യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൃത്രിമം: ട്രംപിന്റെ ആരോപണം തള്ളി ഇവാൻക
Mail This Article
വാഷിങ്ടൻ ∙ 2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതുകൊണ്ടാണ് താൻ പരാജയപ്പെട്ടതെന്ന മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോപണം തള്ളിക്കളയുന്നതായി മകളും ഉപദേശകയുമായ ഇവാൻക ട്രംപ് കോൺഗ്രസ് കമ്മിറ്റിക്കു മൊഴി നൽകി. ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് അറ്റോർണി ജനറൽ വില്യം ബർ കണ്ടെത്തിയതിനോടു പൂർണമായി യോജിക്കുന്നതായും 2021 ജനുവരി 6ന് ക്യാപ്പിറ്റൽ ഹില്ലിൽ നടന്ന കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന സമിതി മുൻപാകെ ഇവാൻക വ്യക്തമാക്കി. ട്രംപിന്റെ ആഹ്വാനത്തെ തുടർന്നായിരുന്നു കലാപം. ഇവാൻകയുടെ ഭർത്താവും ട്രംപ് ഭരണകാലത്ത് ഉപദേശകനുമായിരുന്ന ജറാഡ് കുഷ്നർ, അറ്റോർണി ജനറൽ വില്യം ബർ, പ്രചാരണ വക്താവ് ജയ്സൻ മില്ലർ എന്നിവരും ട്രംപിന്റെ ആരോപണം നിഷേധിച്ചിരുന്നു.
ക്യാപ്പിറ്റൽ കലാപത്തിൽ തലയ്ക്കു സാരമായ പരുക്കേറ്റ പൊലീസ് ഓഫിസർ കാരലിൻ എഡ്വേഡ്സ്, തീവ്രവലതുപക്ഷ ‘പ്രൗഡ് ബോയ്സി’ന്റെ അക്രമ വിഡിയോ എടുത്ത സിനിമ നിർമാതാവ് നിക്ക് ക്വസ്റ്റഡ് എന്നിവരും മൊഴി നൽകി. ക്രമക്കേട് ആരോപണത്തിൽ നിന്ന് ട്രംപ് ഇതുവരെ പിൻവാങ്ങിയിട്ടില്ല. റിപ്പബ്ലിക്കൻ പാർട്ടിയിലെ 58% പേരും ഇപ്പോഴും ഇതു വിശ്വസിക്കുന്നതായി ഈയിടെ നടന്ന ഒരു സർവേയിലും കണ്ടെത്തിയിരുന്നു.
English Summary: Ivanka Trump denies Donald trump's statement regarding malpractice in US president election