സ്പേസ്എക്സ് ഡ്രാഗൺ വിക്ഷേപണം വിജയകരം; സുനിതയുടെ മടക്കം 19ന്

Mail This Article
ന്യൂയോർക്ക് ∙ 9 മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന നാസയുടെ സുനിത വില്യംസിനും ബുച്ച് വിൽമോറിനും മടക്കയാത്രയ്ക്കു വഴിയൊരുങ്ങി. ഇവരെ തിരിച്ചെത്തിക്കുന്നതിനു നാസയും സ്പേസ്എക്സും ചേർന്ന് ക്രൂ10 ദൗത്യസംഘത്തെ വിജയകരമായി വിക്ഷേപിച്ചു. ഫാൽക്കൺ 9 റോക്കറ്റിന്റെ സാങ്കേതികത്തകരാർ കാരണം കഴിഞ്ഞദിവസം വിക്ഷേപണം മാറ്റിവച്ചിരുന്നു.
നാസയുടെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് ഇന്ത്യൻസമയം പുലർച്ചെ 4.33നു വിക്ഷേപിച്ച സ്പേസ്എക്സ് ഡ്രാഗൺ പേടകത്തിൽ 4 യാത്രക്കാരാണുള്ളത്. ഇവർ നിലയത്തിലെത്തിയാൽ സുനിതയുടെയും വിൽമോറിന്റെയും മടക്കയാത്രയ്ക്കുള്ള ഒരുക്കം ആരംഭിക്കും. ഇരുവരെയും 19നു തിരിച്ചെത്തിക്കാനാകുമെന്നാണു പ്രതീക്ഷ. ഇവർക്കൊപ്പം യുഎസിന്റെ നിക് ഹേഗ്, റഷ്യയുടെ അലക്സാണ്ടർ ഗോർബുനോവ് എന്നീ യാത്രികരും തിരികെയെത്തും. 10 ദിവസത്തെ ദൗത്യത്തിനായി 2024 ജൂൺ 5ന് ആണ് സുനിതയും ബുച്ച് വിൽമോറും നിലയത്തിലെത്തിയത്. ഇവരെത്തിയ ബോയിങ് സ്റ്റാർലൈനർ പേടകത്തിനു തകരാർ സംഭവച്ചതിനാലാണു മടക്കയാത്ര നീണ്ടത്.