അണ്ണാഡിഎംകെയ്ക്കു താൽപര്യമില്ല, അണ്ണാമലൈയെ മാറ്റാൻ ബിജെപി; പരിഗണനയിൽ 2 പേരുകൾ

Mail This Article
ചെന്നൈ ∙ സംസ്ഥാന ബിജെപിയെ നയിക്കാൻ പുതിയ അധ്യക്ഷനെ നിയമിക്കാൻ ദേശീയ നേതൃത്വം തീരുമാനിച്ചതായി സൂചന. കെ.അണ്ണാമലൈ തുടരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ വിവരം. സഖ്യം പുനഃസ്ഥാപിക്കുന്നതിന് അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമി ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണു നീക്കം വേഗത്തിലായതെന്നാണു വിവരം.
അണ്ണാഡിഎംകെയ്ക്കു കൂടി താൽപര്യമുള്ള നേതാവിനെയാകും നിയമിക്കുക. ബിജെപി നിയമസഭാകക്ഷി നേതാവ് നൈനാർ നാഗേന്ദ്രൻ, മുൻ സംസ്ഥാന അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ എൽ. മുരുകൻ എന്നീ പേരുകൾക്കാണു മുൻതൂക്കം. 8നു ശേഷം പ്രഖ്യാപനമുണ്ടായേക്കും.
ജാതി സമവാക്യങ്ങൾ കൂടി പരിഗണിച്ചാണു നാഗേന്ദ്രനു കൂടുതൽ സാധ്യത കൽപിക്കുന്നത്. തെക്കൻ തമിഴ്നാട്ടിലെ ജനങ്ങൾക്കിടയിലെ സ്വാധീനവും തേവർ വോട്ടുകളെ ആകർഷിക്കാനുള്ള കഴിവും തുണച്ചേക്കും.
അതേസമയം, ദലിത് വോട്ടുകളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണു തീരുമാനമെങ്കിൽ എൽ.മുരുകനാകും നറുക്ക് വീഴുക. വനിതാ നേതൃത്വത്തിനാണു തീരുമാനമെങ്കിൽ വാനതി ശ്രീനിവാസൻ, തമിഴിസൈ സൗന്ദരരാജൻ എന്നിവർക്കും സാധ്യതയുണ്ട്. അണ്ണാമലൈക്ക് ഒരവസരം കൂടി നൽകണമെന്ന് അനുകൂലികൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും അണ്ണാഡിഎംകെയുമായുള്ള സഖ്യം പുനഃസ്ഥാപിക്കണമെങ്കിൽ അദ്ദേഹത്തെ മാറ്റാതെ വഴിയില്ലെന്ന് ദേശീയ നേതൃത്വത്തിനു ബോധ്യമുണ്ട്.
അണ്ണാമലൈയുമായി ഇടഞ്ഞാണ് അണ്ണാഡിഎംകെ നേരത്തേ എൻഡിഎ വിട്ടത്. എടപ്പാടിയും അണ്ണാമലൈയും തുടർന്നും പല തവണ കൊമ്പുകോർത്തിരുന്നു. ഡിഎംകെയും ബിജെപിയും തമ്മിലാണു സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടമെന്ന് അണ്ണാമലൈ ആവർത്തിച്ചതും അണ്ണാഡിഎംകെയുമായുള്ള അകലം വർധിപ്പിച്ചു.
എടപ്പാടിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ അണ്ണാമലൈയെയും അമിത് ഷാ ഡൽഹിക്കു വിളിപ്പിച്ചിരുന്നു. പാർട്ടിക്കു വേണ്ടി ഏതു വിധത്തിലും പ്രവർത്തിക്കാൻ തയാറാണെന്നും പദവിയല്ല മുഖ്യമെന്നും അണ്ണാമലൈ അറിയിച്ചതായാണു വിവരം. അതേസമയം, അണ്ണാമലൈക്കു ദേശീയ രാഷ്ട്രീയത്തിൽ ചുമതല നൽകുമെന്നും സൂചനയുണ്ട്.