിയതോടെയാണു കൊലപാതക വിവരം പുറത്തുവന്നത്. ഇക്കാര്യം പൊലീസിൽ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ മുസ്കാനും സാഹിലും അറസ്റ്റിലായി. സൗരഭിന്റെ ഹൃദയത്തിൽ 3 തവണ ആഴത്തിൽ കുത്തേറ്റതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. സൗരഭിന്റെ തല ശരീരത്തിൽനിന്ന് വേർപെട്ട നിലയിലും, കൈകൾ കൈത്തണ്ടയിൽനിന്ന് മുറിച്ചുമാറ്റിയ നിലയിലും, കാലുകൾ പിന്നിലേക്ക് വളഞ്ഞ നിലയിലും ആയിരുന്നു. കുടുംബത്തിന്റെ എതിർപ്പിനെ അവഗണിച്ച് 2016ലാണ് സൗരഭും മുസ്‌കാനും വിവാഹിതരായത്. ഇവർക്ക് ആറ് വയസ്സുള്ള മകളുണ്ട്.

സ്‌കൂൾ കാലം മുതൽ മുസ്‌കാനും സാഹിലും പരിചയമുണ്ടെന്നും 2019ൽ വാട്സാപ് ഗ്രൂപ്പ് വഴി വീണ്ടും ബന്ധപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു. മുസ്‌കാന്റെ കുടുംബം കേസ് വാദിക്കാൻ വിസമ്മതിച്ചു. തന്റെ കേസ് വാദിക്കാൻ സർക്കാർ അഭിഭാഷകനെ മുസ്‌കാൻ ആവശ്യപ്പെട്ടെന്നു സീനിയർ ജയിൽ സൂപ്രണ്ട് വീരേഷ് രാജ് ശർമ പറഞ്ഞു. മുസ്‌കാന്റെ കാമുകന്‍ സാഹില്‍ ഇതുവരെ സര്‍ക്കാര്‍ അഭിഭാഷകനെ ആവശ്യപ്പെട്ടിട്ടില്ല. 2 പ്രതികളും ജയിലിൽ ഒരുമിച്ച് താമസിക്കാൻ ആഗ്രഹിച്ചെങ്കിലും അത് സാധ്യമല്ലെന്നു പറഞ്ഞതായും ഉദ്യോഗസ്ഥൻ പറഞ്ഞു.

English Summary:

Meerut Woman Changed Husband's Prescription To Drug Him Before Murder: Officials

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com